കണ്ണൂര്‍: (www.kvartha.com) സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍നിന്നും എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമിറ്റി അംഗവുമായി ഇപി ജയരാജന്‍ വിട്ടുനിന്ന സംഭവമാണ് ഇപ്പോഴത്തെ ചൂടേറിയ രാഷ്ട്രീയ ചര്‍ച. അതിനിടെയാണ് കഴിഞ്ഞദിവസം വിവാദ ഇടനിലക്കാരന്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ ഇപി പങ്കെടുത്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായിരുന്നു.
സംഭവം കൂടുതല്‍ വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കയാണ് എല്‍ ഡി എഫ് കണ്‍വീനര്‍. കൊച്ചിയിലെത്തിയ സമയത്ത് ഒരു ക്ഷേത്രത്തിലെ ചടങ്ങിന് പോയതാണെന്നും അവിടെവച്ച് ഒരു അമ്മയെ ആദരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെട്ടപ്പോള്‍ സമ്മതം അറിയിക്കുകയായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു. എന്നാല്‍ നന്ദകുമാറിന്റെ അമ്മയാണെന്നറിയില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്തുവന്ന വാര്‍ത്തകള്‍ക്കു പിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനകീയ പ്രതിരോധ ജാഥ ആരംഭിക്കുന്നതിന്റെ തലേന്നാണ് നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ ഇപി ജയരാജന്‍ പങ്കെടുത്തത്. ജാഥയില്‍ നിന്ന് ഇപി വിട്ടുനില്‍ക്കുന്നത് വിവാദമായിരിക്കെയാണ്, നന്ദകുമാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട പുതിയ വിവാദം ഉയര്‍ന്നത്. എന്നാല്‍ ജയരാജനെയും ഒപ്പമുണ്ടായിരുന്ന കെവി തോമസിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നാണ് നന്ദകുമാറിന്റെ വിശദീകരണം.
അതേസമയം, ജയരാജന് ഇനിയും ജാഥയില്‍ പങ്കെടുക്കാന്‍ സമയമുണ്ടെന്നായിരുന്നു വിവാദത്തോടുള്ള സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്റെ പ്രതികരണം. ഇപി ജയരാജന്‍ നന്ദകുമാറിന്റെ വീട്ടിലെത്തിയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്‍ഡിഎഫ് കണ്‍വീനര്‍ ജാഥയുടെ ഏതു സമയത്തും 18-ാം തീയതി വരെയും അല്ലെങ്കില്‍ 18-ാം തീയതിയും പങ്കെടുക്കാന്‍ സാധ്യതയുണ്ടല്ലോ. അതുകൊണ്ട് നിങ്ങള്‍ അതില്‍ വിഷമിക്കേണ്ട. ഇപ്പോള്‍ ജാഥാംഗങ്ങളല്ലേ ഇതില്‍ പങ്കെടുക്കുന്നുള്ളൂ. സ്വീകരണ പരിപാടിയിലല്ലേ പങ്കെടുക്കേണ്ടത് എന്ന് പറഞ്ഞ ഗോവിന്ദന്‍ ജാഥയുടെ ഉദ്ഘാടന പരിപാടിക്ക് ഞാന്‍ തന്നെ ക്ഷണിച്ചതാണെന്നും അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രി ഉണ്ടല്ലോ പിന്നെ ഞാനെന്തിനാണ് വരുന്നത് എന്ന രീതിയിലായിരുന്നു അന്ന് അദ്ദേഹം സംസാരിച്ചത്. ഇക്കാര്യം എന്നോടു തന്നെ നേരിട്ടു പറഞ്ഞതാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
Keywords: EP Jayarajan Clarifies His Visit To Nandakumar's House, Kannur, News, Politics, Controversy, Kerala.