ഇടുക്കി: (www.kvartha.com) കുമളിയില്‍ ഏഴു വയസുകാരനെ അമ്മ ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ചതായി പരാതി. കൈകളിലും കാലുകളിലും പൊള്ളലേറ്റ കുട്ടിയെ കുമളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അട്ടക്കുളത്ത് ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. അയല്‍വീട്ടിലെ ടയര്‍ കുട്ടി കത്തിച്ചതുമായി ബന്ധപ്പെട്ടാണ് പൊള്ളലേല്‍പിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ അമ്മയും രണ്ട് മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛന്‍ പുറത്തു പോയിരുന്നു. മൂത്ത കുട്ടിയായ ഏഴു വയസുകാരന്‍ അടുത്തുള്ള വീട്ടില്‍നിന്നു ടയര്‍ എടുത്തുകൊണ്ടുവന്നെന്നും ഇത് സംബന്ധിച്ചു ചിലര്‍ പരാതിപ്പെട്ടതോടെ പെട്ടെന്ന് ദേഷ്യം സഹിക്കാനാകാതെ ഇതിന് ശിക്ഷയായാണ് കൈകളിലും കാലിലും ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്നും അമ്മ പൊലീസിനോട് പറഞ്ഞു.
കൂടാതെ, കണ്ണില്‍ മുളകുപൊടി തേച്ചതായി കുട്ടി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. വിവരമറിഞ്ഞ നാട്ടുകാരാണ് പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കേസ് രെജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണത്തിനുശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. അമ്മയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് പൊലീസ് അറിയിച്ചു.
Keywords: News,Kerala,State,Idukki,Crime,Child,Child Abuse,Assault,Case,Complaint, hospital,Treatment,Police,Top-Headlines, Idukki: Minor boy assaulted by woman