തിരുവനന്തപുരം: (www.kvartha.com) മകന്റേയും ഭാര്യയുടേയും ഉടമസ്ഥതയിലുള്ള റിസോര്‍ട് വിവാദത്തിലെ പാര്‍ടി അന്വേഷണ വാര്‍ത്തകളോട് പ്രതികരിച്ച് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. തനിക്കെതിരെ ആരും ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്ന് പറഞ്ഞ ഇപി സാമ്പത്തികമായി താന്‍ തെറ്റായ നിലപാട് സ്വീകരിച്ചെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി.
കേരളത്തിന്റെ മുഖ്യമന്ത്രി പറയുന്നതു പോലെ മടിയില്‍ കനമുള്ളവനേ ഭയപ്പെടേണ്ടതുള്ളൂ, എനിക്ക് ഭയമില്ല. ഞാന്‍ ശരിയായ നിലപാടേ സ്വീകരിക്കാറുള്ളൂ. ഞാന്‍ ജനങ്ങള്‍ക്കു വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാറുണ്ട്. നാടിന്റെ ക്ഷേമത്തിനായി ഒട്ടനവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇനിയും ആ ദൗത്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ടേയിരിക്കുമെന്നും ജയരാജന്‍ പറഞ്ഞു.
വാര്‍ത്തകള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ എവിടെനിന്നാണ് വാര്‍ത്തകള്‍ വരുന്നതെന്നും ആരാണ് സൃഷ്ടിക്കുന്നതെന്നും മാധ്യമങ്ങള്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാലത്തും ഇത്തരം പ്രചാരണങ്ങള്‍ തനിക്കെതിരെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇപി ജയരാജനെതിരായ റിസോര്‍ട് വിവാദത്തില്‍ പാര്‍ടി അന്വേഷണമില്ലെന്ന് നേരത്തെ സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. വിവാദം മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന കമിറ്റിയില്‍ ഒന്നര മാസം മുന്‍പാണ് സംസ്ഥാന സമിതി അംഗം പി ജയരാജന്‍, ഇപിക്കെതിരെ ആരോപണം ഉന്നയിച്ചത്.
ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിരയ്ക്കും മകന്‍ പികെ ജയ്‌സനും പങ്കാളിത്തമുള്ള കണ്ണൂരിലെ വൈദേകം ആയുര്‍വേദ റിസോര്‍ടിനു പിന്നിലെ ധനസമാഹരണവും വിനിയോഗവും സംബന്ധിച്ച ഗുരുതര ആരോപണങ്ങള്‍ ഡിസംബറില്‍ ചേര്‍ന്ന സംസ്ഥാന കമിറ്റിയിലാണ് പി ജയരാജന്‍ ഉന്നയിച്ചത്. ആ യോഗത്തില്‍ ഇപി പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് സംസ്ഥാന കമിറ്റിയില്‍ തന്നെ മറുപടി പറയാന്‍ കേന്ദ്രകമിറ്റി അംഗമായ ഇപിയോടു സംസ്ഥാന സെക്രടേറിയറ്റ് നിര്‍ദേശിക്കുകയായിരുന്നു.
Keywords: EP Jayarajan about resort controversy, Thiruvananthapuram, News, Politics, Allegation, Controversy, Media, Kerala.