'കൂടെയുള്ള പലരും ഇപ്പോഴും കള്ളക്കേസില്‍ ജയിലിലാണ്. എന്റെ കൂടെ അറസ്റ്റിലായവരില്‍ ഞാനും കൂടെയുണ്ടായിരുന്ന ഡ്രൈവറും മാത്രമാണ് പുറത്തുവന്നത്. 28 മാസത്തിനു ശേഷമാണ് സ്വാതന്ത്ര്യം ലഭിക്കുന്നത്. 28 മാസം ഞാന്‍ ജയിലില്‍ കിടന്നു. പൂര്‍ണമായും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുകയായിരുന്നു.
28 മാസം കൊണ്ടെങ്കിലും ജയില്‍ മോചിതനാകാന്‍ സാധിച്ചത് പത്രപ്രവര്‍ത്തക യൂനിയന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കമുള്ള പൊതുസമൂഹം, വിവിധ സാമൂഹ്യപ്രവര്‍ത്തകരടക്കം സഹായിച്ചതുകൊണ്ടാണ്. ഉമ്മ ഇല്ലാത്ത ലോകത്തേക്കാണ് ഇറങ്ങി വന്നിരിക്കുന്നത്. ഉമ്മാക്ക് സന്തോഷമുണ്ടാകും, നല്ല കാര്യത്തിന് വേണ്ടിയാണ് ജയിലില്‍ കിടന്നത്. ഒരു ദളിത് പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടിയും അത് പുറംലോകത്തെ അറിയിക്കാന്‍ റിപോര്‍ട് ചെയ്യാന്‍ പോകവെയാണ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചത്' - പുറത്തിറങ്ങിയ ശേഷം കാപ്പന്‍ പ്രതികരിച്ചു. ഭാര്യ റൈഹാനത്തും മകനും ലഖ്‌നൗവില്‍ എത്തിയിരുന്നു.
ജാമ്യ നടപടി പൂര്‍ത്തിയാക്കി മോചന ഉത്തരവ് വിചാരണ കോടതി ബുധനാഴ്ച വൈകിട്ട് ലഖ്‌നൗ ജയിലിലേക്കയച്ചിരുന്നെങ്കിലും ഓര്‍ഡര്‍ ജയിലില്‍ ലഭിക്കാന്‍ സമയം വൈകിയതോടെ പുറത്തിറങ്ങാന്‍ ഒരുദിവസം കൂടെ അധികമെടുക്കുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ അദ്ദേഹം ജയിലില്‍നിന്ന് പുറത്തിറങ്ങുകയായിരുന്നു.
യുപി പൊലീസും ഇഡിയും ചുമത്തിയ കേസുകളിലെല്ലാം കാപ്പനു ജാമ്യം ലഭിച്ചിരുന്നു. ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ കാപ്പനെതിരെ യുഎപിഎ ഉള്‍പ്പെടുത്തിയ കേസില്‍ നേരത്തെ തന്നെ സുപ്രീം കോടതി ജാമ്യം നല്‍കിയിരുന്നതാണ്. ഇഡി ചുമത്തിയ കേസില്‍ ജാമ്യം ലഭിക്കാത്തതായിരുന്നു തടസ്സം.
കഴിഞ്ഞ ക്രിസ്മസ് അവധിക്കു തൊട്ടു മുന്‍പ്, അലഹാബാദ് ഹൈകോടതിയുടെ ലഖ്‌നൗ ബെഞ്ച് ഇഡി കേസിലും കാപ്പനു ജാമ്യം നല്‍കിയെങ്കിലും നടപടിക്രമം നീണ്ടതു മോചനം വൈകിപ്പിച്ചു. യുപി പൊലീസിന്റെ വെരിഫികേഷന്‍ നടപടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ഇഡിയുടേതു കൂടി പൂര്‍ത്തിയായതോടെ റിലീസിങ് ഓര്‍ഡര്‍ ജയിലിലെത്തി.
മാധ്യമപ്രവര്‍ത്തകനടക്കം രണ്ടുപേരാണ് ഇഡി കേസില്‍ സിദ്ദിഖിന് ആള്‍ജാമ്യം നില്‍ക്കുന്നത്. പ്രധാനപ്പെട്ട രണ്ട് കേസിലും ജാമ്യം ലഭിച്ചതോടെയാണ് ജയില്‍ മോചനം സാധ്യമായത്. രോഗബാധിതയായ മാതാവിനെ കാണാനും കോവിഡ് ബാധിച്ച് എയിംസില്‍ ചികിത്സക്ക് വേണ്ടിയും മാത്രമാണ് അറസ്റ്റിലായ ശേഷം സിദ്ദിഖിന് ജാമ്യത്തില്‍ ഇറങ്ങാന്‍ സാധിച്ചിരുന്നത്.
ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹത്രസിലേക്കുള്ള യാത്രയ്ക്കിടെ 2020 ഒക്ടോബറിലാണ് സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായത്. കാപ്പന്റെ അകൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം വ്യക്തമാക്കാനായില്ലെന്നാണ് ഇഡി രെജിസ്റ്റര്‍ ചെയ്ത കേസ്. പോപ്പുലര്‍ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹത്രസില്‍ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നുമായിരുന്നു ഇഡിയുടെ വാദം.
Keywords: Kerala journalist Siddique Kappan walks out of jail after 2 years, New Delhi, News, Jail, Media, Released, Trending, National.