അടിമാലി: (www.kvartha.com) പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റ മാങ്കുളം ചിക്കണാംകുടി ആദിവാസി സങ്കേതത്തില്‍ നിന്നുള്ള ഗോപാലന്‍ തുടര്‍ ചികിത്സയ്ക്ക് പണമില്ലാതെ ദുരിതത്തില്‍. സര്‍കാര്‍ വാഗ്ദാനം ചെയ്ത ചികിത്സാസഹായം പാഴ് വാക്കായി മാറുന്നുവെന്ന് കുടുംബം പരാതിപ്പെടുന്നു. പരുക്ക് പൂര്‍ണമായും ഭേദമാകാതെ വന്നതോടെ തൊഴിലെടുത്ത് കുടുംബം പുലര്‍ത്താനാകാതെ ബുദ്ധിമുട്ടുകയാണ് ഗോപാലന്‍.
പുലിയുടെ ആക്രമണത്തില്‍ ഇടതു കൈത്തണ്ടയിലേറ്റ പരുക്ക് ഭേദമാകാത്ത സാഹചര്യത്തില്‍ തുടര്‍ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാത്തതാണ് ഗോപാലന് വിനയായിരിക്കുന്നത്. ഗോപാലന് തൊഴിലില്ലാതായതോടെ കുടുംബം പട്ടിണിയുടെ അവസ്ഥയിലുമായി.
കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് കുടിയില്‍ നിന്ന് കൃഷി സ്ഥലത്തേക്ക് പോകുമ്പോഴാണ് ഗോപാലനെ പതിയിരുന്ന പുലി ആക്രമിച്ചത്. മരണത്തെ മുഖാമുഖം കണ്ട ആക്രമണത്തില്‍ നിന്നും കയ്യിലുണ്ടായിരുന്ന ആയുധം കൊണ്ട് പുലിയെ വെട്ടിക്കൊന്നാണ് ഗോപാലന്‍ കഷ്ടിച്ച് രക്ഷപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ഗോപാലനെ സമീപവാസികള്‍ ചേര്‍ന്ന് അടിമാലി താലൂക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
രണ്ടാഴ്ചയോളം അവിടെ ചികിത്സയിലായിരുന്ന ഗോപാലന് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പ്രാഥമിക ചികിത്സയ്ക്കായി 10,000 രൂപയുടെ ധനസഹായം നല്‍കുകയും 50,000 രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ഗോപാലന്‍ പറയുന്നു.
ആശുപ്രതി വിട്ട ശേഷം കൂലിപ്പണിക്കുപോകാന്‍ തീരുമാനിച്ചെങ്കിലും മുറിവ് പൂര്‍ണമായും ഭേദമാകാത്തതിനാല്‍ പോകാന്‍ കഴിയുന്നില്ല. നിലവില്‍ അസഹനീയമായ വേദനമൂലം ദുരിതമനുഭവിക്കുകയാണ് ഗോപാലന്‍. സര്‍കാരിന്റെ കനിവിനായി ഗോപാലന്‍ കാത്തിരിക്കുകയാണ്.
Keywords: Gopalan, who injured in a tiger attack, has no money for further treatment, Idukki, News, Tiger, Injured, Treatment, Compensation, Forest, Kerala.