കാസര്‍കോട്: (www.kvartha.com) ബദിയടുക്ക ഏല്‍ക്കാനത്തെ നീതു കൊലക്കേസ് പ്രതി തിരുവനന്തപുരത്ത് പിടിയിലായതായി പൊലീസ്. വയനാട് പുല്‍പ്പള്ളി സ്വദേശി ആന്റോ സെബാസ്റ്റ്യനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് രണ്ട് ഗ്രൂപുകളായി തിരിഞ്ഞ് അന്വേഷണം നടത്തിയാണ് ഒടുവില്‍ തിരുവനന്തപുരത്ത് നിന്ന് ആന്റോ സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്തത്. കൊല്ലം സ്വദേശി നീതുവിന്റെ മൃതദേഹം ബുധനാഴ്ചയാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.
പൊലീസ് പറയുന്നത്: പ്രാഥമിക പോസ്റ്റുമോര്‍ടം റിപോര്‍ട് വന്നോടെ നീതുവിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. നീതുവിന്റെ തലക്ക് അടിയേല്‍ക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക് പോസ്റ്റുമോര്‍ടം റിപോര്‍ടിലെ കണ്ടെത്തല്‍. ശ്വാസം മുട്ടിയാണ് മരണം. പിന്നാലെ യുവതിക്കൊപ്പം താമസിച്ചിരുന്ന വയനാട് സ്വദേശി ആന്റോയിലേക്ക് അന്വേഷണം നീങ്ങുകയായിരുന്നു.
ഒന്നര മാസം മുമ്പ് ഏല്‍ക്കാനത്തെ ഒരു റബര്‍തോട്ടത്തില്‍ ടാപിംഗ് ജോലിക്കായിട്ടാണ് നീതുവും ആന്റോയും ബദിയടുക്കയില്‍ എത്തിയത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചപ്പോള്‍ നാട്ടുകാര്‍ പോയി നോക്കിയപ്പോഴാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ നീതുവിന്റെ മൃതദേഹം കണ്ടെത്തിയത്. യുവതിയും ആന്റോയും തമ്മില്‍ വഴക്കുണ്ടാക്കിയിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു. ആന്റോ നേരത്തേയും കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,Kerala,State,kasaragod,Crime,Murder case,Accused,Police,Custody,Top-Headlines, Kasaragod woman murder case: Youth in police custody