Criticized | കേരളം കാണാന്‍ പോകുന്നത് തീപാറുന്ന പ്രക്ഷോഭമെന്ന് കെ സുധാകരന്‍; നികുതി ബഹിഷ്‌കരിക്കേണ്ട നിലയിലേക്ക് സര്‍കാര്‍ ജനങ്ങളെ തള്ളിവിടുകയാണെന്നും വിമര്‍ശനം

 


കണ്ണൂര്‍: (www.kvartha.com) സംസ്ഥാന സര്‍കാര്‍ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി രംഗത്ത്. സാധാരണ ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ജീവിതച്ചെലവ് കുത്തനെ കൂട്ടുന്ന സംസ്ഥാന ബജറ്റിനെതിരെ ഉയരുന്ന അതിശക്തമായ ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ തീപാറുന്ന പ്രക്ഷോഭമാണ് കേരളം കാണാന്‍ പോകുന്നതെന്നും മുന്നറിയിപ്പു നല്‍കി.

Criticized | കേരളം കാണാന്‍ പോകുന്നത് തീപാറുന്ന പ്രക്ഷോഭമെന്ന് കെ സുധാകരന്‍; നികുതി ബഹിഷ്‌കരിക്കേണ്ട നിലയിലേക്ക് സര്‍കാര്‍ ജനങ്ങളെ തള്ളിവിടുകയാണെന്നും വിമര്‍ശനം

നികുതിയിനത്തില്‍ കിട്ടാനുള്ള സഹസ്ര കോടികള്‍ പിരിച്ചെടുക്കാതെയാണ് സര്‍കാര്‍ 4000 കോടി രൂപയുടെ അധിക നികുതി ഇപ്പോള്‍ ഒറ്റയടിക്ക് ചുമത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രാണവായുവിനു മാത്രമാണ് ഇപ്പോള്‍ നികുതിഭാരം ഇല്ലാത്തത്. നികുതി കൊള്ളയ്ക്കെതിരെ ജനങ്ങളെ അണിനിരത്തി കോണ്‍ഗ്രസ് ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

നികുതി ബഹിഷ്‌കരിക്കേണ്ട നിലയിലേക്ക് ജനങ്ങളെ സര്‍കാര്‍ തള്ളിവിടുകയാണ്. മുമ്പും മാറി മാറി വരുന്ന സര്‍കാരുകള്‍ നികുതി കൂട്ടിയിട്ടുണ്ടെങ്കിലും അതോടൊപ്പം ജനങ്ങള്‍ക്ക് ആശ്വാസം കിട്ടുന്ന നടപടികളും നാടിനു പ്രയോജനം ചെയ്യുന്ന പദ്ധതികളും പ്രഖ്യാപിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ അതൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല, പാവപ്പെട്ടവരുടെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പോലും കൂട്ടിയില്ലെ ന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

എല്ലാവര്‍ഷവും പെന്‍ഷന്‍ തുക കൂട്ടുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സര്‍കാരാണിത്. പുതിയ വന്‍കിട പദ്ധതികളില്ല. യുഡിഎഫിന്റെ കാലത്തു തുടങ്ങിവച്ച വന്‍കിട പദ്ധതികള്‍ മുടന്തുമ്പോള്‍, സര്‍കാരിന്റെ പിന്തുണയുമില്ല. സംസ്ഥാന സര്‍കാര്‍ അധിക സെസ് ചുമത്തിയതോടെ ഇന്ധനവില അസഹനീയമായ നിലയിലെത്തി.

വൈദ്യുതി തീരുവ, കെട്ടിട നികുതി, വാഹന നികുതി, മദ്യ നികുതി തുടങ്ങിയ നിരക്കു വര്‍ധനകള്‍ സമസ്ത മേഖലകളെയും എല്ലാ ജനവിഭാഗങ്ങളെയും ബാധിക്കും. അതു സൃഷ്ടിക്കുന്ന നാണ്യപ്പെരുപ്പവും പ്രയാസങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാധാരണ ജനങ്ങളുടെ ജീവിതം അങ്ങേയറ്റം ദുസഹമാക്കുമെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, സര്‍കാരിന്റെ ധൂര്‍ത്തിനും പാഴ് ചിലവുകള്‍ക്കും യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ചിലവു ചുരുക്കി മാതൃക കാട്ടാന്‍ സര്‍കാര്‍ തയാറല്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഏകാധിപതികളും ഭരണകൂടങ്ങളും ഈ രീതിയില്‍ ജനങ്ങളുടെ മേല്‍ ഭാരം അടിച്ചേല്പിച്ചിട്ടുണ്ടെങ്കിലും അവരെല്ലാം ജനരോഷത്തിനു മുന്നില്‍ മുട്ടുമടക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി തിരിച്ചറിയണമെന്നും സുധാകരന്‍ പറഞ്ഞു.

Keywords: K Sudhakaran Criticized Kerala Budget, Kannur, News, Politics, KPCC, K Sudhakaran, Criticism, Kerala-Budget, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia