Allegation | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങളിലുള്ള ഇന്‍ഡ്യ ഇതല്ല; ബന്ധിയാക്കിയെന്ന ആരോപണം ഉന്നയിച്ചതിനെ പിന്നാലെ ഗോവയിലുള്ള ഭൂമിയും വീടും ഉപേക്ഷിക്കുകയാണെന്ന് ഫ്രഞ്ച് നടി മരിയന്‍ ബോര്‍ഗോ
Feb 3, 2023, 18:44 IST
പനജി: (www.kvartha.com) ഗോവയില്‍ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലുള്ള ഭൂമിയും വീടും ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കി ഫ്രഞ്ച് നടി മരിയന്‍ ബോര്‍ഗോ. വസ്തു തര്‍ക്കത്തെ തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് തന്നെ ബന്ധിയാക്കിയെന്ന് നേരത്തെ എഴുപത്തഞ്ചുകാരിയായ മരിയന്‍ ബോര്‍ഗോ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീട് ഉപേക്ഷിക്കുന്നുവെന്ന വിവരം അവര്‍ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങളിലുള്ള ഇന്‍ഡ്യ ഇതല്ലെന്നും അവര്‍ വിമര്‍ശിച്ചു.
ഉത്തര ഗോവയില്‍ കലന്‍ഗൂട് ബീചിനു സമീപം മരിയന്‍ ബോര്‍ഗോ വാങ്ങിയ വീടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് തന്നെ ബന്ധിയാക്കിയതെന്നാണ് നടിയുടെ ആരോപണം. ഗോവന്‍ തലസ്ഥാനമായ പനജിക്കു സമീപമുള്ള വിനോദസഞ്ചാര കേന്ദ്രമാണ് കലന്‍ഗൂട്. 2008ല്‍ ഇവിടെ താന്‍ വാങ്ങിയ വീട്ടില്‍ ഒരുകൂട്ടം ആളുകള്‍ തന്നെ ബന്ധിയാക്കിയെന്ന ആരോപണം കഴിഞ്ഞയാഴ്ചയാണ് ഇവര്‍ ഉന്നയിച്ചത്. വീടിന്റെ മുന്‍ ഉടമയുടെ ഭാര്യയാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.
താന്‍ വാങ്ങിയ വീടിന്‍മേല്‍ വ്യാജ ഉടമസ്ഥാവകാശം ഉന്നയിക്കുന്ന ആളുകള്‍ ചേര്‍ന്ന് വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും കുടിവെള്ള വിതരണവും തടസ്സപ്പെടുത്തിയതായും താന്‍ ഇപ്പോള്‍ ഇരുട്ടിലാണെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു.
'മോദി പറയുന്ന ഇന്‍ഡ്യ ഇതല്ല. വിനോദ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന ചിത്രമാണ് ഇന്‍ഡ്യയെക്കുറിച്ച് മോദി വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത്. പക്ഷേ, അടുത്തിടെ എനിക്കുണ്ടായ അനുഭവങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തി' എന്നും നടി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അതേസമയം, വസ്തുവിനെ ചൊല്ലിയുള്ള തര്‍ക്കം കോടതിയില്‍ എത്തിയ സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്നാണ് പൊലീസിന്റെ നിലപാട്. ഫ്രാന്‍സിസ്‌കോ സോസയെന്ന അഭിഭാഷകനില്‍നിന്ന് 2008ലാണ് ഈ വീട് വാങ്ങിയതെന്നാണ് ബോര്‍ഗോ അവകാശപ്പെടുന്നത്. പ്രശ്‌നങ്ങളൊന്നുമില്ലാതെ ദീര്‍ഘകാലം മുന്നോട്ടു പോയെങ്കിലും, കോവിഡ് കാലത്ത് സോസ മരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും ഇവര്‍ പരാതിപ്പെടുന്നു.
Keywords: 'Not Modi's Idea Of India': French Actor Alleges Forced To Leave Goa Home, Goa, News, Allegation, Prime Minister, Narendra Modi, Actress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.