Follow KVARTHA on Google news Follow Us!
ad

CM | കേരളത്തിലെ കടം ആഭ്യന്തര വരുമാന അനുപാദം ക്രമാനുഗതമായി കുറഞ്ഞുവരികയാണ്; കേന്ദ്ര സര്‍കാരിന്റെ നയങ്ങള്‍ മൂലം സാമ്പത്തിക ഞെരുക്കം ഉണ്ടാകുന്നുണ്ട്; പൊതുഭരണ വകുപ്പ് ധനാഭ്യര്‍ഥന ചര്‍ചയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Chief Minister,Pinarayi-Vijayan,Kerala,
തിരുവനന്തപുരം: (www.kvartha.com) കേരളത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള അടങ്കല്‍ 39640 കോടി രൂപയാണെന്ന് പൊതുഭരണ വകുപ്പ് ധനാഭ്യര്‍ഥന ചര്‍ചയ്ക്കുള്ള മറുപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇതില്‍ 27 ശതമാനത്തോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി നീക്കി വച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്‍ഡ്യയില്‍ മറ്റേതെങ്കിലും സംസ്ഥാനത്ത് ഇത് ഉണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിലെ കടം ആഭ്യന്തര വരുമാന അനുപാദം ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. ധനക്കമ്മി ആഭ്യന്തര വരുമാനത്തിന്റെ 4.57 ശതമാനമായിരുന്നു 2020-21 ല്‍. ഇത് 2022-23 ല്‍ 3.61 ആയി കുറയുകയാണ്. 2023-24 ല്‍ ഇത് 3.50 ശതമാനാമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

അതുപോലെ തന്നെ റവന്യൂ കമ്മി 2020-21 ല്‍ 2.60 ശതമാനമായിരുന്നത് 2022-23 ല്‍ 1.96 ആയി കുറയുകയാണ്. ഇത് സാമ്പത്തിക കെടുകാര്യസ്ഥതയുടെ ലക്ഷണമല്ല. എന്നാല്‍ എല്ലാം സുഭിക്ഷമാണെന്നല്ല. കേന്ദ്ര സര്‍കാരിന്റെ നയങ്ങള്‍ മൂലം സാമ്പത്തിക ഞെരുക്കം ഉണ്ടാകുന്നുണ്ട്. ഈ കണക്കുകള്‍ കൂടി കാണണം. നമ്മുടെ തനത് നികുതി വരുമാന വളര്‍ച 20 ശതമാനം കടന്നിരിക്കുകയാണ്. 2013-14 മുതലുള്ള യുഡിഎഫ് കാലത്തെ വളര്‍ചാ നിരക്കിന്റെ ഒരു ഇരട്ടിയാണ് ഇത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വേഗത്തില്‍ സഹായം അനുവദിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതു മുതല്‍ ധനസഹായം അനുവദിക്കുന്നതുവരെയുള്ള എല്ലാ നടപടികളും ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്. സഹായധനം ഗുണഭോക്താവിന്റെ ബാങ്ക് അകൗണ്ടിലേക്ക് നേരിട്ടാണ് കൈമാറുന്നത്.

സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ ലഘൂകരിച്ചും വിവിധ തലങ്ങളില്‍ അനുവദിക്കാവുന്ന ധനസഹായത്തിന്റെ തുക ഉയര്‍ത്തിയും ഗുണഭോക്താവിന്റെ വരുമാനപരിധി വര്‍ധിപ്പിച്ചും അര്‍ഹതപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ കഴിയുന്നുണ്ട്.

ധനസഹായത്തിനായി ലഭിച്ച ഏതാനും ചില അപേക്ഷകള്‍ സര്‍കാര്‍ തലത്തില്‍ പരിശോധിച്ചപ്പോള്‍ ചില സംശയങ്ങള്‍ ഉയരുകയും ഇതിനെത്തുടര്‍ന്ന് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 22-02-2023 ന് വിജിലന്‍സ് ' ഓപറേഷന്‍ സിഎംഡിആര്‍എഫ്' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ജില്ലാ കലക്ടറേറ്റുകളില്‍ മിന്നല്‍ പരിശോധന നടത്തുകയുണ്ടായി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായം അര്‍ഹരായവര്‍ക്ക് ഉറപ്പുവരുത്താനും അനര്‍ഹര്‍ അത് കൈപ്പറ്റുന്നത് തടയുവാനും ശക്തമായ നടപടി സ്വീകരിക്കും. തെറ്റായ ഒരു പ്രവണതയും അതില്‍ കടന്നു കൂടാതിരിക്കാനാണ് സമഗ്രമായ പരിശോധനയ്ക്ക് വിജിലന്‍സിനെ ചുമതലപ്പെടുത്തിയത്. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെത്തിയ വിഷയങ്ങളില്‍ തുടര്‍നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സുതാര്യമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ്. കംപ്‌ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജെനറലിന്റെ ആഡിറ്റിംഗിന് വിധേയവുമാണ്. കേന്ദ്രസര്‍കാര്‍ അടുത്ത കാലത്ത് രൂപീകരിച്ച നിധിയെപ്പോലെ ആഡിറ്റിംഗിനും പരിശോധനയ്ക്കും അതീതമായ ഒന്നല്ല കേരളത്തിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി.

സാധാരണ ജനങ്ങള്‍ ഉള്‍പ്പെടെ അകമഴിഞ്ഞ് സംഭാവന നല്‍കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനര്‍ഹരായവര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ ശ്രമിച്ചവര്‍ക്കും അതിന് കൂട്ടുനിന്നവര്‍ക്കും എതിരെ ഒരു ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016 ജൂണ്‍ മുതല്‍ 2021 മെയ് വരെ 682569 അപേക്ഷകളില്‍ 918.95 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയായി ആകെ 4970.29 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഇതില്‍ 4627.64 കോടി രൂപ ഇതിനകം ചിലവഴിച്ചിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട് സംഭാവനയായി 108.59 കോടി രൂപ ലഭിച്ചിട്ടുണ്ട്. 119.34 കോടി രൂപ ചിലവായിട്ടുണ്ട്. കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് നാളിതുവരെ സംഭാവനയായി 1029.01 കോടി രൂപ ലഭിച്ചതില്‍ 1028.06 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്.

ഈ സര്‍കാര്‍ അധികാരത്തില്‍ വന്നശേഷം 31-01-2023 വരെ 246522 അപേക്ഷകളില്‍ 462.62 രൂപ അനുവദിച്ചിട്ടുണ്ട്.

കെ-ഫോണ്‍

സംസ്ഥാനത്തൊട്ടാകെ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള കെ-ഫോണ്‍ പദ്ധതിക്കായി 7556 കി.മീ ബാക് ബോണ്‍ സ്ഥാപിക്കാനുള്ളതില്‍ 6500 കിലോമീറ്ററിലധികം പണി പൂര്‍ത്തിയായി. 26,057 ഓഫീസുകളില്‍/സ്ഥാപനങ്ങളില്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. 11832 ഓഫീസുകളില്‍/സ്ഥാപനങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഈ പ്രവൃത്തികള്‍ മാര്‍ച് 31 നകം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.

പ്രാഥമിക ഘട്ടത്തില്‍ ഓരോ നിയമസഭാ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 100 കുടുംബങ്ങള്‍ക്ക് വീതം 140 മണ്ഡലങ്ങളിലുമായി 14000 കുടുംബങ്ങള്‍ക്ക് സൗജന്യ കെ-ഫോണ്‍ കണക്ഷന്‍ നല്‍കാനും ലക്ഷ്യമിടുന്നു.

സംസ്ഥാനത്ത് അധികാരത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍കാര്‍ മുന്‍ ഇടതുപക്ഷ സര്‍കാരുകളുടെ തുടര്‍ചയാണ്. ജനാധിപത്യവ്യവസ്ഥയില്‍ അഞ്ചുകൊല്ലത്തിലൊരിക്കല്‍ വോട് രേഖപ്പെടുത്തുന്നതു മാത്രമല്ല സമ്മതിദായകരും ഭരണകൂടവും തമ്മിലുള്ള ബന്ധം എന്ന് ഉറച്ചു വിശ്വസിക്കുന്ന സര്‍കാരാണിത്.

അതുകൊണ്ടുതന്നെ, തിരഞ്ഞെടുപ്പുവേളയില്‍ ജനങ്ങള്‍ക്കു മുമ്പാകെ സമര്‍പ്പിച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പാകുന്നു എന്ന കാര്യം ഓരോ വര്‍ഷവും ജനസമക്ഷം അവതരിപ്പിക്കുന്ന രീതി ഈ സര്‍കാര്‍ തുടര്‍ന്നുവരുന്നു. തിരഞ്ഞെടുപ്പുവേളയില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതാണ് എന്ന ബോധ്യം സര്‍കാരിനുണ്ട്. നമ്മുടെ രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ ഇതൊരു തനതായ മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍കാര്‍ വകുപ്പുകള്‍ നടപ്പാക്കുന്ന നയപരിപാടികള്‍ക്ക് ഊര്‍ജസ്വലത നല്‍കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍കാര്‍ രണ്ട് നൂറുദിന പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയുണ്ടായി. 2021 ല്‍ അധികാരത്തില്‍ വന്ന ഈ സര്‍കാര്‍ രണ്ട് നൂറുദിന പരിപാടികള്‍ വിജയകരമായി നടപ്പാക്കുകയും മൂന്നാമത്തെ നൂറുദിന പരിപാടി ഫെബ്രുവരി 10 മുതല്‍ മെയ് 20 വരെ നടപ്പാക്കിവരികയാണ്.

നൂറുദിന പരിപാടികള്‍ നടപ്പാക്കിയതിന്റെ പുരോഗതി ഓരോ പരിപാടിയും സമാപിക്കുമ്പോള്‍ ജനസമക്ഷം വയ്ക്കുന്നുണ്ട്. ഇതിന്റെ വിവരങ്ങള്‍ വെബ്‌സൈറ്റിലും ലഭ്യമാണ്. തൊഴിലവസരങ്ങളും തൊഴില്‍ ദിനങ്ങളും സൃഷ്ടിക്കല്‍, ലൈഫ്-പുനര്‍ഗേഹം പദ്ധതികളില്‍ ഭവനനിര്‍മാണം നടത്തല്‍, പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ എന്നിവ നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തുന്നുണ്ട്. എല്ലാ വിശദാംശങ്ങളിലേക്കും ഈ അവസരത്തില്‍ കടക്കുന്നില്ല.

സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍കാര്‍ സാമൂഹ്യസുരക്ഷാ പദ്ധതികളും ഭൗതിക, സാമൂഹിക പശ്ചാത്തല സൗകര്യ വികസന പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കുന്ന നയങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്.
കോവിഡ് കാലത്തും അതിനുശേഷവും ഉല്‍പാദനരംഗത്ത് നിര്‍ണായകമായ ഇടപെടലുകള്‍ സംസ്ഥാന സര്‍കാര്‍ നടത്തിവരുന്നുണ്ട്.

അതിന്റെ ഗുണഫലങ്ങള്‍ കാര്‍ഷികമേഖലയിലും വ്യവസായമേഖലയിലും കണ്ടുവരികയാണ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ സ്ഥിരവിലയിലെ സാമ്പത്തിക വളര്‍ച 12 ശതമാനമാണ്. ഇത് അഖിലേന്‍ഡ്യാ വളര്‍ചാ നിരക്കിനേക്കാള്‍ ഒന്നര ഇരട്ടി വരും. ഇതിനേയും നിസ്സാരവല്‍കരിക്കാന്‍ ചില കോണുകളില്‍ നിന്നും ശ്രമം ഉണ്ടാകുന്നുണ്ട്.

രാജ്യത്തും ലോകത്തെമ്പാടും സ്വീകരിച്ചുവരുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെയും ആഭ്യന്തര വരുമാനം കണക്കാക്കുന്നത്. ഇതില്‍ നിന്നെല്ലാം മാറി ചില വിചിത്ര വാദങ്ങളുയര്‍ത്തി കേരളത്തിന്റെ സാമ്പത്തിക വളര്‍ച 12 അല്ല 2.5 ശതമാനമാണെന്ന് ഒരു മാധ്യമം സമര്‍ഥിക്കുകയുണ്ടായി.

കോവിഡ് കാലത്തെ വലിയ സാമ്പത്തിക തളര്‍ചയ്ക്കുശേഷം സര്‍കാരിന്റെ നയപരമായ ഇടപെടലുകള്‍ കൂടി ഉണ്ടായതു കാരണം കേരളം കൈവരിച്ച സാമ്പത്തിക വളര്‍ച അഭിമാനകരമാണ്. അതിനെയും നിസ്സാരവല്‍കരിക്കുകയാണ് ചിലര്‍. സംരംഭകത്വ പദ്ധതി, ബെംഗ്ലൂര്‍-കൊച്ചി വ്യവസായ ഇടനാഴി, ദേശീയപാത വികസനം എന്നിങ്ങനെ പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ നല്ല പുരോഗതി കൈവരിക്കുകയാണ്.

എന്നാല്‍, ഇവിടെ ഇതൊന്നും വേണ്ട എന്നാണ് ചിലര്‍ പറയുന്നത്. കേരളം കടക്കെണിയിലാണ്, ഖജനാവ് കാലിയാണ് എന്നിങ്ങനെയാണ് പ്രചരണം. മൂലധന ചെലവുകള്‍ക്കായി സംസ്ഥാന സര്‍കാര്‍ ഉള്‍ക്കാഴ്ചയോടെ നടപ്പാക്കുന്ന പദ്ധതികളെയാകെ സാമ്പത്തിക സ്രോതസ്സുകള്‍ ഞെരുക്കിക്കൊണ്ട് തകര്‍ക്കാനാണ് കേന്ദ്ര സര്‍കാര്‍ ശ്രമിക്കുന്നത്. അതിന് എല്ലാ പിന്തുണയും കോണ്‍ഗ്രസ്സും യുഡിഎഫും നല്‍കുകയാണ്.

കോവിഡിന്റെ അസാധാരണ സാഹചര്യത്തില്‍ ഇന്‍ഡ്യാ ഗവണ്‍മെന്റും ലോകത്തെമ്പാടുമുള്ള എല്ലാ സര്‍കാരുകളും അധിക വായ്പയെടുക്കുകയുണ്ടായി. എല്ലാ രാജ്യങ്ങളുടെയും കടം-വരുമാനം അനുപാതം വര്‍ധിക്കുകയുമുണ്ടായി. കേന്ദ്ര സര്‍കാരിന്റെ അനുമതിയോടുകൂടി കേരളവും കോവിഡ് സാഹചര്യം മറികടക്കാനായി അധിക വായ്പയെടുക്കുകയുണ്ടായി.

അതുകൊണ്ട് 2020-21 വര്‍ഷത്തില്‍ കടബാധ്യതയില്‍ വര്‍ധനയുമുണ്ടായി. അത് വലിയൊരു കുറ്റമായി ചിത്രീകരിക്കാനാണ് പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്. പശ്ചാത്തല സൗകര്യ വികസന പദ്ധതികളെ കാര്യക്ഷമമായി ചലിപ്പിക്കുന്ന എല്‍ഡിഎഫ് സര്‍കാരിനെ കട്ടപ്പുറത്തെ സര്‍കാര്‍ എന്നാണ് അധിക്ഷേപിച്ചത്. പ്രതിപക്ഷത്തിന്റെ ഈ മുദ്രാവാക്യത്തിന് ഞാനൊരു ഭേദഗതി അവതരിപ്പിക്കുകയാണ്. കട്ടപ്പുറത്തെ പദ്ധതികളെ ചലിപ്പിക്കുന്ന സര്‍കാര്‍ എന്നാകട്ടെ മുദ്രാവാക്യം എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫെഡറല്‍ സംവിധാനത്തെയാകെ അര്‍ഥശൂന്യമാക്കുന്ന രീതിയില്‍ സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറയ്ക്കുകയും ജി എസ് ടി നഷ്ടപരിഹാരം നിര്‍ത്തലാക്കുകയും ചെയ്ത കേന്ദ്ര നയങ്ങള്‍ക്കെതിരെ ഒരുമിച്ചുനിന്ന് പ്രതിഷേധിക്കാന്‍ തയാറാകുന്നതിനു പകരം സംസ്ഥാന സര്‍കാരിനെ ഏതു വിധേനെയും കടന്നാക്രമിക്കുക എന്ന നയമാണ് കോണ്‍ഗ്രസ്സും യുഡിഎഫും കൈക്കൊള്ളുന്നത്. ഇത് സംസ്ഥാനത്തിന്റെ പൊതു താല്‍പ്പര്യത്തിന് വിരുദ്ധമാണെന്ന് ഞങ്ങള്‍ പറയുമ്പോള്‍ അതിനെയും അധിക്ഷേപിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഒരു സര്‍കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി കാണുന്നതും കുറ്റങ്ങളും കുറവുകളും ജനങ്ങള്‍ക്കു മുമ്പാകെ കൊണ്ടുവരുന്നതും പ്രതിപക്ഷത്തിന്റെ കടമയാണ്. പക്ഷെ, സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കരുതെന്ന് ശക്തിയായി കേന്ദ്ര സര്‍കാരിനു മുന്നില്‍ വാദിക്കുന്നത് പ്രതിപക്ഷത്തിന്റെ കടമയല്ല, പകരം അത് നിങ്ങളെ തിരഞ്ഞെടുത്ത ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയ ഘടനയുടെ ആണിക്കല്ലായ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ അസാധാരണമായ ഭീഷണി നേരിടുന്ന ഒരു സാഹചര്യത്തിലാണ് നാം നില്‍ക്കുന്നത്. കേന്ദ്രത്തിലെ ബിജെപി സര്‍കാരിനെ എതിര്‍ക്കുന്നവരോട് സംഘപരിവാര്‍ സംഘടനകള്‍ പുലര്‍ത്തുന്ന അസഹിഷ്ണുതയും നടത്തുന്ന വിവിധതരം ആക്രമണങ്ങളും നാം അനുദിനം കണ്ടുകൊണ്ടിരിക്കുകയാണ്.

ഇതിനെതിരെ യോജിപ്പിന്റെ മേഖലകള്‍ മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ കണ്ടെത്തണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. പകരം, കേന്ദ്ര സര്‍കാര്‍ വിവിധ തരത്തില്‍ നടത്തുന്ന ആക്രമണങ്ങള്‍ ഏതെങ്കിലും വിധത്തില്‍ കേരളത്തിലെ സര്‍കാരിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ക്ഷീണമാകുമെങ്കില്‍ അതങ്ങനെയാകട്ടെ എന്നുമുള്ള ഹ്രസ്വദൃഷ്ടിയാണ് കേരളത്തിലെ കോണ്‍ഗ്രസ്സിനുള്ളത്.

ഇവിടെ ഇടതുപക്ഷത്തെ എതിര്‍ക്കാന്‍ ബിജെപിയെങ്കില്‍ ബിജെപി എന്നാണ് കോണ്‍ഗ്രസ്സിന്റെ നിലപാട്. 1991 മുതലുള്ള വിവിധ തിരഞ്ഞെടുപ്പുകളില്‍ ഇത് നാം കണ്ടിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ ഇക്കഴിഞ്ഞ ദിവസം നടന്ന റായ്പൂര്‍ പ്ലീനത്തില്‍ പാസ്സാക്കിയ പ്രമേയങ്ങളിലെ നിലപാടും കേരളത്തില്‍ കോണ്‍ഗ്രസ്സ് സ്വീകരിക്കുന്ന നിലപാടും തമ്മില്‍ അന്തരമുണ്ട്.

തങ്ങള്‍ക്കിഷ്ടമില്ലാത്ത തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍കാരുകളെ വരിഞ്ഞുമുറുക്കാന്‍ കേന്ദ്ര സര്‍കാര്‍ സ്വീകരിക്കുന്ന നയങ്ങളെപ്പറ്റി കോണ്‍ഗ്രസ് പ്ലീനറി സമ്മേളന പ്രമേയത്തില്‍ പരാമര്‍ശമുണ്ട്. അക്കാര്യങ്ങളില്‍ പോലും ഞങ്ങളുമായി ഒരു യോജിച്ച നിലപാടെടുക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് തയാറാകുന്നില്ല. കേന്ദ്ര അധികാരം സംസ്ഥാനങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നതിന്റെ ബാലപാഠങ്ങള്‍ ബിജെപിക്ക് പഠിപ്പിച്ചത് കോണ്‍ഗ്രസ്സാണെന്നുള്ളത് മറ്റൊരു വസ്തുത.

പക്ഷെ, വൈകിയെങ്കിലും കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വം കാര്യങ്ങള്‍ പറയുമ്പോള്‍ അതിനോടുപോലും മുഖം തിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്. വികസന പദ്ധതികളെ മാത്രമല്ല, ഫെഡറല്‍ സംവിധാനത്തെത്തന്നെ ഇല്ലായ്മ ചെയ്യാനുള്ള കേന്ദ്ര നയങ്ങള്‍ക്കെതിരെ കേരള സര്‍കാര്‍ ശബ്ദമുയര്‍ത്തുമ്പോള്‍ അതിനെ പരിഹസിക്കുകയാണ് നിങ്ങള്‍. വാസ്തവത്തില്‍ നിങ്ങള്‍ പരിഹസിക്കുന്നത് കേരളത്തിലെ ജനങ്ങളെ ആകെയാണ്.

അനവധി പ്രതികൂല ഘടകങ്ങള്‍ നിലനില്‍ക്കുന്ന ഒരു ദേശീയ സാഹചര്യത്തിലാണ് പരിമിതമായ അധികാരമുള്ള സംസ്ഥാന സര്‍കാര്‍ പ്രവര്‍ത്തിക്കുന്നത്. ധനസ്രോതസ്സുകള്‍ കണ്ടെത്താനും പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കാനും നമ്മള്‍ സ്വീകരിക്കുന്ന ഓരോ മാര്‍ഗവും എങ്ങനെ തടയാമെന്നാണ് കേന്ദ്ര സര്‍കാര്‍ ആലോചിക്കുന്നത്. അതിന്റെ ഭാഗമാണ് കിഫ്ബിക്കെതിരായ നിലപാട്. ഇത്തരം സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍കാരിനുമുണ്ട്. എന്നാല്‍, കേരളത്തിന് ഇതൊന്നും പാടില്ല എന്നാണ് വിവേചനപരമായ കേന്ദ്ര സമീപനം. അതിനെയാണ് ഇവിടത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത്.

സംസ്ഥാന സര്‍കാര്‍ ജനക്ഷേമ പരിപാടികളില്‍ നിന്നും ഒരിഞ്ചുപോലും പിന്നോട്ടുപോയിട്ടില്ല. സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ കാര്യക്ഷമമായി വിതരണം ചെയ്യുന്നുണ്ട്. കേരളത്തിലെ ജനസംഖ്യാ ഘടനയില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് എണ്ണത്തില്‍ പ്രാമുഖ്യമുണ്ടാവുകയാണ്. ഇത് ചില വികസിത രാജ്യങ്ങളിലും കണ്ടുവരുന്നുണ്ട്.

ഈ വിഭാഗത്തിന്റെ 78 ശതമാനം വരുന്നവര്‍ക്ക് വിവിധ തരം പെന്‍ഷനുകള്‍ സംസ്ഥാന സര്‍കാര്‍ നല്‍കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ സംസ്ഥാന ബജറ്റുകളെപ്പറ്റിയുള്ള ഏറ്റവും ഒടുവിലത്തെ പഠനം ചൂണ്ടിക്കാണിക്കുന്നത്. ഇതിനായി വരുമാനം കണ്ടെത്താന്‍ ചില ധനാഗമ മാര്‍ഗങ്ങള്‍ സംസ്ഥാന സര്‍കാര്‍ തേടുമ്പോള്‍ അതിനെതിരെ വാളോങ്ങുകയാണ് ഇവിടുത്തെ പ്രതിപക്ഷം.

യുഡിഎഫ് ഭരണകാലത്ത് വല്ലപ്പോഴുമൊരിക്കലാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വിതരണം ചെയ്തിരുന്നത്. ഇന്നത്തെ സ്ഥിതി അതല്ല. ഞങ്ങള്‍ ഇത് കാര്യക്ഷമമായി വിതരണം ചെയ്യുന്നുണ്ട്. ഇതിനുവേണ്ടി ധനസ്രോതസ്സുകള്‍ കണ്ടെത്താന്‍ സംസ്ഥാന സര്‍കാര്‍ ചില നടപടികളെടുക്കുമ്പോള്‍ അതെന്തോ വലിയ കുറ്റമായി പോയി എന്ന് നിങ്ങള്‍ പറഞ്ഞാല്‍ യുക്തിസഹമായി ചിന്തിക്കുന്ന ഒരാളും അതിനോട് യോജിക്കില്ല.

കേരളത്തിലെ സര്‍കാര്‍ നടത്തുന്ന ഭരണപരമായ ഇടപെടലുകള്‍ക്ക് ദേശീയതലത്തില്‍ അംഗീകാരം ലഭിക്കുന്നുണ്ട്. ഇത് നമുക്കാകെ അഭിമാനിക്കാവുന്ന ഒന്നാണ്. ചില ഉദാഹരണങ്ങള്‍ ഇവിടെ പറയുകയാണ്.

1. നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ കേരളം തുടര്‍ചയായി നാലാം തവണയും ഒന്നാം സ്ഥാനം.

2. നീതി ആയോഗിന്റെ ദേശീയ മള്‍ടി ഡയമന്‍ഷണല്‍ ദാരിദ്ര്യ സൂചികയില്‍ കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം കേരളം.


3. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചികയില്‍ ഒന്നാം സ്ഥാനം.

Kerala's debt-to-income ratio is steadily declining says CM Pinarayu Vijayan, Thiruvananthapuram, News, Politics, Chief Minister, Pinarayi-Vijayan, Kerala

4. വിദ്യാഭ്യാസ അവസരത്തിലും സൗകര്യത്തിലും ഇന്‍ഡ്യയിലെ മികച്ച സംസ്ഥാനമായി കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം കേരളത്തെ തിരഞ്ഞെടുത്തു.


5. അഴിമതി വിമുക്ത പൊലീസ് സേവനത്തില്‍ കേരളം ഒന്നാമതെന്ന് ഇന്‍ഡ്യന്‍ പൊലീസ് ഫൗണ്ടേഷന്‍.


6. കേന്ദ്ര സര്‍കാരിന്റെ ആരോഗ്യ മന്ഥന്‍ 3.0 ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള പുരസ്‌കാരം കേരളത്തിന്.


7. രാജ്യത്തെ മികച്ച കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് കേരളത്തില്‍: ഇന്‍ഡ്യ ടുഡേയുടെ ഹെല്‍ത് ഗിരി അവാര്‍ഡ്

സര്‍കാര്‍ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നത് സുതാര്യമായിരിക്കണമെന്നും വേഗത്തിലായിരിക്കണമെന്നും സര്‍കാരിന് നിര്‍ബന്ധമുണ്ട്. ഇതിനായുള്ള നടപടികള്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി സര്‍കാര്‍ സ്വീകരിച്ചുവരികയാണ്. ഒഴിവാക്കാന്‍ കഴിയുന്ന സര്‍ടിഫികറ്റുകള്‍ ഒഴിവാക്കി സ്വയം സാക്ഷ്യപ്പെടുത്തലായി പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. അതുപോലെ, മിക്ക സര്‍കാര്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കാനും സര്‍കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സര്‍കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രക്രിയയില്‍ ഒരു രീതിയിലുള്ള അഴിമതിയും ഉണ്ടാകാന്‍ പാടില്ലെന്ന് സര്‍കാരിന് നിര്‍ബന്ധമുണ്ട്.

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആകെ ലഭിച്ച പരാതികള്‍ 98.6 ശതമാനം തീര്‍പ്പാക്കിയിട്ടുണ്ട്. തീര്‍പ്പാക്കിയ പരാതികളുടെ സമ്പൂര്‍ണ അവലോകനവും നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണനിര്‍വഹണ സുതാര്യതയുടെ ഭാഗമായി സെക്രടേറിയറ്റില്‍ 01- 01- 2018 മുതല്‍ പൂര്‍ണതോതില്‍ സ്പാര്‍ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കി. എല്ലാ സര്‍കാര്‍, അര്‍ധസര്‍കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, പ്രസ്തുത സംവിധാനം 31-03-2023-നകം സംസ്ഥാനത്തെ എല്ലാ സര്‍കാര്‍ ഓഫീസുകളിലും നടപ്പില്‍ വരുത്താന്‍ സര്‍കാര്‍ ഉദ്ദേശിക്കുന്നു.

ഇ-സന്ദര്‍ശന സംവിധാനം പൊതുജനങ്ങള്‍ക്ക് സര്‍കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ തന്നെ ഏതെങ്കിലും ഔദ്യോഗിക കാര്യത്തിന് സര്‍കാര്‍ ജീവനക്കാരെ നേരിട്ട് കാണേണ്ടതുണ്ടെങ്കില്‍ അതിനായി നേരത്തെ അപോയ്‌മെന്റ് ഫിക്‌സ് ചെയ്യുന്നതിനും ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ ജീവനക്കാരുമായി സംവദിക്കുന്നതിനും ഇ-ഓഫീസ് സംവിധാനം വഴി ഇ-സന്ദേശന സംവിധാനം തയാറായിട്ടുണ്ട്. ഉടന്‍ തന്നെ ഈ സംവിധാനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതാണ്.

ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി ഈ സര്‍കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രത്യേക കര്‍മപരിപാടി നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 9,55,671 ഫയലുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. ഫയലുകള്‍ തീര്‍പ്പാക്കുന്നത് കാര്യക്ഷമമായി നടക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് സെക്രടറിമാര്‍ക്ക് കൃത്യമായ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍കാരിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് മറ്റൊരു മുതല്‍ക്കൂട്ടായ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള (കെഎഎസ്) നിയമം 2021 നവംബര്‍ ഒന്നിന് നടപ്പിലാക്കുകയും ഉദ്യോഗസ്ഥരുടെ പരിശീലനം അന്തിമ ഘട്ടത്തിലുമാണ്.

കൃത്യമായും സുതാര്യമായും സര്‍കാര്‍ സര്‍വീസുകളിലേക്കുള്ള നിയമനം കേരളത്തില്‍ നടന്നുവരുന്നുണ്ട്. കേന്ദ്രതലത്തില്‍ സര്‍കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ലക്ഷക്കണക്കിന് ഒഴിവുകള്‍ നികത്താതെ കിടക്കുമ്പോള്‍ സംസ്ഥാന സര്‍കാര്‍ പബ്ലിക് സര്‍വീസ് കമീഷന്‍ വഴി മെയ് 2021 മുതല്‍ ജനുവരി 2023 വരെയുള്ള കാലയളവില്‍ 41,732 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍കാരിന്റെ കാലത്ത് 1,61,268 പേര്‍ക്ക് പി എസ് സി നിയമന ശുപാര്‍ശ നല്‍കി. 2016-23 കാലഘട്ടത്തില്‍ ആകെ 2,03,000 പേര്‍ക്കാണ് നിയമന ശിപാര്‍ശ നല്‍കിയത്. ഈ സര്‍കാര്‍ അധികാരത്തില്‍ വന്നശേഷം 1200 റാങ്ക് ലിസ്റ്റുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുന്‍കൂട്ടി പരീക്ഷാ കലന്‍ഡറുകള്‍ പ്രസിദ്ധീകരിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷകള്‍ക്കുള്ള തയാറെടുക്കുന്നതിന് ഉതകുന്ന സമീപനവും പി എസ് സി കൈക്കൊണ്ടിട്ടുണ്ട്.

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി സര്‍കാര്‍ ജീവനക്കാരെ സജ്ജമാക്കുന്ന നടപടികളും സംസ്ഥാന സര്‍കാര്‍ സ്വീകരിച്ചുവരുന്നുണ്ട്. ഉല്‍പ്പാദനമേഖലകള്‍ക്ക് ഉത്തേജനം നല്‍കുന്ന നയങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ വ്യവസായ സംരംഭ സൗഹൃദമാക്കാന്‍ നിയമപരമായ നടപടികളും പ്രായോഗിക സമീപനങ്ങളും സംസ്ഥാന സര്‍കാര്‍ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

എം എസ് എം ഇ മേഖലയില്‍ കേരളം നല്ല നേട്ടങ്ങള്‍ കൈവരിച്ചിട്ടുമുണ്ട്. സംസ്ഥാനത്ത് അതീവ ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായുള്ള പദ്ധതി തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പാക്കിവരികയാണ്. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഗുണം ലഭിക്കുന്ന വികസന പദ്ധതികളാണ് സംസ്ഥാന സര്‍കാര്‍ നടപ്പാക്കുന്നത്.

ഉയര്‍ന്ന സാമ്പത്തിക വളര്‍ചയും ലക്ഷ്യമിടുന്നുണ്ട്. ഏതു വിധത്തിലും സംസ്ഥാനത്തിന്റെ ധനസ്രോതസ്സുകളെ ഞെരുക്കുന്ന ഫെഡറല്‍ വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ഇവിടത്തെ പ്രതിപക്ഷവും ഞങ്ങള്‍ക്കൊപ്പം ശബ്ദമുയര്‍ത്താന്‍ തയാറാകണമെന്നും അതിലൂടെ കേരളത്തിന്റെ തനതായ വികസന മാതൃകയെ ഉയര്‍ത്തിപ്പിടിക്കാനുള്ള സംസ്ഥാന സര്‍കാരിന്റെ ഉദ്യമങ്ങളെ സഹായിക്കണമെന്നും ഈ അവസരത്തില്‍ അഭ്യര്‍ഥിക്കുകയാണ്.

Keywords: Kerala's debt-to-income ratio is steadily declining says CM Pinarayi Vijayan, Thiruvananthapuram, News, Politics, Chief Minister, Pinarayi-Vijayan, Kerala.

Post a Comment