Follow KVARTHA on Google news Follow Us!
ad

Frozen Lake Marathon | ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഐസ് മാരത്തണിന് ഒരുങ്ങി പാംഗോങ് തടാകം; ഗിനസ് റെകോര്‍ഡ് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പില്‍ സംഘാടകര്‍; തണുപ്പിലൂടെ ഓടുന്ന പുരുഷന്റെയും സ്ത്രീയുടെയും വീഡിയോ പുറത്തുവിട്ടു

India’s first frozen lake marathon at Ladakh’s Pangong Tso on Feb 20#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയില്‍ ആദ്യത്തെ തണുത്തുറഞ്ഞ തടാകത്തിലെ മാരത്തണ്‍ സംഘടിപ്പിക്കുന്നു. 13,862 അടി ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ഉപ്പുവെള്ള തടാകമായ പാംഗോങിലാണ് മാരത്തണ്‍ നടക്കുക. അതിശൈത്യത്തിന്റെ ഫലമായി തടാകം തണുത്തുറഞ്ഞ അവസ്ഥയിലാണ്. ശൈത്യകാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തടാകത്തിലൂടെയുള്ള മാരത്തണ്‍ സംഘടിപ്പിക്കുന്നത്. 

ഫെബ്രുവരി 20 -ാം തിയതി രാജ്യത്തെ ആദ്യത്തെ ശീതീകരിച്ച തടാക മാരത്തണിന് ലഡാക് ആതിഥേയത്വം വഹിക്കും. ഇതിന്റെ മുന്നോടിയായി ട്രയല്‍ റണ്‍ നടന്നു. തണുത്തുറഞ്ഞ തടാകത്തിലൂടെ ഓടുന്ന പുരുഷന്റെയും സ്ത്രീയുടെയും വീഡിയോ സംഘാടകര്‍ പുറത്ത് വിട്ടു. തടാകം മാരത്തണിന് സുരക്ഷിതമാണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

ലഡാക് ഓടോണമസ് ഹില്‍ ഡെവലപ്മെന്റ് കൗണ്‍സില്‍-ലേ, ടൂറിസം ഡിപാര്‍ട്മെന്റ്, ലേ ജില്ലാ ഭരണകൂടം എന്നിവയുടെ സഹകരണത്തോടെ അഡ്വന്‍ജര്‍ സ്പോര്‍ട്സ് ഫൗന്‍ഡേഷന്‍ ഓഫ് ലഡാകാണ് (എഎസ്എഫ്എല്‍) പരിപാടി സംഘടിപ്പിക്കുന്നത്.

മരത്തണ്‍ ഇന്‍ഡ്യന്‍ ആര്‍മിയുടെയും ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെയും (ഐടിബിപി) മേല്‍നോട്ടത്തിലാകും നടക്കുക. സുസ്ഥിര വികസനത്തിന്റെയും കാര്‍ബണ്‍ ന്യൂട്രല്‍ ലഡാകിന്റെയും സന്ദേശം മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന ഈ മാരത്തണ്‍ ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും പരിപാടിയുടെ വിജയത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്നും ജില്ലാ വികസന കമീഷണര്‍ ശ്രീകാന്ത് ബാലാസാഹെബ് സൂസെ പറഞ്ഞു.
 
ഇന്‍ഡ്യയുടെയും ചൈനയുടെയും അതിര്‍ത്തിയില്‍ വ്യാപിച്ചുകിടക്കുന്ന 700 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പാംഗോങ് തടാകം തണുപ്പുകാലത്ത് മൈനസ് 30 ഡിഗ്രി സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തും. ഇത് തടാകത്തെ വലിയ ഐസ് പാളിയാക്കിമാറ്റും. ഇത്രയും ഉയരത്തില്‍ തണുത്തുറഞ്ഞ തടാകത്തിലൂടെ ഓടുകയെന്നാല്‍ അത് അത്ര നിസാരമല്ല. അതിനാല്‍ നിശ്ചിത ദിവസത്തിന് മുമ്പ് തന്നെ ഓട്ടത്തില്‍ പങ്കെടുക്കുന്നവര്‍ ഇവിടെ എത്തിച്ചേരും. മൂന്ന് മുതല്‍ നാല് ദിവസം വരെ ലേയില്‍ തങ്ങി ഉയര്‍ന്ന ഉയരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ശാരീരിക പ്രശ്‌നങ്ങളെ മറികടക്കണം.  

പങ്കെടുക്കുന്നവരെ പരിപാടിക്ക് ഒരു ദിവസം മുമ്പ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും, ഓരോ അഞ്ച് കിലോമീറ്റര്‍ ഇടവേളയിലും മെഡികല്‍ സംഘവും ചൂടുവെള്ളവും ഓട്ടക്കാര്‍ക്ക് ലഭ്യമായിരിക്കും. അടിയന്തര ആവശ്യങ്ങള്‍ക്കായി മെഡികല്‍ സംഘവും തയ്യാറാണെന്ന് ജില്ലാ വികസന കമീഷണര്‍ അറിയിച്ചു. 

News,National,India,New Delhi,Top-Headlines,Video,Latest-News,Guinness Book, India’s first frozen lake marathon at Ladakh’s Pangong Tso on Feb 20


ഇന്‍ഡ്യയില്‍ നിന്നും വിദേശത്ത് നിന്നുമായി തെരഞ്ഞെടുത്ത 75 കായിക താരങ്ങള്‍ മാരത്തണില്‍ പങ്കെടുക്കും. 21 കിലോമീറ്റര്‍ മാരത്തണ്‍ ലുകുങ്ങില്‍ നിന്ന് ആരംഭിച്ച് ലഡാകിലെ മാന്‍ ഗ്രാമത്തില്‍ അവസാനിക്കും. 'ലാസ്റ്റ് റണ്‍' എന്ന് പേരിട്ടിരിക്കുന്ന മാരത്തണ്‍ കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തിക്കാട്ടുന്നു. ഇത് സുസ്ഥിര വികസനത്തിന്റെയും കാര്‍ബണ്‍ ന്യൂട്രല്‍ ലഡാകിന്റെയും സന്ദേശവും നല്‍കുമെന്ന് സംഘാടകര്‍ പറഞ്ഞു. 

ഇതിലൂടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശീതീകരിച്ച തടാക മാരത്തണിനുള്ള ഗിനസ് ലോക റെകോര്‍ഡ് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.

Keywords: News,National,India,New Delhi,Top-Headlines,Video,Latest-News,Guinness Book, India’s first frozen lake marathon at Ladakh’s Pangong Tso on Feb 20

Post a Comment