എകെ എസ് ടി യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി യശോദ ടീചര്‍ നഗറില്‍ നടന്ന ലിംഗ സമത്വവും പാഠ്യപദ്ധതിയും എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കേന്ദ്ര സര്‍കാര്‍ എല്ലാ മേഖലയിലുമെന്ന പോലെ വിദ്യാഭ്യാസ മേഖലയിലും അവരുടെ അജന്‍ഡ നടപ്പാക്കുമ്പോള്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ ജനാധിപത്യവത്കരിക്കാന്‍ നമ്മുക്ക് സാധിക്കണം.
സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി നിരവധി മുന്നേറ്റങ്ങള്‍ നവോത്ഥാന പ്രസ്ഥാനങ്ങളുള്‍പ്പെടെ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരം മുന്നേറ്റങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിച്ച നവോത്ഥാന നായകരെ കുറിച്ച് മാത്രമാണ് പരമാര്‍ശിക്കപ്പെട്ടത്. വലിയ മുന്നേറ്റങ്ങള്‍ നടത്തിയ സ്ത്രീകള്‍ അദൃശ്യമാക്കപ്പെട്ടു. ചരിത്രത്തില്‍ അവര്‍ പരമാര്‍ശിക്കപ്പെടുന്നതേയില്ല.
ലിംഗസമത്വമെന്ന ആശയം ഇവിടെയും നടപ്പിലാക്കപ്പെടുന്നില്ല. ചരിത്രമെന്നു പറയുന്നത് ശക്തമായ രാഷ്ട്രീയ ഖനിയാണ്. അതുകൊണ്ടാണ് മോദി സര്‍കാര്‍ ചരിത്രത്തെ മാറ്റുവാന്‍ ശ്രമിക്കുന്നത്. സ്ത്രീകളുള്‍പ്പെടെ എല്ലാ ലിംഗവിഭാഗങ്ങളുടെയും അടയാളങ്ങളും സംഭാവനകളും നമ്മള്‍ തിരിച്ചുപിടിക്കണം. ഇവരുടെ സംഭാവനകള്‍ നമ്മുടെ പാഠപുസ്തകത്തില്‍ ചേര്‍ത്തിട്ടില്ലെന്നത് തന്നെ ഏറ്റവും വലിയ വിടവാണ്. ഇന്നത്തെ പാഠ്യപദ്ധതി സംവിധാനങ്ങളും പ്രക്രിയകളും ലിംഗ സമത്വത്തിനും നീതിക്കും എതിരാണ്.
വിദ്യാഭ്യാസ മേഖലയില്‍ 70 % പേരും സ്ത്രീകളാണ്. എന്നാല്‍ കരികുലത്തിന്റെ വികസന സമിതികളില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. ഇതില്‍ മാറ്റം വരുത്താന്‍ ഇടത് അധ്യാപക സംഘടനകള്‍ സമ്മര്‍ദം ചെലുത്തണം. പ്രൈമറി തലം തൊട്ട് ഹയര്‍സെകന്‍ഡറി വരെയുള്ള പാഠപുസ്തങ്ങളെ ജെന്‍ഡര്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണം.
എല്ലായിടങ്ങളിലും ഇന്റേണല്‍ കംപ്ലയിന്റ്സ് കമിറ്റി രൂപീകരിക്കണമെന്നത് മുന്‍തൂക്കത്തോടെ ഉന്നയിക്കേണ്ടതാണ്. ലൈംഗിക വിദ്യാഭ്യാസവും സൈകോളജിയും പാഠ്യപദ്ധതിയിലുള്‍പ്പെടുത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
എകെ എസ് ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ഇന്ദുമതി അന്തര്‍ജനം അധ്യക്ഷയായി. കേരള മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രടറി എന്‍ ഉഷ, ആഇശ ടീചര്‍, ഷീജ മോഹന്‍ദാസ്, കെ എസ് ഭരത് രാജ്, ഡോ പി കെ സബിത്, ബിജിത അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ശൈലജ വരയില്‍ സ്വാഗതം പറഞ്ഞു.
Keywords: CS Chandrika says textbooks should be subject to gender auditing. Kannur, News, Education, Teachers, Kerala.