Follow KVARTHA on Google news Follow Us!
ad

Crime branch | ഭക്ഷണത്തില്‍ പലതവണയായി രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി; രക്ത സാംപിളുകള്‍ ശേഖരിച്ച് ക്രൈംബ്രാഞ്ച്; അവശനിലയിലായ സരിത എസ് നായര്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂടില്‍ ചികിത്സയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Complaint,Crime Branch,Treatment,Kerala,
തിരുവനന്തപുരം: (www.kvartha.com) ഭക്ഷണത്തില്‍ പലതവണയായി രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ രക്ത സാംപിളുകള്‍ ശേഖരിച്ച് ക്രൈംബ്രാഞ്ച്. മുന്‍ ഡ്രൈവര്‍ വിനുകുമാറിനെതിരെയാണ് സരിത പരാതി നല്‍കിയിരിക്കുന്നത്.

Crime branch collects Saritha S Nairs blood sample, Thiruvananthapuram, News, Complaint, Crime Branch, Treatment, Kerala

കേരളത്തില്‍ പരിശോധനയ്ക്ക് സൗകര്യമില്ലാത്തതിനാല്‍ ഡെല്‍ഹിയില്‍ നാഷനല്‍ ഫൊറന്‍സിക് സയന്‍സ് ലബോറടിയില്‍ സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ശാരീരികമായി അവശനിലയിലായ സരിത ഇപ്പോള്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂടില്‍ ചികിത്സയിലാണ്.

രോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്ന് സരിത പരാതിയില്‍ പറയുന്നു. പരിശോധനയില്‍ രക്തത്തില്‍ അമിത അളവില്‍ ആഴ്‌സനിക്, മെര്‍കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. 2018 മുതല്‍ തനിക്ക് നേരെ കൊലപാതകശ്രമം ആരംഭിച്ചു എന്നാണ് പരാതിയില്‍ സരിത പറയുന്നത്.

രാസവസ്തു കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായ സരിതയുടെ ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു. ഇടതു കാലിനും സ്വാധീനക്കുറവുണ്ടായി. പരാതിക്കാരിയെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ മുന്‍ ഡ്രൈവര്‍ വിനുകുമാര്‍, സരിത നല്‍കിയ പരാതിയിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് തയാറാക്കിയ എഫ്‌ഐആറില്‍ പറയുന്നത്.

പരാതിക്കാരിക്ക് മരണം വരെ സംഭവിക്കാവുന്ന തരത്തില്‍ രാസപദാര്‍ഥങ്ങള്‍ നല്‍കി. ഐപിസി 307 (കൊലപാതകശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിതമായ ഗൂഢാലോചന) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ വിഷവസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നുവെങ്കിലും അതിന് പിന്നില്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പരാതി നല്‍കിയില്ല. 2022 ജനുവരി മൂന്നിന് ഒരു യാത്രയ്ക്കിടെ കരമനയിലെ ജൂസ് കടയില്‍ വച്ച് വിനുകുമാറാണ് രാസവസ്തു കലര്‍ത്തിയതെന്നു മനസ്സിലായെന്നും സരിത പറഞ്ഞു. ഇയാളെ പിന്നീട് സരിത ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി. വിനുകുമാറിന്റെ വീട്ടിലും പരിശോധന നടത്തി. ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍നിന്നും വിവരം ശേഖരിച്ചു. വിനുകുമാറിന്റെ ഫോണ്‍ രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചു. വിനുകുമാറിനു പുറമേ മറ്റു ചിലര്‍ക്കു കൂടി ഇതില്‍ പങ്കുണ്ടെന്നു സംശയിക്കുന്നതായി സരിത പറയുന്നു. സാമ്പത്തിക ലക്ഷ്യത്തോടെയാണ് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതെന്നും സരിത മൊഴി നല്‍കി.

Keywords: Crime branch collects Saritha S Nairs blood sample, Thiruvananthapuram, News, Complaint, Crime Branch, Treatment, Kerala.

Post a Comment