നെടുമങ്ങാട്: (www.kvartha.com) ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ അഹിംസയോടൊപ്പം അനേകം ബഹുജന മുന്നേറ്റങ്ങളും മുഖ്യപങ്കു വഹിച്ചതായി ഭക്ഷ്യ സിവില്‍ സപ്‌ളൈസ് വകുപ്പ് മന്ത്രി ജിആര്‍ അനില്‍. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഭാഗമായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണികേഷന്‍ നെടുമങ്ങാട് മുനിസിപല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവം പ്രദര്‍ശനവും സെമിനാറും ഉള്‍പ്പെടുന്ന അഞ്ചുദിവസത്തെ ബോധവല്‍കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴമയും പുതുമയും ഉള്‍പ്പെടുത്തിയ വിജ്ഞാനപ്രദമായ പരിപാടിയാണ് ഇതെന്നും നമ്മുടെ സ്വാതന്ത്ര്യസമരത്തെ വിശദമായി അറിയാന്‍ പുതുതലമുറയെ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ ലബ്ധി കഴിഞ്ഞ് വിവിധ മേഖലകളില്‍ ഇന്‍ഡ്യ കൈവരിച്ച നേട്ടങ്ങളുടെ ഒരുകാഴ്ചയാണ് ഇവിടെ ഒരുക്കിയ വിവിധ സ്റ്റാളുകളിലൂടെ കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യം നേടിത്തരാന്‍ നമ്മുടെ പൂര്‍വികര്‍ നേരിട്ട കഷ്ടപ്പാടിനെക്കുറിച്ചും അവരുടെ കഠിനാധ്വാനത്തെക്കുറിച്ചും ഇന്നത്തെ തലമുറ ചരിത്രത്തിലൂടെ ബോധവാന്‍മാരാകണമെന്ന് തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷനല്‍ ഡയറക്ടര്‍ ജെനറല്‍ വി പളനിച്ചാമി ഐഐഎസ് മുഖ്യപഭാഷണത്തില്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ സമയം പാഴാക്കാതെ ടൈം മാനേജ്‌മെന്റിലൂടെ ജീവിതം മെച്ചപ്പെടുത്തണമെന്നും രാജ്യത്തിലെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നെടുമങ്ങാട് നഗരസഭ മുനിസിപല്‍ ചെയര്‍പേഴ്‌സന്‍ സിഎസ് ശ്രീജ ആധ്യക്ഷം വഹിച്ചു. തിരുവനന്തപുരം ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫിസര്‍ കവിതാറാണി രഞ്ജിത് പ്രസംഗിച്ചു. നെടുമങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ എസ് രവീന്ദ്രന്‍, സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍മാരായ പി സതീശന്‍, എസ് അജിത, പി വസന്തകുമാരി, എസ് സിന്ധു, ഹരികേശന്‍ നായര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ പുങ്കുംമുട്ട് അജി, സിന്ധു കൃഷ്ണകുമാര്‍, സുമയ്യ മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണികേഷന്‍ ഡെപ്യൂടി ഡയറക്ടര്‍ കെ എ ബീന സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടര്‍ സുധ എസ് നമ്പൂതിരി നന്ദിയും രേഖപ്പെടുത്തി.
വി എസ് എസ് സി, തപാല്‍ വകുപ്പ്, ദൂരദര്‍ശന്‍, ആകാശവാണി, കുടുംബശ്രീ, മില്‍മ, അനര്‍ട് തുടങ്ങിയ വകുപ്പുകളുടെ ഇരുപത്തോഞ്ചോളം സ്റ്റാളുകളും സൗജന്യ ആയുര്‍വേദ, ഹോമിയോ, പ്രകൃതി, സിദ്ധ മെഡികല്‍ കാംപും ഔഷധ വിതരണവും ആധാര്‍ മേളയും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വിദഗ്ധര്‍ നയിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകളും മത്സരങ്ങളും കലാസാംസ്‌കാരിക പരിപാടികളും നടക്കും.
Keywords: Minister G R Anil says many mass movements along with non-violence played major role in India's independence, Thiruvananthapuram, News, Food, Minister, Kerala.