തിരുവനന്തപുരം: (www.kvartha.com) തനിക്കു മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണു കുടുംബവും പാര്‍ടിയും നല്‍കുന്നതെന്നു വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഞായറാഴ്ച രാത്രി ഏഴരയോടെ മകന്‍ ചാണ്ടി ഉമ്മന്റെ ഫേസ്ബുക് പേജിലെ ലൈവ് വീഡിയോയിലൂടെയാണ് ഇത്തരമൊരു അഭിപ്രായ പ്രകടനവുമായി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയത്. അപ്പയുടെ ചികിത്സയെക്കുറിച്ച് അദ്ദേഹം തന്നെ പറയും എന്നു ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയ ശേഷമാണ് ഉമ്മന്‍ ചാണ്ടി സംസാരിച്ചത്.
യാതൊരു വീഴ്ചയും ഇല്ലാത്ത വിധത്തില്‍ ഏറ്റവും വിദഗ്ധമായ ചികിത്സയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചികിത്സയില്‍ താന്‍ പൂര്‍ണസംതൃപ്തനാണ്. പാര്‍ടി എല്ലാവിധത്തിലുള്ള സഹായവും ചെയ്തു തന്നിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു പ്രസ്താവനയ്ക്ക് ഇടയായ സാഹചര്യം എന്നെ മുറിപ്പെടുത്തുന്നു. ഇത്തരമൊരു സാഹചര്യം എങ്ങനെയാണ് ഉണ്ടായതെന്ന കാര്യത്തെ കുറിച്ച് അന്വേഷിക്കുമെന്നും വിശദവിവരങ്ങള്‍ അറിയിക്കുമെന്നും നേര്‍ത്ത ശബ്ദത്തില്‍ ഉമ്മന്‍ ചാണ്ടി വീഡിയോയില്‍ പറഞ്ഞു.
ഖേദകരമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മാധ്യമങ്ങളും സമൂഹവുമാണ് ഇതിനു കാരണക്കാരെന്നും ചാണ്ടി ഉമ്മന്‍ വീഡിയോയില്‍ പറഞ്ഞു. ഇത്ര വലിയ ക്രൂരത ചെയ്യാന്‍ എന്താണ് ഞാന്‍ ചെയ്ത തെറ്റ്? കേരള സമൂഹത്തില്‍ മറ്റൊരു മകനും ഈ ഗതികേട് ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ചാണ്ടി ഉമ്മനു പുറമേ ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ, ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരെയും വീഡിയോയില്‍ കാണാം.
Keywords: Oommen Chandy says party and family are giving him better treatment, Thiruvananthapuram, News, Facebook, Oommen Chandy, Hospital, Treatment, Politics, Kerala.