Criticized | ശിവശങ്കറിന്റെ അറസ്റ്റോടെ മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയര്‍ത്തിയ നുണകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു, ശിഷ്യന് പിറകെ ആശാനും അകത്തു പോകുന്ന സമയം വിദൂരമല്ലെന്നും കെ സുധാകരന്‍

 


തിരുവനന്തപുരം: (www.kvartha.com) ലൈഫ് മിഷന്‍ ഭവനപദ്ധതി കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപല്‍ സെക്രടറി എം ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാലമത്രയും പടുത്തുയര്‍ത്തിയ നുണകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി.

സി ബി ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപീല്‍ പിന്‍വലിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ ശിഷ്യന് പിറകെ ആശാനും അകത്തു പോകുന്ന സമയം വിദൂരമല്ലെന്നും സുധാകരന്‍ പരിഹസിച്ചു. ഒന്നാം പിണറായി സര്‍കാറിന്റെ കാലത്തു നടന്ന അഴിമതികളുടെ അസ്ഥി പഞ്ജരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പുറത്തു ചാടുകയാണെന്നും സുധാകരന്‍ പറഞ്ഞു.

Criticized | ശിവശങ്കറിന്റെ അറസ്റ്റോടെ മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയര്‍ത്തിയ നുണകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണു, ശിഷ്യന് പിറകെ ആശാനും അകത്തു പോകുന്ന സമയം വിദൂരമല്ലെന്നും കെ സുധാകരന്‍

കള്ളപ്പണ ഇടപാട്, ഡോളര്‍ കടത്ത്, സ്വര്‍ണക്കടത്ത് എന്നിവയില്‍ നേരത്തെ ശിവശങ്കറെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നു കേസുകളില്‍ 98 ദിവസം ജയിലില്‍ കഴിഞ്ഞ ശിവശങ്കറെ ഒരുളുപ്പുമില്ലാതെ മുഖ്യമന്ത്രി സര്‍വീസില്‍ തിരിച്ചെടുത്ത് എല്ലാ ആനുകൂല്യങ്ങളോടെയും വിരമിക്കാനും ഉദ്യോഗസ്ഥര്‍ക്ക് രചന നടത്താന്‍ സര്‍കാറിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന കാറ്റില്‍പ്പറത്തി മുഖ്യമന്ത്രിയെ ന്യായീകരിച്ചും സ്തുതിച്ചും പുസ്തകം എഴുതാനും അവസരം നല്‍കിയെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കര്‍ എന്നത് അങ്ങാടിപ്പാട്ടാണ്. ഇതിനിടെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്നുവര്‍ഷം മുമ്പ് വിജിലന്‍സ് നടത്തിയ അന്വേഷണത്തെ സര്‍കാര്‍ അട്ടിമറിച്ചുവെന്നും സുധാകരന്‍ ആരോപിച്ചു.

ചില നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സി ബി ഐ എത്തുന്നതിനുമുമ്പേ തിടുക്കത്തില്‍ വിജിലന്‍സ് റെയ്ഡ് നടത്തി രേഖകളെല്ലാം പിടിച്ചെടുത്തത് വന്‍ വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കൊടുത്തുവിട്ട ബിരിയാണിച്ചെമ്പിലും മുഖ്യമന്ത്രിക്ക് വിദേശത്തേക്ക് കൊടുത്തുവിട്ട ബാഗിലുമൊക്കെ അഴിമതി മണക്കുന്ന അതീവ ഗുരുതരമായ അവസ്ഥയുണ്ടെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ലെന്നും സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാനുള്ള അന്വേഷണ ഏജന്‍സികളുടെ നീക്കവും അട്ടിമറിക്കപ്പെട്ടു. കേരളത്തിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ യുഎഇ റെഡ്ക്രസന്റ് വഴി ലഭിച്ച പണത്തില്‍ നിന്ന് കോടികളാണ് ഉന്നതരടക്കം പലര്‍ക്കും പങ്കുവച്ചതെന്നും സുധാകരന്‍ ആരോപിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച സി ബി ഐ അന്വേഷണത്തിനെതിരെ സര്‍കാര്‍ ആദ്യം ഹൈകോടതിയിലും പിന്നീട് സുപ്രീംകോടതിയിലും ലക്ഷങ്ങള്‍ മുടക്കി മുന്‍നിര അഭിഭാഷകരെ നിയോഗിച്ച് വാദിച്ചു.

കോഴപ്പണം ഡോളറാക്കി കടത്തിയതിനാല്‍ അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാനുള്ള സി ബി ഐ നീക്കത്തിനെതിരേ സര്‍കാര്‍ രംഗത്തുവന്നു. സി ബി ഐ അന്വേഷണം കൂടി നടത്തിയാല്‍ മാത്രമേ സത്യം പുറത്തുവരുകയുള്ളൂ എന്നതാണ് വാസ്തവമെന്നും സുധാകരന്‍ പറഞ്ഞു.

സിപിഎം- ബിജെപി ധാരണ നിലനില്‍ക്കുന്നതിനാലാണ് സി ബി ഐ അന്വേഷണം തടസപ്പെട്ടതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. വടക്കാഞ്ചേരി നഗരസഭക്ക് കീഴിലെ 2.18 ഏകറില്‍ 500 ചതുരശ്രയടിയുള്ള 140 അപാര്‍ടുമെന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയില്‍ നടന്ന വന്‍ അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിച്ച അവിടത്തെ മുന്‍ എംഎല്‍എ അനില്‍ അക്കരയെ അഭിനന്ദിക്കുന്നതായും കെ സുധാകരന്‍ അറിയിച്ചു.

Keywords: Life Mission Bribe: K Sudhakaran Criticized CM Pinarayi Vijayan, Thiruvananthapuram, News, Politics, Allegation, Arrest,Chief  Minister, Pinarayi-Vijayan, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia