EP Jayajaran | ആകാശ് തില്ലങ്കേരിയെ തള്ളി പറഞ്ഞ് ഇപി ജയരാജനും; വിഷയം പാര്‍ടി ഗൗരവകരമായി കാണണമെന്ന് മുന്നറിയിപ്പ്

 





കണ്ണൂര്‍: (www.kvartha.com) ആകാശ് തില്ലങ്കേരി വിഷയത്തില്‍ പരസ്യമായി പ്രതികരിച്ച് സി പി എം കേന്ദ്ര കമിറ്റിയംഗവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍. പി ജയരാജനുമായി ഒരു പ്രശ്‌നവുമില്ലെന്ന് പറയുന്ന ഇ പി ജയരാജന്‍ ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പിജെയെ ലക്ഷ്യമാക്കി പരോക്ഷ വിമര്‍ശനം ഉന്നയിക്കുന്നുമുണ്ട്. 

ആകാശ് തില്ലങ്കേരി വിഷയം പാര്‍ടി ഗൗരവകരമായി കാണേണ്ടതാണെന്നാണ് ഇപി തന്റെ അഭിമുഖത്തില്‍ ചൂണ്ടികാട്ടുന്നത്. പണ്ട് പാര്‍ടി ഓഫിസിന്റെ വളപ്പില്‍ പോലും കയറ്റാത്തവരാണ് ഇന്ന് ചെ ഗുവേരയുടെയും മറ്റും ചിത്രംവെച്ച് ആളായി നടക്കുന്നതെന്നും ഇപി ജയരാജന്‍ ചൂണ്ടികാട്ടി. പി ജയരാജന്‍ പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രടറിയായിരുന്ന കാലത്താണ് ആകാശ് തില്ലങ്കേരി ഉള്‍പെടെയുള്ള സൈബര്‍ പോരാളികള്‍ക്ക് വെള്ളവും വളവും കൊടുത്തു വളര്‍ത്തിയതെന്ന പരോക്ഷ വിമര്‍ശനമാണ് ഇതുവരെ ഈ കാര്യത്തില്‍ പ്രതികരിക്കാത്ത ഇ പി ജയരാജന്‍ വിവാദങ്ങളുടെ കാറ്റും പൊടിയും അടങ്ങിയപ്പോള്‍ ഉയര്‍ത്തി കൊണ്ടുവരുന്നത്. 

എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാത്തതിനെ ചൊല്ലി വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനെയും ഇ പി പ്രതിരോധിച്ചുകൊണ്ട് സ്വന്തം നിലപാട് വ്യക്തമാക്കി. എല്‍ ഡി എഫ് കണ്‍വീനറെന്ന നിലയില്‍ ഇ പിക്ക് സംസ്ഥാനത്തിന്റെ എവിടെ നിന്നും ജാഥയില്‍ പങ്കെടുക്കാമെന്ന് എം വി ഗോവിന്ദന്‍ മാധ്യമ പ്രവര്‍ത്തകരോട് പറയുമ്പോള്‍, ജാഥയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഇതിനെ തള്ളി പറഞ്ഞുകൊണ്ട് ഇ പി ജയരാജന്‍ പ്രതികരിച്ചത്.

തനിക്കെതിരെ ചില ഗൂഢശക്തികള്‍ രാഷ്ട്രീയമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന വളരെ ഗൗരവകരമായ ആരോപണവും ഇ പി ജയരാജന്‍ അഭിമുഖത്തില്‍ ഉന്നയിക്കുന്നുണ്ട്. അവര്‍ മാധ്യമങ്ങളെ കൃത്യമായി ഉപയോഗിക്കുന്നത് എനിക്കറിയാം. കുറച്ചു കാലമായി ഈ കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. ഇന്ന് അതിനെ എതിര്‍ക്കാന്‍ താന്‍ അശക്തനാണെന്നും ആരോഗ്യപ്രശ്‌നമുണ്ടെന്നും ജയരാജന്‍ വ്യക്തമാക്കി. 

ഇത്തരം കളികള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമായി എനിക്കറിയാം. തിരുവനന്തപുരത്തുനിന്നാണ് വാര്‍ത്ത തയ്യാറാക്കി കൊടുക്കുന്നത്. അക്കാര്യം ഇപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. പറയേണ്ട സമയത്ത് പറയും. കുറച്ചു കാലമായി ഇതു തുടരുന്നു. ഈ കാര്യം പാര്‍ടിക്കുള്ളില്‍ പറയും. പുറത്തു പറയേണ്ടത് പുറത്തു പറയുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. 

EP Jayajaran | ആകാശ് തില്ലങ്കേരിയെ തള്ളി പറഞ്ഞ് ഇപി ജയരാജനും; വിഷയം പാര്‍ടി ഗൗരവകരമായി കാണണമെന്ന് മുന്നറിയിപ്പ്


കൊച്ചിയിലെ ആദരിക്കല്‍ വിവാദവും തനിക്കെതിരെ സൃഷ്ടിച്ചതാണ്. ഇതു വാര്‍ത്തയാക്കിയതിന് പിന്നിലും ചിലരുടെ കളികളുണ്ട്. ടൂറിസ്റ്റ് വികസന ലക്ഷ്യത്തിന്റെ ഭാഗമായാണ് ആന്തുരില്‍ റിസോര്‍ട് തുടങ്ങിയത്. ഇതില്‍ പലരും സഹകരിച്ചു. തനിക്ക് വ്യക്തിപരമായി അതില്‍ നിക്ഷേപമില്ല. പക്ഷെ ഷെയര്‍ ഹോള്‍ഡറായി മകനുണ്ട്. ഭാര്യ റിടയര്‍ ചെയ്തപ്പോള്‍ അവന്റെ ഷെയര്‍ അവര്‍ക്ക് കൈമാറി. ഈ സ്ഥാപനം തട്ടിപ്പിലൂടെ സ്വന്തമാക്കാന്‍ ശ്രമിച്ച ആള്‍ക്കെതിരെ കംപനി നടപടി തുടങ്ങിയപ്പോള്‍ അയാള്‍ നേരെ പോയത് നേരത്തെ പറഞ്ഞ ഗൂഡാലോചനക്കാരുടെ അടുത്തേക്കാണ്. അതാണ് വിവാദമായി പൊട്ടിമുളച്ചത്. പാര്‍ടി ഈ കാര്യം ചര്‍ച ചെയ്തിട്ടില്ലെന്ന് ഇ പി ജയരാജന്‍ വ്യക്തമാക്കി. 

സിനിയോറിറ്റി മറികടന്ന് എം വി ഗോവിന്ദനെ സംസ്ഥാന സെക്രടറിയാക്കിയതോടെ കഴിഞ്ഞ കുറെക്കാലമായി ഇപി ജയരാജന്‍ പാര്‍ടിയുമായി അകല്‍ച്ചയിലാണ്. ഈ സാഹചര്യത്തിലാണ് ഇതുവരെ നിശബ്ദനായിരുന്ന ഇ പി ഇപ്പോള്‍ പ്രതികരണവുമായി രംഗത്തുവന്നത്.

Keywords:  News,Kerala,State,Kannur,E.P Jayarajan,P Jayarajan,Politics,party,Political party,Controversy,Trending,Top-Headlines, EP Jayajaran denied Akash Tillankeri
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia