കണ്ണൂര്‍: (www.kvartha.com) കാറിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കാറിലുണ്ടായിരുന്നത് പെട്രോള്‍ അല്ലെന്ന് അപകടത്തില്‍ മരിച്ച റീഷയുടെ പിതാവ് കെ കെ വിശ്വനാഥന്‍. രണ്ട് കുപ്പി കുടിവെള്ളമാണ് വണ്ടിയില്‍ സൂക്ഷിച്ചിരുന്നതെന്ന് കെ കെ വിശ്വനാഥന്‍ പറഞ്ഞു. കാറില്‍നിന്ന് രണ്ട് പെട്രോള്‍ കുപ്പികള്‍ കണ്ടെടുത്തുവെന്ന മാധ്യമവാര്‍ത്തകള്‍ ഫൊറന്‍സിക് വിഭാഗവും തള്ളി.
രണ്ട് കുപ്പിയില്‍ കുടിവെള്ളമുണ്ടായിരുന്നു. മകള്‍ പ്രസവത്തിന് പോകുന്നതുകൊണ്ട് ആവശ്യമായ വസ്ത്രങ്ങള്‍ കരുതിയിരുന്നു. വേറെയൊന്നും കാറില്‍ ഉണ്ടായിരുന്നില്ല എന്ന് വിശ്വനാഥന്‍ പറഞ്ഞു. വഴിയില്‍ എത്ര പെട്രോള്‍ പമ്പുകളുണ്ടെന്നും എന്തിനാണ് പെട്രോള്‍ കുപ്പിയില്‍ നിറച്ച് കാറില്‍ വെക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഇതിനിടെ കത്തിയ കാറിലെ അവശിഷ്ടങ്ങള്‍ ഫൊറന്‍സിക് വിഭാഗം ശേഖരിച്ച് രാസപരിശോധനയ്ക്കായി അയച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഭാഗികമായി കത്തിയ കുപ്പിയില്‍ എന്തോ ദ്രാവകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഫൊറന്‍സിക് വിഭാഗം പറഞ്ഞു. എന്താണ് ദ്രാവകമെന്നത് പരിശോധനയിലൂടെയേ കണ്ടെത്താനാകൂ. രണ്ട് പെട്രോള്‍ കുപ്പികള്‍ കണ്ടെടുത്തുവെന്ന് ചില വാര്‍ത്താ ചാനലുകള്‍ റിപോര്‍ട് ചെയ്തത് ശരിയല്ലെന്ന് ഫൊറന്‍സിക് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പ്രസവവേദനയെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്ന കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലെ കെ കെ റീഷ (26), ഭര്‍ത്താവ് ടി വി പ്രജിത്ത് (35) എന്നിവര്‍ അപകടത്തില്‍ മരിച്ചത്. കാറിന്റെ സ്റ്റിയറിങ്ങിന്റെ അടിയില്‍നിന്ന് തീ ഉയര്‍ന്നതാണ് അപകടകാരണം എന്നാണ് വിവരം. ഉടന്‍ കാര്‍ നിര്‍ത്തിയ പ്രജിത്ത് എല്ലാവരോടും ഇറങ്ങാന്‍ പറയുകയും പിന്‍സീറ്റില്‍ ഇരുന്നവര്‍ ഇറങ്ങിയെങ്കിലും മുന്നിലെ സീറ്റിലിരുന്ന റീഷയ്ക്കും പ്രജിത്തിനും ഇറങ്ങാന്‍ കഴിഞ്ഞില്ല.
പ്രജിത്തിന്റെയും റീഷയുടെയും മരണകാരണം ശരീരത്തിനേറ്റ പൊള്ളലാണെന്നാണ് പോസ്റ്റുമോര്‍ടം റിപോര്‍ട്. ഇരുവരുടെയും ശരീരത്തിലെ തൊലിയും പേശികളും പൂര്‍ണമായും കത്തിയിരുന്നു. എന്നാല്‍ ആന്തരികാവയവങ്ങളെ ബാധിച്ചില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. റീഷയുടെ വയറ്റില്‍ പൂര്‍ണവളര്‍ചയെത്തിയ കുഞ്ഞായിരുന്നു മരിച്ചത്. കുഞ്ഞിനെ വേര്‍പെടുത്താതെ അമ്മയോട് ചേര്‍ത്തുതന്നെയാണ് സംസ്‌കരിച്ചത്.
Keywords: News,Kerala,State,Fire,Death,Car,Fire,Accident,Top-Headlines,Trending,Latest-News,Father,Motor-Vehicle-Department, Kannur Car Fire Tragedy