ന്യൂഡെൽഹി: (www.kvartha.com) റിലയൻസ് ഉടമ മുകേഷ് അംബാനി വീണ്ടും രാജ്യത്തെ ധനികരുടെ പട്ടികയിൽ ഒന്നാമതെത്തി. ആസ്തിയുടെ കാര്യത്തിൽ അദാനി ഗ്രൂപ്പിന്റെ ഉടമ ഗൗതം അദാനിയെ പിന്നിലാക്കിയാണ് ഈ മുന്നേറ്റം. ഫോർബ്‌സ് ആണ് വിവരം പുറത്തുവിട്ടത്. ഓഹരി വിലയിലെ തട്ടിപ്പ് ആരോപിച്ച് യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് വന്നതിനെ തുടർന്ന് അദാനിയുടെ ഓഹരികൾ ഇടിഞ്ഞതോടെ അദ്ദേഹത്തിന്റെ ആസ്തി 83.9 ബില്യൺ ഡോളറായി ചുരുങ്ങിയിരുന്നു.
അതേസമയം, മുകേഷ് അംബാനിയുടെ ആസ്തി ഇപ്പോൾ 84.3 ബില്യൺ ഡോളറായി ഉയർന്നു. ഫോർബ്‌സിന്റെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ അദാനി ഇപ്പോൾ 10-ാം സ്ഥാനത്തും അംബാനി ഒമ്പതാം സ്ഥാനത്തുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 ബില്യൺ ഡോളറിന്റെ നഷ്ടമാണ് അദാനിക്ക് ഉണ്ടായതെന്നാണ് റിപ്പോർട്ട്.
നിലവിൽ, 10 സമ്പന്നരുടെ പട്ടികയിൽ ബെർണാഡ് അർനോൾട്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു. 214 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 178.3 ബില്യൺ ഡോളറിന്റെ ആസ്തിയുമായി എലോൺ മസ്‌ക് രണ്ടാം സ്ഥാനത്ത്. 126.3 ബില്യൺ ഡോളർ ആസ്തിയുമായി ജെഫ് ബെസോസ് മൂന്നാം സ്ഥാനത്താണ്. 111.9 ബില്യൺ ഡോളറുമായി ലാറി എല്ലിസൺ നാലാമതും 108.5 ബില്യൺ ഡോളറുമായി വാറൻ ബഫറ്റ് അഞ്ചാം സ്ഥാനത്തും 104.5 ബില്യൺ ഡോളറുമായി ബിൽ ഗേറ്റ്‌സ് ആറാം സ്ഥാനത്തുമാണ്.
91.7 ബില്യൺ ഡോളർ ആസ്തിയുള്ള കാർലോസ് സ്ലിം ഹെലു സമ്പന്നരുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ്. 85.8 ബില്യൺ ഡോളറുമായി ലാറി പേജ് എട്ടാം സ്ഥാനത്തും മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തും ഗൗതം അദാനി പത്താം സ്ഥാനത്തുമാണ്.
Keywords: News,National,New Delhi,Mukesh Ambani,Business Man,Business,Top-Headlines,Reliance,Latest-News, Mukesh Ambani overtakes Gautam Adani as the richest Indian