Curriculum | പാഠ്യപദ്ധതി പരിഷ്‌കരണത്തെക്കാള്‍ പ്രാധാന്യം പരീക്ഷാസമ്പ്രദായ പരിഷ്‌കരണത്തിന് വേണം: മന്ത്രി കെ രാജന്‍

 



കണ്ണൂര്‍: (www.kvartha.com) പാഠ്യപദ്ധതിയുടെ പരിഷ്‌ക്കരണത്തേക്കാള്‍ എത്രയോ പ്രധാനപ്പെട്ടതാണ് പരീക്ഷാസമ്പ്രദായത്തിന്റെ പരിഷ്‌കരണമെന്ന് റവന്യു മന്ത്രി കെ രാജന്‍. ഓള്‍ കേരള സ്‌കൂള്‍ ടീചേഴ്‌സ് യൂനിയന്‍( എ കെ എസ് ടി യു) 28-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം എ ആര്‍ സി നായര്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരീക്ഷാസമ്പ്രദായത്തിന്റെ പരിഷ്‌കരണത്തിലൂടെ മാത്രമാണ് ലോകത്തിലെ സകലതും പഠിപ്പിക്കാനും പഠിക്കാനും കഴിയുന്ന ഒരു തലമുറയെ സൃഷ്ടിക്കാന്‍ സാധ്യമാകുകയുള്ളു. നമ്മുടെ പരീക്ഷാസമ്പ്രദായത്തെ  സമുജ്ജ്വലമായ മാറ്റത്തിലേക്ക് കൊണ്ടുപോകാന്‍ കഴിയുന്ന വിധത്തില്‍ കേരളത്തിന്റെ പാഠ്യക്രമത്തെ മാറ്റേണ്ടതുണ്ട്. 

വിവരശേഖരണമല്ല വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനലക്ഷ്യം. ശാസ്ത്രബോധവും യുക്തിചിന്തയും പഠിപ്പിക്കുവാന്‍ കഴിയുന്ന സമുജ്ജ്വലമായിട്ടുള്ള ഒരു സംസ്‌കാരത്തെ ഹൃദയത്തിലേറ്റുവാങ്ങാന്‍ കഴിയുന്ന ഒരു തലമുറയെ സൃഷ്ടിക്കുന്ന പ്രധാനപ്പെട്ട ഇനമാണ് വിദ്യാഭ്യാസം എന്ന തിരിച്ചറിവില്‍ നമ്മുക്ക് നില്‍ക്കുവാന്‍ കഴിയണം. ആ യുക്തിചിന്തയും ശാസ്ത്രബോധവും മതനിരപേക്ഷതയും നമ്മുക്കിടയില്‍ നിന്ന് നഷ്ടപ്പെട്ടുപോയി. കേവലം വിവരശേഖരണത്തിന്റെ ഒരിടമായി മാറുമ്പോഴാണ് പള്ളികൂടങ്ങള്‍, പരീക്ഷാകേന്ദ്രീകൃതമായ പഠനലോകത്തിലേക്ക് കടന്നുപോകുന്നതെന്ന് തിരിച്ചറിയാന്‍ നമ്മുക്ക് കഴിയണം.

എസ് എസ് എല്‍ സിക്കും പ്ലസ് ടുവിനും മാത്രം എ പ്ലസ് കിട്ടുന്ന കുട്ടികളെ സൃഷ്ടിക്കലല്ല അധ്യാപകരുടെ ചുമതല. അതിനേക്കാള്‍ ഉപരിയായി ജീവിതത്തില്‍ എ പ്ലസ് നേടുന്ന കുട്ടികളെ സൃഷ്ടിക്കുകയെന്ന ചുമതലയിലേക്ക് അധ്യാപകലോകം പോകണം. അതിന് കേവലമായ സിലബസിന്റെ അടിസ്ഥാനതലങ്ങളിലേക്ക് മാത്രം പോയാല്‍ സാധ്യമാവില്ല. പ്രകൃതിയുടെ, ലോകത്തിന്റെ പാഠപുസ്തകത്തെ വായിക്കാന്‍ നമ്മുക്ക് സാധിക്കണം. ലോകത്തിന്റെ സകല ചിന്തകളെയും കോര്‍ത്തിണക്കാന്‍ കഴിയുന്ന ഒന്നായി വിദ്യാഭ്യാസത്തെ മാറ്റിയെടുക്കാന്‍ കഴിയുമ്പോഴാണ് യഥാര്‍ഥ വിദ്യാഭ്യാസത്തിന്റെ അലകും പിടിയും  ബോധ്യപ്പെടുത്താന്‍ കഴിയുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് നമ്മുക്ക് കടന്നുവരാനാകുകയുള്ളു.

മക്കള്‍ ഉന്നത സ്ഥാനത്തെത്തണം ഉയര്‍ന്ന മാര്‍ക് നേടണം എന്നതിന് പകരം മക്കള്‍ മനുഷ്യരാകണം എന്ന് പറയാന്‍ രക്ഷിതാക്കള്‍ക്ക് കഴിയുന്ന വിധത്തില്‍ കേരളത്തിലെ വിദ്യാഭ്യാസം മാറണം. ശാസ്ത്രബോധവും യുക്തിചിന്തയുമില്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കുവാനുള്ള ബോധപൂര്‍വമായ പരിശ്രമവുമായി രാജ്യം ഭരിക്കുന്നവര്‍ മുന്നോട്ട് പോകുന്ന ആപത്കരമായ കാലഘട്ടമാണ് നമ്മുക്കിന്നുള്ളത്. 

ഭരണഘടനയേക്കാള്‍ വലുതായി ഒന്നുമില്ലെന്ന് വാദിക്കുന്ന രാജ്യത്ത് ഭരണഘടനയുടെ ആമുഖത്തെ മാറ്റിയെഴുതണമെന്ന് നിശ്ചയിക്കുന്നവര്‍, ഇന്‍ഡ്യയില്‍ ഏകത എന്ന മുദ്രാവാക്യം അവതരിപ്പിക്കുകയാണ്. ഹിന്ദു, ഹിന്ദുസ്താന്‍ എന്ന വാദം രാജ്യത്ത് അവതരിപ്പിക്കുമ്പോള്‍ ജനാധിപത്യ മതനിരപേക്ഷ ജീവിതക്രമത്തെ എങ്ങോട്ട് കൊണ്ടുപോകുന്നുവെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. 

കേരള സംസ്ഥാനം രാജ്യത്തിന് മാത്രമല്ല ലോകത്തിന് തന്നെ ഒരു ബദല്‍ ആണ്. എല്ലാ മേഖലയിലെന്നത് പോലെ ഒരു ബദല്‍ വിദ്യാഭ്യാസ രീതി കേരളം നടപ്പിലാക്കി. കോവിഡ് കാലത്ത് അടച്ചുപൂട്ടപ്പെട്ട ജീവിത അവസ്ഥയില്‍ വിദ്യാഭ്യാസം മുടങ്ങിയപ്പോള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായം ആരംഭിച്ചു. 

Curriculum | പാഠ്യപദ്ധതി പരിഷ്‌കരണത്തെക്കാള്‍ പ്രാധാന്യം പരീക്ഷാസമ്പ്രദായ പരിഷ്‌കരണത്തിന് വേണം: മന്ത്രി കെ രാജന്‍


അതേസമയം കേന്ദ്രസര്‍കാര്‍ സിലബസ് വെട്ടിക്കുറക്കുകയാണ് ചെയ്തത്. മനുഷ്യന്റെ പരിണാമസിദ്ധാന്തമുള്‍പെടെയുള്ള കാര്യങ്ങള്‍ പഠിപ്പിക്കുന്നതാണ് വെട്ടിക്കുറച്ചത്. ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കുന്നതിന്റെ സാമ്പിള്‍ വെടിക്കെട്ടാണ് കോവിഡ് കാലത്ത് കേന്ദ്രം നടപ്പാക്കിയത്.

മതനിരപേക്ഷ വിദ്യാഭ്യാസത്തിന്റെ ഹൃദയം സംരക്ഷിക്കുവാന്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതെന്ന് നാം കരുതുന്ന ഭരണഘടനയുടെ കാതലിനെ  പൊതുസമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുവാന്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തേണ്ടത് അധ്യാപക സമൂഹമാണ്. അതാണ് കേരളത്തില്‍ എ കെ എസ് ടി യു പോലുള്ള പ്രസ്ഥാനം ഏറ്റെടുക്കേണ്ട മുദ്രാവാക്യമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

Keywords:  News,Kerala,State,Education,Examination,Minister,Top-Headlines,Latest-News, Exam reform should be more important than curriculum reform: Minister K Rajan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia