Excursion Controversy | കോന്നി താലൂക് ഓഫീസിലെ ജീവനക്കാര്‍ ഉല്ലാസയാത്രയ്ക്ക് പോയ സംഭവം; 'വിഷയം വിവാദമാക്കിയ എംഎല്‍എയ്ക്ക് കൊട്ട് കൊടുക്കാന്‍ രഹസ്യ നീക്കവുമായി സിപിഐ'
Feb 24, 2023, 15:23 IST
- അജോ കുറ്റിക്കന്‍
പത്തനംതിട്ട: (www.kvartha.com) കോന്നി താലൂക് ഓഫീസിലെ ജീവനക്കാര്‍ ഉല്ലാസയാത്രയ്ക്ക് പോയ സംഭവം വിവാദമാക്കിയ എം എല്‍ എയ്ക്ക് കൊട്ട് കൊടുക്കാന്‍ രഹസ്യ നീക്കവുമായി സി പി ഐ. സി പി എം അനുകൂല സര്‍വീസ് സംഘടനയായ എന്‍ ജി ഒ യൂണിയന്റെ ഏരിയാ സമ്മേളനത്തിന് ജീവനക്കാര്‍ അവധിയെടുക്കാതെ മുങ്ങിയത് ഉയര്‍ത്തി കാട്ടി കോന്നി എം എല്‍ എ ജി യു ജിനീഷ് കുമാറിനെ കടന്നാക്രമിക്കാനാണ് സി പി ഐയും സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലും അണിയറ നീക്കം തുടങ്ങിയതെന്നാണ് വിവരം.
സി പി ഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ മുഖ്യ നേതൃത്വത്തിലാണ് കഴിഞ്ഞ 10 ന് തഹസീല്‍ദാരടക്കമുള്ള ജീവനക്കാര്‍ മൂന്നാറിലേക്ക് വിനോദയാത്രയ്ക്കായി പുറപ്പെട്ടത്. എന്നാല്‍ വിവരമറിഞ്ഞ സ്ഥലത്തെത്തിയ ജി യു ജിനീഷ് കുമാര്‍ വിഷയം ആളിക്കത്തിക്കുകയായിരുന്നുവെന്നാണ് സി പി ഐ ജില്ലാ നേതൃത്വത്തത്തിന്റെയും ജീവനക്കാരുടെയും ആരോപണം. വിനോദയാത്ര വിവാദമായതോടെ എം എല്‍ എയ്‌ക്കെതിരെ സി പി ഐ ജില്ലാ നേതൃത്വവും രംഗത്ത് വന്നിരുന്നു.
തങ്ങള്‍ ഭരിക്കുന്ന വകുപ്പിനെ അപമാനിക്കുന്നതിന് വേണ്ടി എം എല്‍ എ കരുതിക്കൂട്ടി ശ്രമിച്ചതാണെന്നായിരുന്നു സി പി ഐയുടെ ആരോപണം. എം എല്‍ എയുടെ നിലപാടിനെതിരെ സി പി ഐ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നതോടെ സി പി എം നേതാക്കള്‍ എം എല്‍ എയ്ക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇതോടെ പ്രതിരോധത്തിലായ സി പി ഐ കിട്ടുന്ന അവസരത്തില്‍ സി പി എമ്മിനിട്ട് കൊട്ട് കൊടുക്കാനായി കാത്തിരിക്കുമ്പോഴാണ് സി പി എം അനുകൂല സര്‍വീസ് സംഘടനയായ എന്‍ ജി ഒ യൂണിയന്റെ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പഞ്ചായത് ഡെപ്യൂടി ഡയറക്ടര്‍ ഓഫീസ്, പൊതുമരാമത്ത് ഓഫീസുകള്‍, കലക്ടറേറ്റ് എന്നിവിടങ്ങളിലെ ജീവനക്കാര്‍ കൂട്ടമായി സമ്മേളനത്തില്‍ പങ്കെടുത്തത്. ഇതും വിവാദമായി. ഇതിന് പിന്നില്‍ ജോയിന്റ് കൗണ്‍സിലാണെന്ന സംശയത്തിലാണ് എന്‍ ജി ഒ യൂണിയന്‍ നേതാക്കള്‍.
കഴിഞ്ഞ ദിവസങ്ങളിലാണ് എന്‍ ജി ഒ യൂണിയന്റെ തിരുവല്ല, പത്തനംതിട്ട ഏരിയാ സമ്മേളനങ്ങള്‍ നടന്നത്. സമ്മേളനങ്ങളില്‍ പരമാവധി പങ്കാളിത്തമുണ്ടാകണമെന്ന നേതാക്കളുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ജീവനക്കാര്‍ കൂട്ടത്തോടെ പോയതെന്നാണ് വിവരം. സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ഓഫീസിലെത്തി ഹാജര്‍ രേഖപ്പെടുത്തിയ ശേഷമാണ് സമ്മേളനങ്ങളില്‍ പങ്കെടുത്തതെന്നാണ് അറിയുന്നത്.
പ്രധാന ഓഫീസുകളില്‍ ജീവനക്കാര്‍ ഇല്ലാതെ കസേരകള്‍ ഉച്ചവരെ ഒഴിഞ്ഞു കിടന്നിരുന്നു. വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയ പൊതുജനം വലഞ്ഞുവെങ്കിലും പാവപ്പെട്ടവരുടെ പട തലവനായ എം എല്‍ എ ഇടപെടാത്തത് ഇരട്ടത്താപ്പാണെന്ന പോസ്റ്ററുകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം ജീവനക്കാര്‍ കൂട്ടത്തോടെ ഓഫീസ് വിട്ട് സമ്മേളനങ്ങള്‍ക്ക് പോയ സംഭവത്തില്‍ പിന്നീട് പ്രതികരിക്കാമെന്നാണ് എന്‍ ജി ഒ യൂണിയന്‍ ഭാരവാഹികളുടെ നിലപാട്.
Keywords: News,Kerala,State,Pathanamthitta,CPI,CPM,Politics,party,Political party,Top-Headlines,Trending,Controversy,MLA, Konni taluk office staff's excursion controversy; CPI with secret plan aganist MLA
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.