സംസ്ഥാന സമിതിയില്‍ ഇപിയും പി ജയരാജനും തമ്മില്‍ വാക്കേറ്റമുണ്ടായതായും വിവരമുണ്ട്. തനിക്കെതിരെ ഗൂഢാലോചന നടന്നതായും വ്യക്തിഹത്യയ്ക്ക് ശ്രമം നടന്നതായും ഇപി ജയരാജന്‍ സമിതിയെ അറിയിച്ചു.
കണ്ണൂര്‍ ജില്ലയിലെ ആയുര്‍വേദ റിസോര്‍ടിന്റെ പേരിലാണ് ഇപി ജയരാജനെതിരെ പി ജയരാജന്‍ സംസ്ഥാന കമിറ്റിയില്‍ പരാതി ഉന്നയിച്ചത്. പിന്നാലെ, പി ജയരാജന്‍ അവിഹിതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതികള്‍ പാര്‍ടിക്കു ലഭിച്ചു. ഇപി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം അപ്രതീക്ഷിതമായാണ് പി ജയരാജന്‍ സംസ്ഥാന കമിറ്റിയില്‍ ഉന്നയിച്ചത്.
പാര്‍ടി നേതാക്കള്‍ തെറ്റായ വഴിക്ക് സഞ്ചരിക്കുന്നത് തടയാനായി അടിയന്തര കടമകള്‍ എന്ന രേഖ ചര്‍ച ചെയ്യുമ്പോഴായിരുന്നു ഇത്തരമൊരു ആരോപണം ഉയര്‍ന്നത്. പരാതി ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണം വേണമെന്നും ഡിസംബറില്‍ ചേര്‍ന്ന സംസ്ഥാന കമിറ്റിയില്‍ പി ജയരാജന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണം രേഖാമൂലം എഴുതി നല്‍കാനായിരുന്നു സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടത്. തെറ്റു ചെയ്താല്‍ എത്ര ഉന്നതനായാലും രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപി ജയരാജന്റെ ഭാര്യയും മകനും റിസോര്‍ടിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാണെന്ന് പി ജയരാജന്‍ ആരോപിച്ചിരുന്നു. റിസോര്‍ട് നിര്‍മാണ സമയത്തുതന്നെ ആരോപണം ഉയര്‍ന്നിരുന്നതായും പി ജയരാജന്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര കമിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ മുതിര്‍ന്ന നേതാവിനെതിരെ കണ്ണൂരിലെ തന്നെ പ്രമുഖ നേതാവ് ഗുരുതരമായ ആരോപണം ഉന്നയിച്ചത് പാര്‍ടിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. റിസോര്‍ട് വിവാദം ഏറെക്കാലം മുന്‍പേ പാര്‍ടി ചര്‍ച ചെയ്തു തള്ളിയതാണെങ്കിലും പാര്‍ടിയിലെ പടലപ്പിണക്കങ്ങളാണ് വിവാദം സംസ്ഥാന കമിറ്റിയിലെത്തിച്ചത്.
ഏറെ നാളായി പാര്‍ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു പി ജയരാജന്‍. കഴിഞ്ഞ സിപിഎം സമ്മേളനത്തില്‍ സംസ്ഥാന സെക്രടേറിയറ്റില്‍ പി ജയരാജന്‍ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അദ്ദേഹത്തെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിയമിക്കുകയാണ് ചെയ്തത്.
ഏറെ നാളായി ഇപി ജയരാജനും പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവധിയെടുത്ത് മാറി നില്‍ക്കുകയായിരുന്നു. പാര്‍ടി സെക്രടറിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് അകല്‍ചയ്ക്കു കാരണമെന്നായിരുന്നു വ്യാഖ്യാനം. പി ജയരാജന്‍ പരാതി ഉന്നയിച്ചതിനുശേഷമാണ് ഇപി പാര്‍ടി പരിപാടികളില്‍ സജീവമായത്.
Keywords: CPM to investigate allegations against EP Jayarajan and P Jayarajan, Thiruvananthapuram, News, Politics, Allegation, Controversy, CPM, Kerala.