ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അനില്‍ രാംദാസ് അയോധ്യാ നിവാസിയെ വിളിച്ച് മണിക്കൂറുകള്‍ക്കകം ക്ഷേത്രം ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദമ്പതികളെ വെള്ളിയാഴ്ചയാണ് അയോധ്യ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് അയോധ്യ പൊലീസ് സര്‍കിള്‍ ഓഫിസര്‍ ശൈലേന്ദ്ര കുമാര്‍ ഗൗതം പറയുന്നത്:
ഡെല്‍ഹി നിവാസിയായ ബിലാല്‍ എന്ന വ്യാജേനയാണ് അനില്‍ രാംദാസ് ഇന്റര്‍നെറ്റ് കോളിലൂടെ ഭീഷണി മുഴക്കിയത്. ഭാര്യ വിദ്യാ സാഗര്‍ ധോത്രേയും കേസില്‍ പങ്കാളിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഹിന്ദുക്കളായ ഇരുവരും മുസ്ലീങ്ങളായി വേഷം കെട്ടി ആളുകളെ കബളിപ്പിച്ച് പണം സമ്പാദിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ അഹ് മദ് നഗര്‍ ജില്ലക്കാരായ ഇരുവരും സെന്‍ട്രല്‍ മുംബൈയിലെ ചെമ്പൂര്‍ ഏരിയയിലെ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്.
അനില്‍ രാംദാസ് ഡെല്‍ഹി സ്വദേശിയായ ബിലാല്‍ എന്നയാളുടെ സഹോദരിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. എന്നാല്‍, അനില്‍ വിവാഹിതനാണെന്ന് അറിഞ്ഞതോടെ യുവതി ബന്ധത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്ന് യുവതിയെ ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടാന്‍ അനിലും ഭാര്യയും ശ്രമം നടത്തി. വിഷയം അറിഞ്ഞ ബിലാല്‍, ഇവരുമായി വഴക്കിടുകയും തന്റെ സഹോദരിയുടെ കാര്യത്തില്‍ ഇടപെടരുതെന്ന് ദമ്പതികളെ താക്കീത് ചെയ്യുകയും ചെയ്തു.
ഇതിനുള്ള പ്രതികാരമായാണ് ബിലാലിന്റെ പേരില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കാന്‍ ഇരുവരും പദ്ധതിയിട്ടത്. ബിലാലിന്റെ മൊബൈല്‍ നമ്പറിനോട് സാമ്യമുള്ള പ്രോക്‌സി നമ്പര്‍ ഉപയോഗിച്ചാണ് ഇന്റര്‍നെറ്റ് കോള്‍ വിളിച്ചത്. രാമക്ഷേത്രവും ഡെല്‍ഹി മെട്രോയും തകര്‍ക്കുമെന്നാണ് ദമ്പതികള്‍ ഭീഷണി മുഴക്കിയത്.
സംഭവത്തില്‍ ഫെബ്രുവരി രണ്ടിന് രാമജന്മഭൂമി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സഞ്ജീവ് കുമാര്‍ സിങ് ഐപിസി സെക്ഷന്‍ 507 പ്രകാരം എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തിരുന്നു. ഒരാഴ്ച കൊണ്ടാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് രണ്ട് ഖുര്‍ആന്‍, മുസ്ലിം തൊപ്പികള്‍, ഒമ്പത് മൊബൈല്‍ ഫോണുകള്‍, ആറ് എടിഎം കാര്‍ഡുകള്‍, രണ്ട് ചാര്‍ജറുകള്‍, ലാപ്ടോപ്, ലാപ്ടോപ് ചാര്‍ജറുകള്‍, മൂന്ന് ആധാര്‍ കാര്‍ഡുകള്‍, നാല് പാന്‍ കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു.
Keywords: Maharashtra couple pretending to be Muslim arrested for threatening to attack Ayodhya's Ram Temple, New Delhi, News, Arrested, Police, Bomb Threat, National.