തിരുവനന്തപുരം: (www.kvartha.com) കേന്ദ്ര ബജറ്റിനു മുന്നോടിയായി കത്തെഴുതി അഭ്യര്‍ഥിച്ചിട്ടും കേരളത്തിന്റെ പേരെടുത്തു പറഞ്ഞുള്ള പ്രഖ്യാപനങ്ങളില്ല. സംസ്ഥാനങ്ങള്‍ക്കുള്ള പലിശരഹിത വായ്പയിലൂടെ ലഭിക്കുന്ന തുകയും കേന്ദ്രാവിഷ്‌കൃത പദ്ധതികളുമാണ് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ഉപയോഗിക്കാന്‍ കഴിയുക. തിരഞ്ഞെടുപ്പ് അടുത്ത കര്‍ണാടകയില്‍ 5300 കോടി രൂപയുടെ കുടിവെള്ള വിതരണ പദ്ധതി മാത്രമാണ് സംസ്ഥാനത്തിന്റെ പേരെടുത്തു പറഞ്ഞുള്ള ബജറ്റിലെ പ്രധാന പദ്ധതി.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് എത്രയും വേഗം അനുമതി നല്‍കണമെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റിനു മുന്നോടിയായി കേന്ദ്രത്തിനു നല്‍കിയ കത്തില്‍ അഭ്യര്‍ഥിച്ചിരുന്നെങ്കിലും പരിഗണന ലഭിച്ചില്ല. സില്‍വര്‍ലൈനില്‍ അനുകൂല തീരുമാനം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയില്ലായിരുന്നെങ്കിലും ഓള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സ് (എയിംസ്) സെന്റര്‍ ഇത്തവണയെങ്കിലും ലഭിക്കുമെന്ന് സര്‍കാര്‍ പ്രതീക്ഷിച്ചിരുന്നു. കാരണം സംസ്ഥാനം നിരന്തരമായി അഭ്യര്‍ഥിക്കുന്ന ഒരു കാര്യമാണ് അത്.
എന്നാല്‍ പുതിയ എയിംസിന്റെ പ്രഖ്യാപനം ബജറ്റിലുണ്ടായില്ല. കോഴിക്കോട് കിനാലൂരിലാണ് എയിംസിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. 150 ഏക്കറോളം വേണ്ടിവരുമെന്നാണ് സര്‍കാര്‍ കണക്കാക്കുന്നത്.
പിരിക്കുന്ന ജിഎസ്ടിയുടെ 60% വിഹിതം നല്‍കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ പകുതി വീതമാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനും ലഭിക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാരം അഞ്ചു വര്‍ഷത്തേക്കു നീട്ടണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. കോവിഡ് കാരണം മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി പ്രത്യേക പാകേജ് കേരളത്തിന്റെ ആവശ്യമായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. എന്നാല്‍ ബജറ്റില്‍ അവയൊന്നും ഇടംപിടിച്ചില്ല.
മൂന്നു ലക്ഷംപേര്‍ ജോലി ചെയ്യുന്ന കശുവണ്ടി മേഖലയില്‍ ജീവനക്കാരില്‍ അധികവും സ്ത്രീകളാണ്. ഇവര്‍ക്കായി പ്രത്യേക പാകേജ് പ്രഖ്യാപിക്കണമെന്നായിരുന്നു മറ്റൊരു പ്രധാന ആവശ്യം. ക്ഷേമ പെന്‍ഷനുകളില്‍ കേന്ദ്ര വിഹിതം വര്‍ധിപ്പിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല.
സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാവുന്ന തുക സംസ്ഥാന മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ നാല് ശതമാനമാക്കി വര്‍ധിപ്പിക്കണമെന്നും കിഫ്ബിയിലൂടെ എടുത്ത വായ്പ കടമെടുപ്പ് പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ല.
Keywords: No Silver Line, no Aims; Despite written requests, there are no announcements mentioning Kerala's name in central budget, Thiruvananthapuram, News, Budget, Union-Budget, Declaration, Kerala.