Drugs | ഇന്‍ഡ്യയില്‍ നിര്‍മിച്ച തുള്ളിമരുന്ന് കണ്ണിലൊഴിച്ച് യുഎസില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടെന്നും പരാതി; ചെന്നൈ ആസ്ഥാനമായ മരുന്നുകംപനി നിരോധിച്ച് യുഎസ്

 


ചെന്നൈ: (www.kvartha.com) ഇന്‍ഡ്യന്‍ നിര്‍മിത ചുമ സിറപുകള്‍ക്കു പിന്നാലെ കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നിനെതിരെയും പരാതി. ഇന്‍ഡ്യയില്‍ നിര്‍മിച്ച തുള്ളിമരുന്ന് കണ്ണിലൊഴിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതയില്‍ യുഎസില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്കു കാഴ്ച നഷ്ടപ്പെട്ടെന്നുമുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കംപനിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഗ്ലോബല്‍ ഫാര്‍മയുടെ എസ്രികെയര്‍ ആര്‍ടിഫിഷ്യല്‍ ടിയേഴ്‌സ് ഐ ഡ്രോപ്‌സ് (EzriCare Artificial Tears Eye Drops) ആണ് ചിലരില്‍ പ്രശ്‌നമുണ്ടാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.

Drugs | ഇന്‍ഡ്യയില്‍ നിര്‍മിച്ച തുള്ളിമരുന്ന് കണ്ണിലൊഴിച്ച് യുഎസില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടെന്നും പരാതി; ചെന്നൈ ആസ്ഥാനമായ മരുന്നുകംപനി നിരോധിച്ച് യുഎസ്

ഇതേതുടര്‍ന്ന് ചെന്നൈ ആസ്ഥാനമായ മരുന്നുകംപനിയെ യുഎസ് നിരോധിച്ചു. കണ്ണ് വരണ്ടതായി തോന്നുമ്പോള്‍ കൃത്രിമ കണ്ണുനീരായി ഉപയോഗിക്കുന്ന തുള്ളിമരുന്നിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് യുഎസ് വിപണിയില്‍നിന്ന് കംപനി ഈ മരുന്ന് പിന്‍വലിച്ചു. യുഎസിലെ സംഭവങ്ങള്‍ക്കു പിന്നാലെ ചെന്നൈയില്‍ കംപനിയുടെ ആസ്ഥാനത്തു പരിശോധന നടന്നു. കേന്ദ്ര ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റിയും തമിഴ്‌നാട് ഡ്രഗ് കണ്‍ട്രോളറുമാണു പരിശോധിച്ചത്. ശനിയാഴ്ച പുലര്‍ചെ രണ്ടു മണിവരെ പരിശോധന നീണ്ടു.

മരുന്നിനെ പ്രതിരോധിക്കുന്ന ബാക്ടീരിയ തുള്ളിമരുന്നില്‍ കലര്‍ന്നതാണ് അപകടങ്ങള്‍ക്കു കാരണമെന്നാണു യുഎസ് ആരോഗ്യവിഭാഗം പറയുന്നത്. ഒരു മരണം, കാഴ്ച നഷ്ടമാകല്‍ എന്നിവയടക്കം ഈ മരുന്നുമായി ബന്ധപ്പെട്ട് 55 അപകട സംഭവങ്ങള്‍ യുഎസില്‍ റിപോര്‍ട് ചെയ്തു. 'യുഎസിലേക്ക് അയച്ച ബാചില്‍നിന്ന് സാംപിളുകള്‍ ശേഖരിച്ചു. യുഎസിലെ സാംപിളുകള്‍ക്കായി കാത്തിരിക്കുകയാണ്. സര്‍കാരിനു പ്രാഥമിക റിപോര്‍ട് നല്‍കി' എന്ന് തമിഴ്‌നാട് ഡ്രഗ് കണ്‍ട്രോളര്‍ ഡോ. പിവി വിജയലക്ഷ്മി ദേശീയ മാധ്യമത്തോടു പറഞ്ഞു.

തുള്ളിമരുന്നിലെ അപകടകരമായ ബാക്ടീരിയ രക്തം, ശ്വാസകോശം, മുറിവുകള്‍ എന്നിവിടങ്ങളില്‍ വ്യാപിച്ച് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്നാണു റിപോര്‍ട്. മരുന്ന് നിര്‍മാണത്തിനും കയറ്റുമതിക്കും ആവശ്യമായ ലൈസന്‍സുകള്‍ കംപനിക്ക് ഉണ്ടെന്ന് അധികൃതര്‍ പറയുന്നു. യുഎസില്‍ അയച്ചവയില്‍ പൊട്ടിക്കാത്ത ബാച് മരുന്നുകളുടെ സാംപിള്‍ കൂടി പരിശോധിച്ചുള്ള റിപോര്‍ട് കിട്ടിയാലെ അന്തിമ നിഗമനത്തില്‍ എത്താനാകൂവെന്ന് ഡ്രഗ് കണ്‍ട്രോള്‍ അധികൃതര്‍ വ്യക്തമാക്കി.

അടുത്തിടെ ഇന്‍ഡ്യന്‍ കംപനി ഉല്‍പാദിപ്പിച്ച ചുമ സിറപ് കുടിച്ച് 18 കുട്ടികള്‍ മരിച്ചതായുള്ള ആരോപണം ഉസ്ബെകിസ്താന്‍ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ മരുന്നിന്റെ ഉല്‍പാദനം മാരിയോണ്‍ ബയോടെക് നിര്‍ത്തിവച്ചു. ഇന്‍ഡ്യന്‍ നിര്‍മിത ചുമ സിറപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ഒ) രംഗത്തെത്തി. ആംബ്രനോള്‍ സിറപ്, ഡോക്-1 ബാക് സിറപ് എന്നിവയ്ക്കെതിരെയാണ് മുന്നറിയിപ്പ് നല്‍കിയത്. ആരോപണം ഉയര്‍ന്നതിന് പിന്നാലെ കംപനിയുടെ നിര്‍മാണ ലൈസന്‍സ് ഉത്തര്‍പ്രദേശ് സര്‍കാര്‍ റദ്ദാക്കിയിരുന്നു.

Keywords: Late-Night Inspection At Chennai Firm Linked To Vision Loss, Death In US, Chennai, News, Drugs, Complaint, Raid, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia