SWISS-TOWER 24/07/2023

Arrested | ഡിഎംകെ മുന്‍ എംപി ഡി മസ്താന്റെ കൊലപാതകം; സഹോദരപുത്രിയായ 26കാരിയും അറസ്റ്റില്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com) ഡിഎംകെ മുന്‍ എംപി ഡി മസ്താന്റെ (66) കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരപുത്രിയായ 26കാരിയും അറസ്റ്റില്‍. ഇളയ സഹോദരന്‍ ഗൗസ് പാശയുടെ മകള്‍ ഹരിദ ശഹീനയാണ് അറസ്റ്റിലായത്. ഗൂഢാലോചനക്കേസിലാണ് ഹരിദയെ അറസ്റ്റ് ചെയ്തത്.

മസ്താന്റെ കൊലപാതകം ആസൂത്രണം ചെയ്തത് സഹോദരന്‍ ഗൗസ് പാശയാണെന്ന് നേരത്തെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. പണമിടപാടു തര്‍ക്കത്തിന്റെ പേരില്‍ മസ്താനെ ബന്ധുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്ന കേസില്‍ ഗൗസ് പാശ നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളുടെ മരുമകനും മസ്താന്റെ കാര്‍ ഡ്രൈവറുമായിരുന്ന ഇമ്രാന്‍ പാശയുടെ സഹായത്തോടെയായിരുന്നു കൊലപാതകമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

Arrested | ഡിഎംകെ മുന്‍ എംപി ഡി മസ്താന്റെ കൊലപാതകം; സഹോദരപുത്രിയായ 26കാരിയും അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

സ്വത്തു തര്‍ക്കമാണ് മസ്താന്റെ കൊലയ്ക്കു പിന്നിലെന്ന് കണ്ടെത്തിയിരുന്നു. ഗൗസ് പാശയെ ചോദ്യം ചെയ്തതോടെ മകള്‍ ഹരിദ ശാഹിനയ്ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

ഡിസംബര്‍ 22 നാണ് ഗൗസ് പാശയുടെ മരുമകനും ഡ്രൈവറുമായ ഇമ്രാന്‍ പാശയും ബന്ധു സുല്‍ത്വാനും ചേര്‍ന്ന് മസ്താനെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിക്കുന്നത്. യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായി എന്നായിരുന്നു മൊഴി. എന്നാല്‍, മൃതദേഹത്തിന്റെ മൂക്കിലും മുഖത്തുമുണ്ടായിരുന്ന പരുക്കുകള്‍ ശ്രദ്ധിച്ച മകന്‍ ശാനവാസ് ഇതുസംബന്ധിച്ച് ഗുഡുവഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് ഇമ്രാന്‍ പാശ, സുല്‍ത്വാന്‍ എന്നിവരടക്കം അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇമ്രാന്‍ കടം വാങ്ങിയ 15 ലക്ഷത്തോളം രൂപ തിരികെ ചോദിച്ച മസ്താനെ വാഹനത്തില്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തല്‍.

ഗുഡുവാഞ്ചേരിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് കാര്‍ നിര്‍ത്തിയ ശേഷം വാഹനത്തിന്റെ പിന്‍സീറ്റില്‍ ഇരുന്ന സുല്‍ത്വാനും നസീറും ചേര്‍ന്ന് മസ്താനെ മൂക്കും വായും പൊത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.

യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായെന്ന് കൂടെയുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിരുന്നുവെങ്കിലും വഴിയിലെ സിസിടിവി ദൃശ്യങ്ങളുടെയും ഫോണ്‍ കോളുകളുടെയും അടിസ്ഥാനത്തില്‍ കൂടെയുണ്ടായിരുന്നവര്‍ കള്ളം പറയുകയാണെന്ന് തെളിഞ്ഞു. മാത്രമല്ല, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ തെളിവുകള്‍ പോസ്റ്റ്‌മോര്‍ടം റിപോര്‍ടിലും ലഭിച്ചു.

വിശദമായ ചോദ്യം ചെയ്യലില്‍ മറ്റ് നാലു പേര്‍ക്കൊപ്പം മസ്താനെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്തത് താനാണെന്ന് ഒടുവില്‍ ഇമ്രാന്‍ സമ്മതിച്ചു. എഐഎഡിഎംകെ പ്രതിനിധിയായി രാജ്യസഭാംഗമായ(1995-2001) മസ്താന്‍ പിന്നീട് ഡിഎംകെയില്‍ ചേര്‍ന്നു. ഡോക്ടറായ അദ്ദേഹം ആശുപത്രിയും നടത്തിയിരുന്നു.

Keywords: Former MP D Mastan's murder: 26-year-old niece arrested, Chennai, News, Police, Arrested, Murder, National.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia