കോട്ടയം: (www.kvartha.com) എറണാകുളം- കോട്ടയം ദേശീയപാതയില്‍ വാഹനാപകടത്തില്‍ കാല്‍നടയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം. കാണക്കാരി ചാത്തമല കുഴിമ്പറമ്പില്‍ ഗോപി (ബേബി - 63) ആണ് മരിച്ചത്. കാറിടിച്ചു റോഡിലേക്ക് തെറിച്ചു വീണ ഗോപി ദേഹത്ത് ബസ് കയറിയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.45 ന് കാണക്കാരി ഷാപും പടിയിലാണ് അപകടമുണ്ടായത്.
റോഡ് മുറിച്ചു കടക്കുകയായിരുന്ന ബേബിയെ കടുത്തുരുത്തി ഭാഗത്തു നിന്ന് നിയന്ത്രണം വിട്ടു പാഞ്ഞുവന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചുവെന്നും റോഡില്‍ തെറിച്ചു വീണ ബേബിയുടെ ദേഹത്ത് കൂടി വൈക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് കയറുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലത്ത് തല്‍ക്ഷണം മരണം സംഭവിച്ചു. കുറവിലങ്ങാട് പൊലീസെത്തിയ ശേഷമാണ് മൃതദേഹം റോഡില്‍ നിന്നു മാറ്റിയത്. മൃതദേഹം കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഇതിനിടെ അപകടസ്ഥലത്തിന് സമീപത്ത് കട നടത്തുകയായിരുന്ന ബേബിയുടെ സഹോദരന്‍ ബെന്നി മൃതദേഹം കണ്ട് ബോധരഹിതനായി കുഴഞ്ഞുവീണു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് കോട്ടയം - എറണാകുളം റോഡില്‍ ഗതാഗതം ഭാഗികമായി മുടങ്ങി.
കടുത്തുരുത്തി അഗ്‌നിരക്ഷാ സേന അപകടം നടന്ന റോഡ് കഴുകി വൃത്തിയാക്കി. അപകടത്തിന് കാരണമായ കാറിനായുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഗോപിയുടെ ഭാര്യ: ശാന്തമ്മ. മക്കള്‍: അര്‍ച്ചന, അഞ്ജു.
Keywords: News,Kerala,State,Kottayam,Local-News,Accident,Accidental Death,Road, Death,Killed,Crime, Man died in road accident at Kottayam- Ernakulam Road