ന്യൂഡെല്‍ഹി: (www.kvartha.com) ഒരിടവേളയ്ക്ക് ശേഷം സര്‍കാരും ഗവര്‍ണറും തമ്മില്‍ വീണ്ടും പോരെടുക്കുന്നുവോ? ലോകായുക്ത ബിലില്‍ ഒപ്പിടില്ലെന്ന സൂചന നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഭരണപരമായ കാര്യങ്ങള്‍ തന്നെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. സര്‍കാരിനെതിരായ പരാതി അന്വേഷിക്കണോ എന്നു തീരുമാനിക്കേണ്ടത് സര്‍കാരല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ഭരണപരമായ കാര്യങ്ങള്‍ അറിയിക്കാന്‍ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായി ബാധ്യതയുണ്ടെന്ന് പറഞ്ഞ ഗവര്‍ണര്‍ എന്നാല്‍ മുഖ്യമന്ത്രി അതു ചെയ്തില്ലെന്ന് കുറ്റപ്പെടുത്തി. മന്ത്രിമാരെ അയയ്ക്കുകയല്ല വേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. ബിലുകളില്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് മന്ത്രിമാരുടെ വിശദീകരണം വിലയിരുത്തിയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ലോകായുക്ത നിയമഭേദഗതി, സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ മാറ്റുന്ന ബില്‍ എന്നിവ അടക്കം എട്ടു ബിലുകളാണ് നിലവില്‍ ഗവര്‍ണറുടെ ഒപ്പിനായി രാജ്ഭവനിലുള്ളത്.
മുത്തലാഖ് വിഷയത്തില്‍ സിപിഎമിനെ വിമര്‍ശിച്ച ഗവര്‍ണര്‍, വിഷയത്തില്‍ ഇടതു പാര്‍ടികളുടേത് ഇഎംഎസിന്റേതിന് വ്യത്യസ്തമായ നിലപാടാണെന്നും ആരോപിച്ചു. പുതിയ രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് വേണ്ടിയാകാം നിലപാടുമാറ്റമെന്നും ഇതില്‍ ഇഎംഎസിന്റെ ആത്മാവ് അസ്വസ്ഥമാകുന്നുണ്ടാകാമെന്നും ഗവര്‍ണര്‍ പരിഹസിച്ചു. മുത്തലാഖ് നിയമം വിവേചനപരമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍.
Keywords: Governor Criticized LDF Govt, New Delhi, News, Politics, Pinarayi-Vijayan, Governor, Kerala.