Dead | മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല അന്തരിച്ചു

 


കാസര്‍കോട്: (www.kvartha.com) മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല (64) അന്തരിച്ചു. കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിവെ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാ യിരുന്നു അന്ത്യം. മരണസമയത്ത് ആശുപത്രിയില്‍ ഭാര്യയും മക്കളും മറ്റ് ബന്ധുക്കളും ഉണ്ടായിരുന്നു. വിവരമറിഞ്ഞ് നിരവധി സംസ്ഥാന മുസ്ലീം ലീഗ് നേതാക്കള്‍ അനുശോചനം അറിയിച്ച് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

കാസര്‍കോട് നഗരസഭ ചെയര്‍മാനായിരുന്ന ടിഇ അബ്ദുല്ല മുന്‍ എംഎല്‍എ ടിഎ ഇബ്രാഹിം - സൈനബ ദമ്പതികളുടെ മകനാണ്. 1959 മാര്‍ച് 18ന് തളങ്കര കടവത്ത് ജനിച്ച അബ്ദുല്ല എംഎസ്എഫിലൂടെയാണ് പൊതുരംഗത്തിറങ്ങിയത്. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ യൂനിറ്റ് എംഎസ്എഫ് പ്രസിഡന്റായിരുന്നു. 1978ല്‍ തളങ്കര വാര്‍ഡ് മുസ്ലീം ലീഗ് സെക്രടറിയായി.

Dead | മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല അന്തരിച്ചു

അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി അംഗം, കാസര്‍കോട് മുനിസിപല്‍ യൂത് ലീഗ് വൈസ് പ്രസിഡന്റ്, കാസര്‍കോട് മണ്ഡലം യൂത് ലീഗ് ജെനറല്‍ സെക്രടറി, പ്രസിഡന്റ്, കാസര്‍കോട് ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ്, കാസര്‍കോട് വികസന അതോറിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത് ജെനറല്‍ സെക്രടറി, മാലിക് ദീനാര്‍ വലിയ ജുമുഅത് പള്ളി കമിറ്റി വൈസ് പ്രസിഡന്റ്, ദഖീറതുല്‍ ഉഖ്‌റാ സംഘം പ്രസിഡന്റ്, ടി ഉബൈദ് ഫൗന്‍ഡേഷന്‍ ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ച് വരുകയായിരുന്നു. പഴയകാല ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായിരുന്ന ടിഇ അബ്ദുല്ല കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ നഗരസഭാ ചെയര്‍മാന്‍മാരുടെ കൂട്ടായ്മയായ ചെയര്‍മാന്‍സ് ചേമ്പേഴ്‌സിന്റെ നേതൃനിരയിലും പ്രവര്‍ത്തിച്ചിരുന്നു.

2008 മുതല്‍ സംസ്ഥാന മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി അംഗമാണ്. ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തെ തുടര്‍ന്നാണ് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പദവിയിലെത്തിയത്. 1988 മുതല്‍ കാസര്‍കോട് നഗരസഭ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2000ല്‍ തളങ്കര കുന്നില്‍ നിന്നും 2005 ല്‍ തളങ്കര പടിഞ്ഞാറില്‍ നിന്നും എതിരില്ലാതെയായിരുന്നു വിജയം. 27 വര്‍ഷം കാസര്‍കോട് നഗരസഭയെ പ്രതിനിധീകരിച്ചു. മൂന്ന് തവണ കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ പദവി അലങ്കരിച്ചു. അദ്ദേഹം ചെയര്‍മാനായ 2000-2005 കാലത്ത് കേരളത്തിലെ മികച്ച നഗരസഭയായി കാസര്‍കോടിനെ തിരഞ്ഞെടുത്തിരുന്നു.

ബദ്രിയ അബ്ദുല്‍ഖാദര്‍ ഹാജിയുടെ മകള്‍ സാറയാണ് ഭാര്യ. മക്കള്‍: ആശിഖ് ഇബ്രാഹിം, ഹസീന, ഡോ. സഫ്വാന (ദുബൈ), റസീന. മരുമക്കള്‍: നൂറുദ്ദീന്‍ (ബഹ്‌റൈന്‍), സകീര്‍ അബ്ദുല്ല (ദുബൈ), ശഹീന്‍ (ശാര്‍ജ), റഹിമ. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, പരേതനായ മുഹമ്മദ് കുഞ്ഞി, യൂസഫ്, അഡ്വ. ടിഇ അന്‍വര്‍, ബീഫാത്വിമ (മുന്‍ കര്‍ണാടക ഹൈകോടതി ജഡ്ജ് പരേതനായ ജസ്റ്റിസ് ഫാറൂഖിന്റെ ഭാര്യ), ആഇശ (പരേതനായ അഡ്വ. വിപിപി സിദ്ദീഖിന്റെ ഭാര്യ), റുഖിയ (കെഎസ്ഇബി എക്‌സ്‌ക്യൂടീവ് എന്‍ജിനിയറായിരുന്ന ശംസുദ്ദീന്റെ ഭാര്യ).

Keywords: Muslim League Kasaragod district president TE Abdullah passed away, Kasaragod, News, Dead, Hospital, Treatment, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia