Hartal | ഇനി ഹര്‍ത്താല്‍ പ്രഖ്യാപിക്കില്ലെന്ന് കെ സുധാകരന്‍

 


കണ്ണൂര്‍: (www.kvartha.com) ജനദ്രോഹ ബജറ്റിനെതിരെ കോണ്‍ഗ്രസ് ഇനി ഹര്‍ത്താല്‍ പ്രഖ്യാപിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹര്‍ത്താല്‍ എന്ന സമര മുറയ്ക്ക് കോണ്‍ഗ്രസ് എതിരാണ്. ജനങ്ങളെ കൊള്ളയടിച്ചു പിഴിഞ്ഞു കൊണ്ടു മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും ധൂര്‍ത്തടിക്കാനുള്ള ബജറ്റാണ് പിണറായി സര്‍കാര്‍ അവതരിപ്പിച്ചതെന്ന് കെ സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ ഡി സി സി ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
                    
Hartal | ഇനി ഹര്‍ത്താല്‍ പ്രഖ്യാപിക്കില്ലെന്ന് കെ സുധാകരന്‍

കേരളം കാണാന്‍ പോകുന്നത് ഇനിയുള്ള നാളുകളില്‍ തീപാറുന്ന സമരമാണ്. ജനദ്രോഹ ബജറ്റിനെതിരെ സമര പരമ്പരകള്‍ തന്നെ കോണ്‍ഗ്രസ് നടത്തും. ഇതിന്റെ ഭാഗമായി ഏഴാം തീയതി എല്‍ഐസി ഓഫിസിനു മുന്‍പിലും ഒന്‍പതാം തീയതി കലക്ടറേറ്റിന് മുന്‍പിലും ധര്‍ണ നടത്തും. എന്നാല്‍ വിലക്കയറ്റത്തിനെതിരെ ഹര്‍ത്താല്‍ നടത്തില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

ജനങ്ങളെ ദ്രോഹിക്കുന്ന ഹര്‍ത്താലിന് കോണ്‍ഗ്രസ് എതിരാണ്. എന്നാല്‍ സാഹചര്യത്തിനനുസരിച്ച് ഇതില്‍ മാറ്റം വരാമെന്നും സുധാകരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്കും കുടുംബത്തിനും മറ്റു മന്ത്രിമാര്‍ക്കും ഉല്ലാസ യാത്ര നടത്താനാണ് ജനങ്ങളെ കൊള്ളയടിക്കുന്നത്. കേരളത്തില്‍ ഒരു ഇടതുപക്ഷ സര്‍കാരും ഇതു പോലുള്ള ഒരു ബജറ്റ് അവതരിപ്പിച്ചിട്ടില്ല.

തികച്ചും നിരാശജനകമാണ് ബജറ്റ് . പെട്രോളിന് വില കൂട്ടില്ലെന്നു പറഞ്ഞ ധനമന്ത്രി ബാലഗോപാല്‍ പിന്നെ പാര്‍ടിയറിയാതെ വില കൂട്ടിയതു എങ്ങനെയാണെന്ന് തുറന്നു പറയണം. മുഖ്യമന്ത്രിയും ബാലഗോപാലും മാത്രമേ ഈ കാര്യം അറിഞ്ഞിട്ടുള്ളൂ. പെട്രോള്‍ മുതല്‍ എല്ലാത്തിന്റെയും വില കൂട്ടിയതു കാരണം സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണുളളത്.

കിറ്റിന്റെ പേരില്‍ നൂറു രൂപ വാങ്ങുന്ന സര്‍കാര്‍ 500 രൂപ അവരില്‍ നിന്നും പിടിച്ചു വാങ്ങുകയാണ് ചെയ്യുന്നത്. ബ്ലേഡ് മാഫിയയെ പോലെയാണ് പിണറായി സര്‍കാര്‍ ഈ കാര്യത്തില്‍ പെരുമാറുന്നത്. സാധാരണക്കാരന്റെ നടു ചവുട്ടി ഒടിക്കുന്ന ബജറ്റാണിത്. പാവങ്ങളെ പിഴിഞ്ഞെടുത്തു ലഭിക്കുന്ന പണം കൊണ്ട് ആഡംബര ജീവിതമാണ് പിണറായി നയിക്കുന്നത്.

പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധനവ് സമൂഹത്തെ മുഴുവന്‍ ബാധിക്കും. സ്വാര്‍ഥ താല്‍പര്യത്തിനു വേണ്ടി പൊതു പണം ഉപയോഗിക്കുകയാണ്. പ്രവാസികളെ ശത്രുക്കളെ പോലെയാണ് സര്‍കാര്‍ കാണുന്നതെന്നും വീടു നിര്‍മാണത്തിന് നികുതി കൂട്ടിയതുമൂലം നാട്ടിലൊരു വീട് നിര്‍മിക്കുകയെന്ന പ്രവാസികളുടെ സ്വപ്നം ഇല്ലാതാക്കിയെന്നും സുധാകരന്‍ പറഞ്ഞു.

മാത്യു കുഴല്‍ നാടന്‍ പറഞ്ഞതിന് മറുപടിയില്ലാത്തതിനാലാണ് മുഖ്യമന്ത്രി ചൂടായി സഭയില്‍ സംസാരിച്ചത്. കുഴല്‍ നാടനെപ്പോലുള്ള സാമ്പത്തിക വിദഗ്ദനെ നേരിടാനുള്ള കഴിവൊന്നും മുഖ്യമന്ത്രി പിണറായിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

ശശി തരൂര്‍ എംപിയായതിനാല്‍ അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് എ ഐ സിസിയാണ്. അതില്‍ കെപിസിസിക്ക് യാതൊന്നും ചെയ്യാനില്ല. അനില്‍ ആന്റണി ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയുണ്ടെന്നും ആരെങ്കിലും എന്തെങ്കിലും അഭിപ്രായം പറയുമ്പോള്‍ അയാളെ പിടിച്ചു പുറത്താക്കുന്ന രീതി കോണ്‍ഗ്രസിനില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി. ഡിസിസി അധ്യഷന്‍ മാര്‍ടിന്‍ ജോര്‍ജും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: K Sudhakaran says will not announce any more Hartal, Kannur, Press meet, Harthal, Congress, K Sudhakaran, Budget, Kerala-Budget, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia