തുര്‍കി: (www.kvartha.com) തുര്‍കിയിലെ ഭൂകമ്പത്തില്‍ കാണാതായവരുടെ കൂട്ടത്തില്‍ ഘാന ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യന്‍ അറ്റ്‌സുവും ഉണ്ടെന്നും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ താരം കുടുങ്ങിക്കിടക്കുകയാണെന്നുമുള്ള റിപോര്‍ടുകള്‍ പുറത്തുവരുന്നു. ക്ലബ് സ്‌പോര്‍ടിങ് ഡയറക്ടര്‍ താനിര്‍ സാവുതും കെട്ടിടാവശഷിട്ങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും റിപോര്‍ടുണ്ട്. തുര്‍കിയിലെ ആഭ്യന്തര ലീഗില്‍ ഹതായ് സ്‌പോറിനായി കളിക്കുന്ന ഘാന ദേശീയ താരമാണ് ക്രിസ്റ്റ്യന്‍ അറ്റ്‌സു.
ദുരന്തം വിതച്ചതിന്റെ തലേന്ന് രാത്രി തുര്‍കി സൂപര്‍ ലീഗില്‍ ഇഞ്ച്വറി സമയ ഗോളുമായി സ്വന്തം ടീമിനെ വിജയത്തിലെത്തിച്ച താരമാണ് പുലര്‍ചെയുണ്ടായ ഭൂകമ്പത്തില്‍ പെട്ടത്. അറ്റ്‌സുവിനെ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചതായുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
അപകടത്തില്‍ കാലിന് പരിക്കേറ്റ അറ്റ്‌സുവിനെ പുറത്തെത്തിച്ചെന്നായിരുന്നു റിപോര്‍ട്. ശ്വാസ പ്രശ്‌നങ്ങളും ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും താരവും സ്‌പോര്‍ടിങ് ഡയറക്ടറും ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു.
അതേ സമയം, ടീമിലെ മറ്റു താരങ്ങളും കുടുങ്ങിക്കിടക്കുന്നതായും റിപോര്‍ടുണ്ട്. കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ അറ്റ്‌സുവും മറ്റ് ഒമ്പത് താരങ്ങളും രണ്ട് ഒഫീഷ്യലുകളും ഉണ്ടായിരുന്നതായും ഇവരില്‍ മൂന്നു കളിക്കാരെ മാത്രമാണ് പുറത്തെടുക്കാനായതെന്നും ചില റിപോര്‍ടുകളില്‍ പറയുന്നു.
പ്രിമിയര്‍ ലീഗില്‍ ന്യൂകാസില്‍, ചെല്‍സി ടീമുകള്‍ക്കൊപ്പം ബൂടുകെട്ടിയ 31കാരനായ വിങ്ങര്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് തുര്‍കി സൂപര്‍ ലീഗിലെത്തിയത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ക്ലബ് വൃത്തങ്ങള്‍ അറിയിച്ചു.
2017 മുതല്‍ തുടര്‍ചയായ അഞ്ചു സീസണില്‍ ന്യൂകാസിലിനൊപ്പം പന്തുതട്ടിയ അറ്റ്‌സു 2021ല്‍ സഊദി ലീഗിലെത്തി. തുര്‍കി ഭൂകമ്പത്തിന് തലേന്നു രാത്രിയിലും ടീമിനു വേണ്ടി ഇറങ്ങിയിരുന്നു. അവസാന വിസിലിന് തൊട്ടുമുമ്പ് ഫ്രീ കിക് ഗോളാക്കി താരം ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. ഈ ആഘോഷം പൂര്‍ത്തിയാകും മുമ്പെയാണ് രാജ്യത്തെയും അയല്‍രാജ്യമായ സിറിയയെയും നടുക്കി വന്‍ഭൂചലനമുണ്ടാകുന്നതും ഇവര്‍ താമസിച്ച കെട്ടിടം തകര്‍ന്നുവീഴുന്നതും.
തുര്‍കിയില്‍ മാത്രം ഇതിനോടകം 5,606 കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ തകര്‍ന്നുവീണത്. സിറിയയിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി. മരിച്ചവരുടെ എണ്ണവും കൂടി വരികയാണ്. പൗരാണിക നഗരമായ അലപോയിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി.
Keywords: Fears grow for Christian Atsu after Turkey earthquake, Turkey, Earth Quake, Football Player, Building Collapse, Report, Media, World.