ഇടുക്കി: (www.kvartha.com) തൊടുപുഴയില്‍ വിഷം അകത്ത് ചെന്ന നിലയില്‍ കണ്ടെത്തിയ മൂന്നംഗ കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു. ആന്റണി - ജെസി ദമ്പതികളുടെ മകള്‍ സില്‍നയാണ് മരിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ആന്റണിയും ജെസിയും മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന സില്‍ന വെന്റിലേറ്ററില്‍ തുടരുകയായിരുന്നുവെങ്കിലും രാവിലെയോടെ മരണത്തിന് കീഴടങ്ങി.
തിങ്കളാഴ്ച രാത്രിയോടെയാണ് മൂവരെയും വിഷം അകത്ത് ചെന്ന് അതീവ ഗുരുതരാവസ്ഥയില്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുന്നത്. എത്തിച്ചപ്പോഴേക്കും വിഷം കഴിച്ച് ഒരുമണിക്കൂര്‍ കഴിഞ്ഞിരുന്നുവെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചു. തുടര്‍ന്ന് അതീവ ഗുരതരാവസ്ഥയിലായിരുന്ന മൂവരെയും അപ്പോള്‍തന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.
ഇവരില്‍ ആന്റണിയുടെ ഭാര്യ ജെസ്സി അടുത്ത ദിവസം തന്നെ മരണത്തിന് കീഴടങ്ങി ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചായിരുന്നു മരണം. വ്യാഴാഴ്ച ആന്റണിയും മരണത്തിന് കീഴടങ്ങി.
കടബാധ്യതയെ തുടര്‍ന്നാണ് കുടുംബം ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കടബാധ്യത എങ്ങനെയുണ്ടായി പലിശക്കാരുടെ ഭീക്ഷണിയുണ്ടായിരുന്നോ എന്നൊക്കെയാണ് പോലീസ് അന്വേഷിക്കുന്നത്.
തൊടുപുഴ ഗാന്ധി സ്‌ക്വയറിനടുത്ത് ബേകറി നടത്തുന്നയാളാണ് ആന്റണി. ഇദ്ദേഹത്തിന് 10 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നുവെന്ന് ബേകറിയിലെ തൊഴിലാളികളും നാട്ടുകാരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ബാങ്കുകളില്‍ നിന്നും ജപ്തി ഭീഷണിയൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
Keywords: News,Kerala,State,Idukki,Suicide,Police,Case,Investigates,Local-News,hospital,Treatment, One more death in Thodupuzha suicide case