Follow KVARTHA on Google news Follow Us!
ad

LIFE Mission case | നിയമസഭയില്‍ വീണ്ടും മാത്യു കുഴല്‍നാടനും മുഖ്യമന്ത്രിയും തമ്മില്‍ ചൂടേറിയ വാക് പോര്; യുഎഇ കോണ്‍സുലേറ്റ് ജെനറലും ശിവശങ്കറും സ്വപ്നയും ക്ലിഫ് ഹൗസില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന ഇഡി റിമാന്‍ഡ് റിപോര്‍ട് നിഷേധിക്കുമോയെന്ന് എംഎല്‍എ; പച്ചക്കള്ളമെന്ന് പിണറായി വിജയന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Assembly,Chief Minister,Pinarayi-Vijayan,Kerala,
തിരുവനന്തപുരം: (www.kvartha.com) വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ് ളാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയില്‍ ഭരണപ്രതിപക്ഷ ബഹളം. ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റാണ് ഇരുവിഭാഗങ്ങളും ബഹളം വച്ചത്. യുഎഇ കോണ്‍സുലേറ്റ് ജെനറലും ശിവശങ്കറും സ്വപ്നയും ക്ലിഫ് ഹൗസില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ഇഡിയുടെ റിമാന്‍ഡ് റിപോര്‍ടെന്നും മുഖ്യമന്ത്രി ഇക്കാര്യം നിഷേധിക്കുമോയെന്നുമായിരുന്നു അടിയന്തര പ്രമേയ ചര്‍ചയ്ക്കിടെ മാത്യു കുഴല്‍നാടന്‍ ചോദിച്ചത്. ഇത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു.

Oppn moves adjournment motion in assembly, questions CM's role in LIFE Mission case, Thiruvananthapuram, News, Politics, Assembly, Chief Minister, Pinarayi-Vijayan, Kerala

പച്ചക്കള്ളമാണെന്നും എന്നെ ആരും കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കിയത്. ഇതോടെ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഇരിപ്പടത്തില്‍നിന്ന് എഴുന്നേറ്റ് ബഹളമുണ്ടാക്കുകയും തുടര്‍ന്ന് സഭ അല്‍പനേരത്തേക്ക് പിരിയുകയും ചെയ്തു. ലൈഫ് മിഷന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ഫ് ളാറ്റിന്റെ മറവില്‍ കോടികളുടെ ക്രമക്കേട് നടന്നതും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപല്‍ സെക്രടറി എംശിവശങ്കര്‍ അറസ്റ്റിലായതും സംബന്ധിച്ചായിരുന്നു മാത്യു കുഴല്‍നാടന്റെ അടിയന്തര പ്രമേയം.

ശിവശങ്കറിന് സ്വപ്ന സുരേഷ് അയച്ച വാട്‌സ് ആപ് ചാറ്റ് പുറത്തു വന്നിട്ടുണ്ടെന്നും, യുഎഇ കോണ്‍സുലേറ്റിന് റെഡ് ക്രസന്റുമായി കരാറില്‍ ഏര്‍പ്പെടാന്‍ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിത്തരണമെന്നുമാണ് ചാറ്റില്‍ പറയുന്നതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

പദ്ധതിക്കായി മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രടറി സിഎം രവീന്ദ്രനെ വിളിക്കാനാണ് ശിവശങ്കര്‍ സ്വപ്നയോട് പറയുന്നത്. തെറ്റാണെങ്കില്‍ നിഷേധിക്കാനുള്ള തന്റേടം മുഖ്യമന്ത്രി കാണിക്കണമെന്നും കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. സര്‍കാര്‍ പല ആവര്‍ത്തി നിഷേധിച്ച കാര്യങ്ങള്‍ പുറത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

2019 ജൂലൈയിലെ ഇഡി റിമാന്‍ഡ് റിപോര്‍ടില്‍ കോണ്‍സുലേറ്റ് ജെനറലും ശിവശങ്കറും സ്വപ്നയും മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസില്‍ ചര്‍ച നടത്തിയെന്ന് പറയുന്നുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പച്ചക്കള്ളമാണ് മാത്യു കുഴല്‍നാടന്‍ പറയുന്നതെന്നും താന്‍ ആരെയും കണ്ടില്ലെന്നും ആരുമായും സംസാരിച്ചില്ലെന്നും ഇതിന് മുഖ്യമന്ത്രി ക്ഷുഭിതനായി മറുപടി നല്‍കി.

റിമാന്‍ഡ് റിപോര്‍ടിനെതിരെ കോടതിയില്‍ പോകാന്‍ തയാറുണ്ടോയെന്നും ആരോപണം നിഷേധിക്കുന്നുണ്ടോ എന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു. അതിന് ഏജന്‍സിയുടെ വക്കാലത്തുമായാണ് വന്നതെങ്കില്‍ അങ്ങനെ കാണണം. സഭയില്‍ പറയാന്‍ ആര്‍ജവമുണ്ട്. അതിനു കോടതിയില്‍ പോകേണ്ടതില്ല എന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.

ഇത് താന്‍ എഴുതിയ തിരക്കഥയല്ലെന്നും അന്വേഷണ ഏജന്‍സി കോടതിയില്‍ കൊടുത്ത റിമാന്‍ഡ് റിപോര്‍ടാണെന്നുമായിരുന്നു മാത്യു കുഴല്‍നാടന്റെ മറുപടി. കൂടിക്കാഴ്ച നടന്നിട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കണമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇപ്പോള്‍ സര്‍കാര്‍ സംവിധാനം ഉണ്ടെന്നും മാത്യു കുഴല്‍നാടന്റെ ഉപദേശം ഇപ്പോള്‍ വേണ്ട എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സ്വപ്നയ്ക്ക് ജോലി ശരിയാക്കി കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശിവശങ്കര്‍ ചാറ്റില്‍ പറഞ്ഞത് മുഖ്യമന്ത്രി നിഷേധിക്കുമോയെന്ന മാത്യു കുഴല്‍നാടന്റെ ചോദ്യത്തോട് സര്‍കാരിന് സ്വപ്നയുടെ നിയമനത്തെക്കുറിച്ച് അറിയില്ലെന്നും കാര്യങ്ങളറിയാതെയാണ് മാത്യു കുഴല്‍നാടന്‍ സംസാരിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

നേരത്തെ മുഖ്യമന്ത്രിയും മാത്യു കുഴല്‍നാടനും തമ്മില്‍ വീണാ വിജയന്റെ മെന്റര്‍ പരാമര്‍ശത്തെ കുറിച്ച് പറഞ്ഞും നിയമസഭയില്‍ വാക് പോര് നടന്നിരുന്നു. ഇത് മൂന്നാം തവണയാണ് ഇരുവരും തമ്മിലുള്ള പോര് നടക്കുന്നത്.

രേഖകളുണ്ടെങ്കില്‍ മാത്യു കുഴല്‍നാടന്‍ മേശപ്പുറത്ത് വയ്ക്കണമെന്ന് നിയമന്ത്രി പി രാജീവ് പറഞ്ഞു. രേഖകളുടെ ആധികാരികത ഉറപ്പുവരുത്തണം. ഇഡിയുടെ വകീലാണെങ്കില്‍ കോടതിയില്‍ വാദിക്കണമെന്നും പി രാജീവ് പറഞ്ഞു. റിമാന്‍ഡ് റിപോര്‍ട് മേശപ്പുറത്തുവയ്ക്കാമെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

3,28,315 വീടുകള്‍ ലൈഫ് പദ്ധതി വഴി പൂര്‍ത്തീകരിച്ചതായി മന്ത്രി എം ബി രാജേഷ് അടിയന്തര പ്രമേയ നോടിസിനു മറുപടിയായി പറഞ്ഞു. 13132.6 കോടി രൂപ ചിലവഴിച്ചു. പദ്ധതിയെ തകര്‍ക്കാന്‍ ചിലര്‍ നിരന്തരം ശ്രമിക്കുന്നു. പദ്ധതിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ചിലര്‍ക്ക് താല്‍പര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

Keywords: Oppn moves adjournment motion in assembly, questions CM's role in LIFE Mission case, Thiruvananthapuram, News, Politics, Assembly, Chief Minister, Pinarayi-Vijayan, Kerala.

Post a Comment