കോഴിക്കോട്: (www.kvartha.com) കാന്താര സിനിമയിലെ 'വരാഹരൂപം' പാട്ടുകേസില്‍ പൃഥ്വിരാജിന്റെ മൊഴിയെടുക്കും. കാന്താരയുടെ കേരളത്തിലെ വിതരണക്കാരാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. നടന്‍ ഉള്‍പെടെ ഏഴ് പേരില്‍ നിന്നുകൂടി മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ഒമ്പത് എതിര്‍ കക്ഷികളാണ് ആകെ കേസിലുള്ളത്.
അതേസമയം, കാന്താര സിനിമയിലെ 'വരാഹരൂപം' പാട്ട് ഒറിജിനലാണെന്നും, പകര്‍പാവകാശം ലംഘിച്ചിട്ടില്ലെന്നും സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പകര്‍പവകാശ ലംഘന പരാതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ടൗണ്‍ പൊലീസിന് മൊഴി നല്‍കാനെത്തിയതായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസമാണ് കന്നട സിനിമയായ 'കാന്താര'യുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. പകര്‍പാവകാശം ലംഘിച്ചാണ് സിനിമയില്‍ 'വരാഹരൂപം' എന്ന പാട്ട് ഉപയോഗിച്ചതെന്ന കേസില്‍ പ്രതികളായ കാന്താര സിനിമയുടെ നിര്‍മാതാവ് വിജയ് കിര്‍ഗന്ദൂര്‍, സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഋഷഭ് ഷെട്ടി സ്റ്റേഷനിലെത്തിയത്. റിഷബ് ഷെട്ടി, നിര്‍മാതാവ് വിജയ് കിര്‍ഗന്ദൂര്‍ എന്നിവരെ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്തത്. ഞായറാഴ്ചയും ടൗണ്‍ പൊലീസ് ഇരുവരില്‍ നിന്നും മൊഴിയെടുത്തിരുന്നു. പൊലീസ് മൊഴിയെടുക്കാന്‍ വിളിപ്പിച്ചത് സാധാരണ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
തൈക്കുടം ബ്രിഡ്ജും മാതൃഭൂമിയും നല്‍കിയ പരാതിയിലാണ് ചോദ്യം ചെയ്യല്‍. 'കാന്താര' സിനിമയിലെ 'വരാഹരൂപം' എന്ന ഗാനത്തിന്റെ സംഗീതം തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്റ് ചിട്ടപ്പെടുത്തിയ 'നവരസം' എന്ന ഗാനത്തിന്റെ പകര്‍പവകാശം ലംഘിച്ചുവെന്നാണ് പരാതി.
Keywords: News,Kerala,State,Controversy,Cinema,Song,Director,Police,Case,Complaint,Allegation,Entertainment,Top-Headlines,Latest-News,Trending, Kantara' song case: Prithviraj's statement will be taken