ഉണ്ണി മുകുന്ദന് എതിരായ പീഡനക്കേസില്‍, സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ഉള്‍പ്പെടെ ആരോപിച്ച് യുവതി നല്‍കിയ കേസില്‍ തുടര്‍നടപടിക്കുളള സ്റ്റേ കഴിഞ്ഞദിവസം ഹൈകോടതി നീക്കിയിരുന്നു. അനുകൂല വിധി ഉണ്ടാകാന്‍ ഹൈകോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കണമെന്ന് തെറ്റിദ്ധരിപ്പിച്ചു കക്ഷികളില്‍നിന്നു പണം വാങ്ങിയെന്ന ആരോപണത്തിന് വിധേയനായ സൈബി ജോസ് കിടങ്ങൂരാണു നടനുവേണ്ടി ഹാജരായിരുന്നത്.
കേസ് ഒത്തുതീര്‍പ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്നു വ്യക്തമാക്കി, ഹര്‍ജിഭാഗം തന്റെ പേരില്‍ ഹാജരാക്കിയ സത്യവാങ്മൂലം വ്യാജമാണെന്ന് പരാതിക്കാരി ഹൈകോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണു സ്റ്റേ നീക്കിയത്.
എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട് കോടതിയിലെ കേസ് നടപടികളാണ് ഹൈകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നത്. 2017ല്‍ ആണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. സിനിമാ ചര്‍ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോള്‍ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണു പരാതി.
കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണ പുരോഗമിക്കുന്നതിനിടെയാണു കേസ് റദ്ദാക്കാന്‍ ഉണ്ണി മുകുന്ദന്‍ ഹൈകോടതിയെ സമീപിച്ചത്.
കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് പരാതിക്കാരി അറിയിച്ചിട്ടുണ്ടെന്ന് നടന്റെ അഭിഭാഷകന്‍ വിശദീകരിച്ചതിനെ തുടര്‍ന്ന് 2021 മേയ് ഏഴിന് വിചാരണ നടപടികള്‍ ഹൈകോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തു. പിന്നീട് 2022 ഓഗസ്റ്റ് 22നു കേസ് ഒത്തുതീര്‍പ്പായെന്നു നടന്റെ അഭിഭാഷകന്‍ അറിയിച്ചു.
തുടര്‍നടപടിക്കു കേസ് ഓണം അവധിക്കുശേഷം പരിഗണിക്കുമെന്നു വ്യക്തമാക്കി അന്നു സ്റ്റേ നീട്ടുകയും ചെയ്തു. സ്റ്റേ പിന്നീടു പലതവണ നീട്ടി. തുടര്‍ന്ന് വീണ്ടും കേസ് വന്നപ്പോഴാണു താന്‍ ഒത്തുതീര്‍പ്പു കരാറില്‍ ഒപ്പിട്ടിട്ടില്ലെന്നും രേഖ വ്യാജമാണെന്നും പരാതിക്കാരി അറിയിച്ചത്.
Keywords: Not fake, there is a voicemail from complainant; Ready to settle by email'; Lawyer stated that there is evidence in case of actor Unni Mukundan, Kochi, News, Cine Actor, Molestation, Allegation, High Court of Kerala, Kerala.