Custody | കൊച്ചിയിലെ പെറ്റ് ഷോപില്‍ നിന്നും 15,000 രൂപ വിലയുള്ള നായക്കുട്ടിയെ മോഷ്ടിച്ചവര്‍ പിടിയില്‍; കൊണ്ടുപോയത് എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണെന്ന് പൊലീസ്
Feb 1, 2023, 16:54 IST
കൊച്ചി: (www.kvartha.com) കൊച്ചിയിലെ പെറ്റ് ഷോപില്‍ നിന്നും 15,000 രൂപ വിലയുള്ള നായക്കുട്ടിയെ മോഷ്ടിച്ചവര്‍ പിടിയില്‍. കര്‍ണാടക സ്വദേശികളായ നിഖിലും ശ്രേയയുമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. നിഖിലും ശ്രേയയും എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണെന്നും ഇവര്‍ മോഷ്ടിച്ച നായക്കുട്ടിയെ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. ഉഡുപ്പിയിലെ താമസ സ്ഥലത്തുനിന്നുമാണ് ഇവരെ പിടികൂടിയത്. ബൈകില്‍ കൊച്ചിയിലെത്തി നായയെ മോഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. പൂച്ചയെ വാങ്ങുമോ എന്ന അന്വേഷണവുമായാണ് യുവതിയും യുവാവും ബൈകില്‍ നെട്ടൂരിലുള്ള പെറ്റ് ഷോപിലെത്തിയത്. കടയിലെ ജീവനക്കാരന്റെ ശ്രദ്ധ മാറിയപ്പോള്‍ കൂട്ടിലടച്ചിരുന്ന നായ്ക്കുട്ടിയെ യുവതി എടുക്കുകയും യുവാവിന്റെ കൈവശമുണ്ടായിരുന്ന ഹെല്‍മറ്റിലേക്ക് വയ്ക്കുകയുമായിരുന്നു.
ഇടപ്പള്ളി സ്വദേശിയില്‍നിന്നു കടയുടമ കഴിഞ്ഞ ദിവസം വാങ്ങിയ മൂന്നു നായ്ക്കുട്ടികളില്‍ ഒന്നിനെയാണ് ഇവര്‍ കൊണ്ടുപോയത്. ആലപ്പുഴ സ്വദേശിക്കു വില്‍ക്കാന്‍ വേണ്ടിയാണ് രണ്ടു നായ്ക്കുട്ടികളെ കടയില്‍ കൊണ്ടുവന്നത്.
യുവതിയും യുവാവും കടയില്‍നിന്നു പോയതിനു പിന്നാലെ നായ്ക്കുട്ടിയെ വാങ്ങിക്കാന്‍ ആലപ്പുഴ സ്വദേശി എത്തിയപ്പോഴാണ് ഒരെണ്ണത്തിനെ കാണാനില്ലെന്ന കാര്യം അറിയുന്നത്. ഓടിപ്പോയെന്ന നിഗമനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു.
അപ്പോഴാണ് യുവതിയും യുവാവും നായ്ക്കുട്ടിയെ മോഷ്ടിച്ചെന്ന വിവരം മനസ്സിലാക്കിയത്. ഇവര്‍ പോയ വഴിയിലെ മറ്റു സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണ് വൈറ്റിലയിലുള്ള മറ്റൊരു ഷോപില്‍ നിന്നു നായയ്ക്കുള്ള തീറ്റയും ഇവര്‍ മോഷ്ടിച്ചതായി കണ്ടെത്തിയത്. ഇതിനു പിന്നാലെ കടയുടമ പനങ്ങാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: Kochi: Engineering students in custody for stealing puppy from pet shop, Kochi, Robbery, Police, Custody, Engineering Student, Kerala, Dog.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.