തിരുവനന്തപുരം: (www.kvartha.com) നെയ്യാറ്റിന്‍കര മാമ്പഴക്കരയില്‍ വയോധികയെ ലഹരിക്കടിമയായ മകന്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ, യുവാവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ എത്തിയെങ്കിലും മകനെ അറസ്റ്റ് ചെയ്താല്‍ താന്‍ ജീവനൊടുക്കുമെന്ന മാതാവിന്റെ ഭീഷണിയെ തുടര്‍ന്ന് തല്‍ക്കാലം അറസ്റ്റില്‍ നിന്ന് പൊലീസ് പിന്‍വാങ്ങി.
നെയ്യാറ്റിന്‍കര മാമ്പഴക്കര സ്വദേശിയായ രാജേഷ് എന്ന് വിളിക്കുന്ന ശ്രീജിത്തിന് (40) എതിരെയാണ് കേസെടുത്തത്. ശ്രീജിത്തിന്റെ മാതാവ് ശാന്ത (70) യാണ് കഴിഞ്ഞ ഞായറാഴ്ച മര്‍ദനത്തിനിരയായത്.
പ്രചരിച്ച ദൃശ്യങ്ങളിലുള്ള സംഭവം വൈകിട്ടാണ് നടന്നത്. ശാന്തയെ ശ്രീജിത്ത് മര്‍ദിക്കുന്ന രംഗങ്ങള്‍ അയല്‍വാസിയാണ് മൊബൈലില്‍ പകര്‍ത്തിയത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെയാണ് കേസെടുത്തത്.
മര്‍ദനമേറ്റിട്ടും ശാന്ത പൊലീസിനോട് സഹകരിക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും ശേഖരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് ശ്രീജിത്തിനെതിരെ കേസെടുത്തത്. എന്നാല്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്താല്‍ താന്‍ പട്ടിണിയാകുമെന്നും വീട് വിട്ടുമാറാന്‍ തയാറല്ലെന്നുമാണ് അമ്മ പറയുന്നത്.
മദ്യപിച്ചു കഴിഞ്ഞാല്‍ ശ്രീജിത്ത് ശാന്തയെ പതിവായി ഉപദ്രവിക്കാറുണ്ടെന്ന് അയല്‍വാസിയുടെ മൊഴിയിലുണ്ട്. പലപ്പോഴും പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസെത്തി ശ്രീജിത്തിന് താക്കീത് നല്‍കി മടങ്ങുകയുമാണ് പതിവ്.
രോഗിയായ ശാന്തയ്ക്ക് നീങ്ങാന്‍ പരസഹായം വേണം. കഴിഞ്ഞ ഞായറാഴ്ച മദ്യപിച്ചെത്തിയ ശ്രീജിത്ത് ഉറങ്ങി കിടന്നപ്പോള്‍, ശാന്ത കട്ടിലില്‍ ഇഴഞ്ഞു മുറ്റത്തേക്കിറങ്ങി. മര്‍ദനത്തിന് കാരണമായ പ്രകോപനം ഇതായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
അമ്മയെ ശുചിയാക്കുന്നതും ഭക്ഷണം പാകം ചെയ്തു നല്‍കുന്നതും മുറ്റത്തിറങ്ങാന്‍ സഹായിക്കുന്നതും അടക്കം അമ്മയെ നന്നായി പരിചരിക്കുന്നതും ശ്രീജിത്ത് തന്നെയാണ്. മദ്യപിച്ചാല്‍ മാത്രമാണ് ക്രൂരമായി പെരുമാറുന്നതെന്നും മദ്യപിച്ചില്ലെങ്കില്‍ മാതാവിനെ വളരെ കാര്യമായാണ് ഇയാള്‍ പരിചരിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
അമ്മയും മകനും മാത്രമാണ് ഈ വീട്ടില്‍ താമസം. ശാന്തയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചു. ശ്രീജിത്ത് വിവാഹിതനാണെങ്കിലും ഭാര്യയും മക്കളും ഇവിടെയല്ല താമസം.
Keywords: News,Kerala,State,Thiruvananthapuram,Liquor,Local-News,Case,Arrested,Police, Mother,Son, Man assaulted woman in Neyyattinkara; Police booked