ന്യൂഡെല്‍ഹി: (www.kvartha.com) ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ മാമ്പഴമായ ജാപനീസ് 'മിയാസാകി' ഉത്പാദിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്‍ഡ്യ. ലോകമെമ്പാടും കയറ്റുമതി ചെയ്യുന്ന മാള്‍ഡ മാമ്പഴങ്ങള്‍ക്ക് പ്രശസ്തമായ പശ്ചിമ ബംഗാളിലെ മാള്‍ഡയിലാണ് മിയാസാകിയും വിളയിക്കുന്നത്.
ജപാനിലെ മിയാസാകി നഗരത്തില്‍ ആദ്യം കൃഷി ചെയ്തിരുന്ന ഈ മാമ്പഴം വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ ബംഗാളിലെ കൃഷി വകുപ്പ് മുന്‍കൈ എടുക്കുകയായിരുന്നു. അതോടെയാണ് മാള്‍ഡ ജില്ലയിലേക്ക് മിയാസാകി മാമ്പഴം എത്താന്‍ പോകുന്നത്.
മേഖലയിലെ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനായ ഡോ. സെഫൂര്‍ റഹ്മാന്‍ ആണ് ജാപനീസ് മിയാസാകി നട്ടു വളര്‍ത്താനുള്ള പദ്ധതിക്ക് മുന്‍കൈ എടുത്തത്. മിയാസാകിയുടെ 50 തൈകള്‍ ജപാനില്‍ നിന്നും ഒരു സ്വകാര്യ ഏജന്‍സി വഴിയാണ് കൊണ്ടുവരുന്നത് എന്നാണ് അറിയുന്നത്. ജപാനില്‍ നിന്ന് മിയാസാകി മാവിന്‍ തൈകള്‍ കൊണ്ടുവന്ന ശേഷം ബംഗാളിലെ ഇന്‍ഗ്ലീഷ് ബസാര്‍ ബ്ലോകില്‍ ഒരു മാവിന്‍ തോട്ടം തന്നെ വളര്‍ത്തിയെടുക്കാനാണ് സര്‍കാര്‍ പദ്ധതിയിടുന്നത്.
മാവിന്‍ തൈകള്‍ ഒരാഴ്ചയ്ക്കകം ബംഗാളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേറെയും നൂറോളം ഇനം മാമ്പഴങ്ങള്‍ മാള്‍ഡയില്‍ കൃഷി ചെയ്യുന്നുണ്ട്. അതോടൊപ്പം ഇനി ജാപനീസ് മിയാസാകിയും ചേരും. അതേസമയം, ജാപനീസ് മിയാസാകിയുടെ ഒരു തൈയ്ക്ക് ഏകദേശം 1000 INR വിലവരും എന്നും പറയുന്നു.
ആന്റി ഓക്സിഡന്റുകള്‍, ബീറ്റാ കരോടിന്‍, ഫോളിക് ആസിഡ് എന്നിവയുടെയെല്ലാം മികച്ച സ്രോതസ്സാണ് മിയാസാകി മാമ്പഴം എന്നും പറയുന്നു. സാധാരണയായി മിയാസാകി മാമ്പഴങ്ങള്‍ ഏപ്രിലിനും ആഗസ്തിനും ഇടയിലാണ് വളര്‍ന്ന് വിളവെടുക്കുന്നത്. ഒരു മാമ്പഴത്തിന് ഏകദേശം 350 ഗ്രാം മുതല്‍ 900 ഗ്രാം വരെ തൂക്കമുണ്ടാവും.
ആഗോള വിപണിയില്‍ കിലോയ്ക്ക് ലക്ഷങ്ങള്‍ വരെ ഇതിന് വില വരാറുണ്ട്. ഏകദേശം 2.7 ലക്ഷം രൂപ വരെ ഇതിന് വില വരും എന്ന് കരുതുന്നു. അതിനാല്‍ ഈ മാമ്പഴത്തിന് വലിയ തരത്തിലുള്ള കാവലുകള്‍ ഉടമകള്‍ ഏര്‍പെടുത്താറുണ്ട്.
Keywords: News,National,India,New Delhi,Agriculture,Business,Finance,Top-Headlines,Latest-News,Japan, Japanese Miyazaki mango to be grown in India