Follow KVARTHA on Google news Follow Us!
ad

Custody | വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴക്കേസ്: എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി 4 ദിവസം കൂടി നീട്ടി; പങ്ക് വിചാരിച്ചതിലും വലുതാണെന്ന് ഇഡി കോടതിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,Custody,Court,Kerala,
കൊച്ചി: (www.kvartha.com) വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപല്‍ സെക്രടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നാലു ദിവസം കൂടി നീട്ടി നല്‍കി കോടതി. ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വലുതാണെന്ന് ഇഡി കോടതിയെ അറിയിച്ചു. അതിനാല്‍ വിശദമായ ചോദ്യം ചെയ്യല്‍ വേണമെന്ന ഇഡിയുടെ ആവശ്യം അംഗീകരിച്ച് കോടതി കസ്റ്റഡിയില്‍ വിടുകയായിരുന്നു.

മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം 14ന് രാത്രി 11 മണിയോടെയാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. അന്വേഷണത്തോട് ശിവശങ്കര്‍ നിസഹകരണം തുടരുകയാണെന്നാണ് ഇഡിയുടെ കുറ്റപ്പെടുത്തല്‍.

Life mission corruption probe: Court extends ED custody of M Sivasankar,  Kochi, News, Custody, Court, Kerala

തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലും വ്യക്തമായ മറുപടി നല്‍കാതെ ഒളിച്ചുകളി തുടരുകയാണെന്നും ഇഡി വൃത്തങ്ങള്‍ പറയുന്നു. ലോകറില്‍ നിന്ന് കണ്ടെത്തിയ കോഴപ്പണത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ടേഡ് അകൗണ്ടന്റ് വേണുഗോപാലിനൊപ്പം ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഭവനപദ്ധതിക്കു വേണ്ടി ജീവകാരുണ്യ സംഘടന യുഎഇ റെഡ് ക്രസന്റ് നല്‍കിയ 19 കോടി രൂപയില്‍ 4.50 കോടി കോഴ വാങ്ങിയെന്ന കേസില്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപല്‍ സെക്രടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നത് അഴിമതി ആരോപണങ്ങളുടെ കാലഗണനാ ക്രമത്തിലാണ്.

2018 ഡിസംബര്‍ ഒന്നു മുതല്‍ 2019 ഏപ്രില്‍ 28 വരെ പദ്ധതിയുമായി ബന്ധപ്പെട്ടു സംഭവിച്ച കാര്യങ്ങള്‍ ഓരോന്നും വെവ്വേറെ പരിശോധിച്ചു രേഖപ്പെടുത്തിയാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍. റെഡ് ക്രസന്റ് നല്‍കിയ തുകയില്‍ ഒമ്പത് കോടി രൂപയും കോഴ ഇനത്തില്‍ ചെലവായതായാണ് ആദ്യഘട്ടത്തില്‍ പുറത്തുവന്ന വിവരം.

പദ്ധതിയുടെ നടപടിക്രമങ്ങള്‍ ആരംഭിച്ച ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനെ 2018 ഡിസംബറില്‍ ഒരുമാസം തിരഞ്ഞെടുപ്പു ഡ്യൂടിക്കായി ഡപ്യൂടേഷന്‍ നല്‍കി മാറ്റിനിര്‍ത്തി എന്തിനാണ് സിഇഒ പദവി ഏറ്റെടുത്തതെന്ന ചോദ്യത്തിന് ശിവശങ്കര്‍ വ്യക്തമായ മറുപടി നല്‍കിയില്ല.

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിനു സമീപം വാഹനത്തില്‍ കോഴപ്പണം എത്തിച്ച യൂനിടാക് കംപനി ഉടമ സന്തോഷ് ഈപ്പന്‍ ഈ തുക കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കാണു കൈമാറിയത്. ഇതിനു ശേഷം സന്തോഷ് ഈപ്പന്‍, സ്വപ്ന സുരേഷ്, പിഎസ് സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ തിരുവനന്തപുരത്ത് ഒത്തുചേര്‍ന്നു മദ്യസല്‍കാരം നടത്തിയത് 2019 ഏപ്രില്‍ 28ന് ആണ്.

ഈ തീയതി വരെ നടന്ന മുഴുവന്‍ കാര്യങ്ങളും ഇഡി ഓരോരുത്തരെയായി ചോദ്യം ചെയ്തു രേഖപ്പെടുത്തിയിട്ടുണ്ട്. ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ടേഡ് അകൗണ്ടന്റ് വേണുഗോപാലും സ്വപ്നയും ചേര്‍ന്ന് ബാങ്ക് ലോകര്‍ തുറന്നതു ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണെന്നാണ് ഇഡിയുടെ നിഗമനം.

ഈ ലോകറില്‍ സൂക്ഷിച്ച ഒരു കോടി രൂപ കോഴ ഇടപാടില്‍ ശിവശങ്കറിന് ലഭിച്ച വിഹിതമാണെന്നും ഇഡി റിപോര്‍ടില്‍ പറയുന്നു. സ്വപ്ന സൂക്ഷിച്ച പണം എവിടെ നിന്നാണു ലഭിച്ചതെന്ന് അറിയില്ലെന്നും സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നുമാണു ശിവശങ്കറിന്റെ മൊഴി.

യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയെന്ന നിലയില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ സര്‍കാര്‍തലത്തിലുള്ള ഇടപെടലുകള്‍ക്ക് സ്വപ്നയുടെ സഹായം ആവശ്യമായിരുന്നു. ആ പരിചയത്തിന്‍മേല്‍, നിയമപരമായ സഹായം മാത്രമാണ് അവര്‍ക്കായി ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളതെന്നും എന്നാല്‍ സ്വപ്ന സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട വിവരം കസ്റ്റംസ് ഉദ്യോഗസ്ഥരില്‍നിന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും ശിവശങ്കര്‍ മൊഴി നല്‍കി.

Keywords: Life mission corruption probe: Court extends ED custody of M Sivasankar,  Kochi, News, Custody, Court, Kerala.

Post a Comment