ഇടുക്കി: (www.kvartha.com) മൂന്നാറില്‍ വീണ്ടും ശൈശവവിവാഹമെന്ന് പരാതി. പെണ്‍കുട്ടിയുടെ അമ്മയും ബന്ധുക്കളും ചേര്‍ന്ന് 26 കാരന് 17 കാരിയെ വിവാഹം കഴിപ്പിച്ച് കൊടുത്തെന്നാണ് പരാതി. സംഭവത്തില്‍ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും വരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായും ദേവികുളം പൊലീസ് അറിയിച്ചു.
കണ്ണന്‍ദേവന്‍ കംപനി ചൊക്കനാട് എസ്റ്റേറ്റില്‍ ഗ്രഹാംസ് ലാന്‍ഡ് ഡിവിഷനില്‍ മണിമാരനെതിരെയാണ് പോക്‌സോ ഉള്‍പെടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തത്. എസ്റ്റേറ്റിലെ താല്‍കാലിക തൊഴിലാളിയാണ് ഇയാള്‍.
പൊലീസ് പറയുന്നത്: പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതാണെന്ന് വിശ്വസിപ്പിച്ചാണ് അമ്മയും ബന്ധുക്കളും ചേര്‍ന്ന് വിവാഹം നടത്തിയതെന്ന പറയുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഒരു മാസം മുന്‍പാണ് വിവരം പൊലീസ് അറിഞ്ഞത്. കുട്ടി ഏഴ് മാസം ഗര്‍ഭിണിയാണ്. 2022 ജൂലൈയിലാണ് ഇരുവരുടെയും വിവാഹം നടന്നത്.
വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റി ചെയര്‍മാന് മുന്നില്‍ ഹാജരാക്കിയ ശേഷം അമ്മയോടൊപ്പം അയച്ചു. ഇതിനുശേഷം പൊലീസ് നടത്തിയ പരിശോധനയിലും അന്വേഷണത്തിലുമാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് തെളിഞ്ഞത്. തുടര്‍ന്നാണ് വെള്ളിയാഴ്ച യുവാവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തത്. യുവാവ് ഒളിവിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ദേവികുളം എസ്എച്ഒ എസ് ശിവലാല്‍ പറഞ്ഞു.
രണ്ടാഴ്ച മുന്‍പ് ഇടമലക്കുടി പഞ്ചായതില്‍ 47 കാരന്‍ 17 കാരിയെ വിവാഹം കഴിച്ച സംഭവത്തില്‍ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പ്രതി തമിഴ്‌നാട്ടില്‍ ഒളിവിലാണെന്നാണ് വിവരം. ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റിയുടെ സംരക്ഷണത്തിലാണ് ഈ പെണ്‍കുട്ടി കഴിയുന്നതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,Kerala,Idukki,Pregnant Woman,Minor wedding,Minor girls,POCSO,Grooms,Police, police-station,Complaint, Munnar: Police booked after child marriage