ആലപ്പുഴ: (www.kvartha.com) പൂച്ച മാന്തിയതാണെന്ന് കരുതി നിസാരമായി കരുതി, എന്നാല്‍ പാമ്പാണ് കടിച്ചതെന്ന് കാട്ടിക്കൊടുത്ത് വളര്‍ത്തുനായ. അമ്പലപ്പുഴയിലാണ് സംഭവം. വീട്ടില്‍ മുറ്റം അടിച്ചുവാരുന്നതിനിടെ പാമ്പു കടിയേറ്റ ആയാപ്പറമ്പ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ അധ്യാപികയായ വിശ്വകുമാരിക്കാണ് വളര്‍ത്തുനായയുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ജീവന്‍ തരികെ കിട്ടിയത്.
പൂച്ച മാന്തിയതാണെന്ന് കരുതിയിരുന്ന വീട്ടമ്മയ്ക്ക് കടിച്ചത് മൂര്‍ഖന്‍ പാമ്പാണെന്ന് കാട്ടിക്കൊടുത്തത് വളര്‍ത്തുനായ ജൂലി ആയിരുന്നു. ഉടന്‍ തന്നെ ഇവരെ ബന്ധുക്കള്‍ ആലപ്പുഴ മെഡികല്‍ കോളജിലെത്തിച്ചു.
ഐസിയുവില്‍ കഴിയുന്ന വിശ്വകുമാരി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പാമ്പുകടിയേറ്റ് ഒരു മണിക്കൂറിനിടെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടാണ് വിശ്വകുമാരിയുടെ ജീവന്‍ രക്ഷിക്കാനായത്.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് മുറ്റമടിക്കുന്നതിനിടെ വിശ്വകുമാരിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. വീട്ടുമുറ്റത്തെ താമര വളര്‍ത്തുന്ന ടാങ്കിനടിയിലെ കല്ലുകള്‍ അടുക്കിവെക്കുന്നതിനിടെയാണ് വിരലില്‍ കടിയേറ്റത്. മുറിവിന്റെ ചെറിയ അടയാളം മാത്രമാണ് വിരലില്‍ ഉണ്ടായിരുന്നത്. വേദനയും അനുഭവപ്പെട്ടില്ല. അതുകൊണ്ടുതന്നെ പൂച്ച മാന്തിയതാകുമെന്ന് കരുതി സോപും വെള്ളവും ഉപയോഗിച്ച് കൈ കഴുകി.
അതിനിടെയാണ് താമര വളര്‍ത്തുന്ന ടാങ്കിന്റെ കല്ലുകള്‍ക്കിടയില്‍ ഇരുന്ന മൂര്‍ഖന്‍ പാമ്പിനെ വീട്ടില്‍ വളര്‍ത്തുന്ന നായ ജൂലി കണ്ടെത്തിയത്. പാമ്പിനെ കടിച്ചുകുടഞ്ഞ ജൂലി ഉച്ചത്തില്‍ കുരച്ചുകൊണ്ടിരുന്നു. ശബ്ദം കേട്ട് എത്തിയപ്പോള്‍ പാമ്പിനെ കടിച്ചുകുടയുന്ന ജൂലിയെയാണ് വിശ്വകുമാരി കണ്ടത്.
ഇതോടെയാണ് തന്നെ പൂച്ച മാന്തിയതല്ല, പാമ്പ് കടിച്ചതാണെന്ന് അവര്‍ മനസിലാക്കിയത്. വിശ്വകുമാരിയുടെ ബഹളംകേട്ട് ഓടിയെത്തിയ മകളും സുഹൃത്തുക്കളും ചേര്‍ന്ന് ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പാമ്പിന്‍വിഷത്തിനെതിരായ മരുന്ന് അപ്പോള്‍ തന്നെ എടുക്കാനായതും ഇവര്‍ക്ക് രക്ഷയായി. അതിനിടെ പിടികൂടാനുള്ള ശ്രമത്തിനിടെ സമീപവാസികള്‍ മൂര്‍ഖന്‍ പാമ്പിനെ തല്ലിക്കൊന്നു. പുറക്കാട് ഗ്രാമപഞ്ചായത് മുന്‍ പ്രസിഡന്റ് വി സി മധുവാണ് വിശ്വകുമാരിയുടെ ഭര്‍ത്താവ്. വിശാല്‍ മകനാണ്.
Keywords: Dog saved housewife who bitten by snake, Alappuzha, News, Local News, Hospital, Treatment, Kerala.