കണ്ണൂര്‍: (www.kvartha.com) ഗതാഗത മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമിറ്റിയുടെ റിപോര്‍ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് ബസ് ഉടമസ്ഥ സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ബസുടമകള്‍ 28ന് രാവിലെ 10മണിക്ക് കലക്ടറേറ്റിന് മുന്‍പില്‍ ധര്‍ണ നടത്തും. മേയര്‍ ടിഒ മോഹനന്‍ ഉദ്ഘാടനം ചെയ്യും.
വിദ്യാര്‍ഥികളുടെ ടികറ്റ് നിരക്ക് വര്‍ധിപ്പിക്കുകയും കണ്‍സെഷന്‍ മാനദണ്ഡം നിശ്ചയിക്കുകയും ചെയ്യുക, സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ ദൂരപരിധി നോക്കാതെ യഥാസമയം പുതുക്കി നല്‍കുക, പൊതുഗതാഗത സംരക്ഷണത്തിന് ഗതാഗതനയം രൂപീകരിക്കുക, ബസുകള്‍ക്ക് കാമറ സര്‍കാര്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തില്‍ ഉന്നയിക്കും. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് മിനിമം അഞ്ചുരൂപയാക്കി വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരം തുടങ്ങും.
ബജറ്റില്‍ റോഡ് നികുതി 10 ശതമാനം കുറച്ചത് ആശ്വാസമാണെങ്കിലും ഇന്ധനസെസ് വര്‍ധിപ്പിച്ചത് അതിന്റെ ഉപകാരം ഇല്ലാതാക്കിയെന്നും ഫലത്തില്‍ 23 രൂപ തന്നിട്ട് 160 രൂപ സര്‍കാര്‍ ബസുടമകളില്‍ നിന്ന് വസൂലാക്കുകയാണ് ചെയ്തതെന്നും ജില്ലാ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പിപി മോഹനന്‍, രാജ്കുമാര്‍ കരുവാരത്ത്, പി രാജന്‍, കെപി മുരളീധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Keywords: Owners say bus strike in April, Kannur, News, Press meet, Bus, Strike, Students, Kerala.