CPM | 'ലഹരിക്കടത്തിന് ഒത്താശചെയ്യുന്ന ശാനവാസുമാരെ പുറത്താക്കാത്ത പാര്‍ടിയും സ്വയം പുറത്തുപോയ പയ്യന്നൂരിലെ കുഞ്ഞികൃഷ്ണനും'; സിപിഎം നേരിടുന്നത് കമ്യൂണിസ്റ്റ് ധാര്‍മിക പ്രതിസന്ധികള്‍

 


-ഭാമനാവത്ത്

കണ്ണൂര്‍: (www.kvartha.com) സിപിഎം പാര്‍ടി ധാര്‍മികതയ്ക്കു മുകളില്‍ പണത്തിന്റെയും അധികാര ഗര്‍വിന്റെയും കയ്യൂക്കിന്റെയും കമ്പിളിപുതപ്പു വിരിച്ചു ഭരണ തുടര്‍ചയുടെ ഗര്‍വില്‍ മദിച്ചു പുളയ്ക്കുമ്പോള്‍ വി കുഞ്ഞികൃഷ്ണന്‍മാര്‍ക്ക് ഈ പാര്‍ടിയില്‍ കാര്യമെന്തെന്ന ചോദ്യമാണ് സ്വാഭാവികമായും ഉയരുക. നാടോടുമ്പോള്‍ നടുവേ ഓടിയില്ലെങ്കില്‍ പാര്‍ടി പറയാതെ ഈച്ച പോലും പറക്കാത്ത പയ്യന്നുരില്‍ കുഞ്ഞികൃഷ്ണന്‍ പാര്‍ടി വിട്ടാല്‍ വിരുദ്ധനായി ശാരീരിക അക്രമത്തിന് വിധേയമാവുകയോ ഭ്രഷ്ട് കല്‍പ്പിച്ചു വീട്ടില്‍ ഒതുങ്ങി കുടുകയോ വേണ്ടി വരും. അതിലപ്പുറമൊന്നും ലഹരികടത്തുകാരായ ശാനവാസുമാര്‍ തലപ്പത്തിരിക്കുന്ന സിപിഎമില്‍ സംഭവിക്കാനൊന്നുമില്ലെന്നു തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.
     
CPM | 'ലഹരിക്കടത്തിന് ഒത്താശചെയ്യുന്ന ശാനവാസുമാരെ പുറത്താക്കാത്ത പാര്‍ടിയും സ്വയം പുറത്തുപോയ പയ്യന്നൂരിലെ കുഞ്ഞികൃഷ്ണനും'; സിപിഎം നേരിടുന്നത് കമ്യൂണിസ്റ്റ് ധാര്‍മിക പ്രതിസന്ധികള്‍

കൊല്ലിനും കൊലയ്ക്കും ക്വടേഷനുകള്‍ക്കും പേരു കേട്ട ഉഗ്രപ്രതാപിയായ നേതാവാണ് ഇപ്പോള്‍ പയ്യന്നൂരിലെ പാര്‍ടിയെ ഭരിക്കുന്നത്. നേതൃത്വത്തിന്റെ ഇഷ്ടക്കാരനെതിരെ എത്ര തെളിവുകള്‍ ഹാജരാക്കിയാലും പേരിന് ചര്‍ച നടത്തി പാര്‍ടി സെക്രടറിയേറ്റില്‍ നിന്നും ജില്ലാ കമിറ്റിയിലേക്ക് തരം താഴ്ത്തുകയും ജാഗ്രത കുറവുണ്ടായെന്ന തൂവല്‍ പോലെ തലോടുന്ന വിമര്‍ശനം മധുരമായി ഉന്നയിക്കുകയേ പാര്‍ടി നേതാക്കള്‍ ചെയ്യുകയുള്ളു. പയ്യന്നൂരിനെ ഭരിക്കുന്ന നേതാവിനെ എല്ലാവര്‍ക്കും പേടിയാണ്. നേതാവുമായി എല്ലാ തരത്തിലുമുള്ള രഹസ്യ ബന്ധമില്ലാത്ത തലതൊട്ടപ്പന്‍ മാര്‍ പോലും പാര്‍ടിയിലില്ല. എല്ലാവരും ഒരേ മനസോടെ അഡ്ജസ്റ്റ്മെന്റില്‍ പണ മുതലാളിത്തത്തെ തകര്‍ക്കാനുള്ള വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണ് കുഞ്ഞികൃഷ്ണനെന്ന വെറുമൊരു ഏരിയാ സെക്രടറിയുടെ ഒറ്റയാള്‍ കലാപങ്ങള്‍.

രാജിയും രാഷ്ട്രീയ പ്രവര്‍ത്തനമാണ്

രാജിയും രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് ദേശാഭിമാനി വാരികയുടെ പത്രാധിപര്‍ സ്ഥാനം രാജിവെച്ചു കൊണ്ടു എംഎന്‍ വിജയന്‍ പറഞ്ഞത്. മുതലാളിത്ത പാര്‍ടിയില്‍ സഞ്ചരിക്കുന്ന പാര്‍ടിയുടെ വഴിപിഴച്ച പോക്കിനെ ചോദ്യം ചെയ്തു കൊണ്ടാണ് എംഎന്‍.വിജയന്‍ തന്റെ രാജി പ്രഖ്യാപിച്ചത്. എന്നാല്‍ ഏഴു മാസം മുന്‍പ് പാര്‍ടിയില്‍ ചില ചോദ്യങ്ങളും അഴിമതിയുടെ കണക്കുകളും അവതരിപ്പിച്ചതിനാണ് കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രടറി സ്ഥാനത്തു നിന്നും ഒഴിവാക്കിയത്. പാര്‍ടിയെ സംഘടനാപരമായി ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നായിരുന്നു പാര്‍ടി നേതൃത്വത്തിന്റെ വിശദീകരണം. വെറുമൊരു ഏരിയാ കമിറ്റിയംഗമായി കുഞ്ഞികൃഷ്ണനെ മാറ്റുകയും ഏരിയാ സെക്രടറിയുടെ ചുമതല സംസ്ഥാന കമിറ്റിയംഗമായ ടിവി രാജേഷിന് നല്‍കുകയും ചെയ്തു.

കട്ടവനെ കിട്ടിയില്ലങ്കില്‍ കളവ് കണ്ടവനെ പിടിക്കുകയെന്ന പഴയ പൊലീസ് ലൈനിലാണ് പാര്‍ടി നേതാക്കള്‍ നീങ്ങിയത്. ഏരിയാ കമിറ്റി അംഗമാക്കി തരം താഴ്ത്തിയതോടെ താന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ് കുഞ്ഞികൃഷ്ണന്‍ സ്വന്തം തീരുമാന പ്രകാരം എല്ലാം ഇട്ടെറിഞ്ഞു പോയി. എന്നാല്‍ പാര്‍ടിക്കുളളില്‍ നിശബ്ദനായിരിക്കുന്ന കുഞ്ഞികൃഷ്ണന്‍ എത്രമാത്രം അപകടകാരിയാണെന്നും ആ മൗനം ഭാവിയില്‍ പാര്‍ടിയെന്ന ഏകശിലാനിര്‍മിതിയുടെ അടിവേരുകളില്‍ വിളളലുകള്‍ വീഴ്ത്തുമെന്നും തിരിച്ചറിഞ്ഞതു കൊണ്ടാണ് നേതൃത്വം പുതിയ അനുനയനീക്കവുമായി രംഗത്തിറങ്ങിയത്. കുഞ്ഞികൃഷ്ണന്‍ അഴിമതി ആരോപണം ഉന്നയിക്കുന്ന പയ്യന്നൂര്‍ എംഎല്‍എയെ രക്ഷിച്ചെടുക്കാനുളള നേതൃത്വത്തിന്റെ വെപ്രാളമത്രയും കുഞ്ഞികൃഷ്നെ അനുനയിക്കാനുളള നീക്കങ്ങള്‍ക്കു പുറകിലുണ്ട്.

അഴിമതി പറയുന്നതും കുറ്റമാണോ?

പയ്യന്നൂരിലെ പാര്‍ടിക്ക് ഏറെ വൈകാരികമായി അടുപ്പമുള്ള രക്തസാക്ഷിയാണ് കുന്നരുവിലെ ധനരാജ്. പാര്‍ടി പിരിച്ചെടുത്ത കുടുംബ സഹായ ഫണ്ടു കിട്ടാതെ പയ്യന്നൂര്‍ സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണി നേരിട്ടപ്പോഴാണ് വിവരം പുറത്തു വരുന്നത്. രക്തസാക്ഷി ഫണ്ടില്‍ നിന്നും ചിലനേതാക്കള്‍ ലക്ഷങ്ങള്‍ വകമാറ്റിയെന്ന ആരോപണവും ഉയര്‍ന്നു. ഇതോടെയാണ് അണികളില്‍ നിന്നുയര്‍ന്ന വിവാദങ്ങള്‍ക്ക് ചൂടുപിടിച്ചത്. പയ്യന്നൂര്‍ എംഎല്‍എ ഉള്‍പെടെയുള്ള സിപിഎം നേതാക്കള്‍ പാര്‍ടി ഏരിയാകമിറ്റി ഓഫീസ് നിര്‍മാണത്തിലെ ക്രമക്കേട് ആരോപണങ്ങളിലും കുടുങ്ങിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പാര്‍ടിയില്‍ നിന്നും അഴിമതിയുടെ ദുര്‍ഗന്ധം പുറത്തേക്ക് പരക്കാന്‍ തുടങ്ങി. ഇതോടെയാണ് പാര്‍ടി ഏരിയാ സെക്രടറിയായിരുന്ന വി കുഞ്ഞികൃഷ്ണന്‍ വ്യക്തമായ കണക്കുകളുമായി ആരോപണങ്ങള്‍ ഏറ്റെടുത്തു പാര്‍ടിക്കുളളില്‍ ഉന്നയിച്ചു തുടങ്ങിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫണ്ടുപിരിച്ചെടുത്തത് എവിടെയെന്ന ചോദ്യവും ഉയര്‍ന്നു. രസീതി ബുകുകള്‍ കാണാതായതും ഇതിനു പകരമായി വ്യാജരസീതു ബുക് അടിച്ചതും തെളിവുകള്‍ സഹിതം പുറത്തുവന്നപ്പോള്‍ സിപിഎമിനെ കുറിച്ചു ഇതുവരെ കേള്‍ക്കാത്ത അഴിമതി കഥകള്‍ പുറത്തുവരാന്‍ തുടങ്ങി. കുറ്റാരോപിതനായ എംഎല്‍എയ്ക്കെതിരെ നടപടിവേണമെന്ന ആവശ്യം കുഞ്ഞികൃഷ്ണനും അദ്ദേഹത്തെ അനുകൂലിക്കുന്ന പാരമ്പര്യവാദികളും അതിശക്തമായി ഉന്നയിച്ചതോടെ പയ്യന്നൂരിലെ വെടിയും പുകയും കണ്ണൂരിലെ അഴീക്കോട് മന്ദിരത്തില്‍ നടന്ന സിപിഎം ജില്ലാകമിറ്റിയോഗങ്ങളിലും ചൂടേറിയ ചര്‍ചയായി. ഒരവസരത്തില്‍ അന്നത്തെ സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ വരെ വിഷയം പരിഹരിക്കുന്നതിനായി ജില്ലാ കമിറ്റി യോഗത്തിലെത്തി.

പാര്‍ടി നീതിയിലെ ഇരട്ടത്താപ്പ്

കാല്‍നൂറ്റാണ്ടു മുന്‍പുളള സിപിഎമാണെങ്കില്‍ ഇത്തരമൊരു അഴിമതി ആരോപണം തന്നെ അചിന്ത്യമാണ്. സംശയത്തിന്റെ മുള്‍മുന എത്രവലിയ സഖാവിന്റെ നേര്‍ക്കു നീണ്ടാല്‍ പോലും അയാള്‍ പിന്നീട് പാര്‍ടിയിലുണ്ടാവില്ലെന്നാണ് ചരിത്രം. എന്നാല്‍ ആകെ മുങ്ങിയാല്‍ കുളിരില്ലെന്നു പറയുന്നതു പോലെ പയ്യന്നൂര്‍ എംഎല്‍എയെ തൊട്ടാല്‍ മറ്റു പലരെയും തൊടേണ്ടിവരും. രഹസ്യങ്ങളുടെ മാന്ത്രികകൊട്ടാരങ്ങള്‍ ചീട്ടുകൊണ്ടു പടുത്തുയര്‍ത്തിയതു പോലെ പൊളിഞ്ഞുവീഴുമെന്നു അറിയുന്ന സിപിഎം നേതൃത്വം പാര്‍ടി ഫണ്ടു കൈക്കാര്യം ചെയ്യുന്നതില്‍ ടിഐ മധുസൂദനന്‍ ജാഗ്രതകുറവു കാണിച്ചെന്ന മൃദുവിമര്‍ശനം ഉന്നയിക്കുകയും താല്‍ക്കാലികമായി ജില്ലാസെക്രടറിയേറ്റില്‍ നിന്നും ജില്ലാകമിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.

എന്നാല്‍ ആ നിമിഷം തന്നെ ആരോപണമുന്നയിച്ച വി കുഞ്ഞികൃഷ്ണനെ ദുര്‍ബല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഏരിയാ സെക്രടറി സ്ഥാനത്തു നിന്നും നീക്കം ചെയ്യാനും പാര്‍ടി മറന്നില്ല. ചുരുക്കത്തില്‍ പാര്‍ടിയില്‍ പി ശശിക്കെതിരെ ലൈംഗീക ചൂഷണമാരോപണമുന്നയിച്ച സികെപി പത്മനാഭന്റെ അവസ്ഥ തന്നെയായി കുഞ്ഞികൃഷ്ണനും. എന്നാല്‍ സികെപിയെ തരംതാഴ്ത്തിയത് അണികളില്‍ അതൃപ്തിയുണ്ടാക്കിയിരുന്നുവെങ്കിലും ആരും അച്ചടക്കവാള്‍ ഭയന്ന് പാര്‍ടിക്കു പുറത്ത് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ കുഞ്ഞികൃഷ്ണനായി സോഷ്യല്‍മീഡിയയിലും പുറത്തും പ്രവര്‍ത്തകര്‍ ആത്മരോഷം കൊണ്ടപ്പോള്‍ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്ന അവസ്ഥയിലായി സിപിഎം.

എംവി ഗോവിന്ദന്റെ തെറ്റുതിരുത്തല്‍

കോടിയേരി യുഗം സിപിഎമില്‍ അവസാനിക്കുകയും എംവി ഗോവിന്ദന്‍ പകരക്കാരനാവുകയും ചെയ്ത മാറ്റമാണ് കുഞ്ഞികൃഷ്ണനെ വീണ്ടും പാര്‍ടിയിലേക്ക് എത്തിക്കാനുളള സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങള്‍ക്ക് തുടക്കമിട്ടത്. പാര്‍ടിയുമായി അകന്നു നില്‍ക്കുന്നവരെ പരമാവധി അടുപ്പിച്ചു കൂടെ നിര്‍ത്തുകയെന്ന തെറ്റുതിരുത്തല്‍ നയമാണ് എംവി ഗോവിന്ദന്‍ സ്വീകരിച്ചുവരുന്നത്. അദ്ദേഹം തന്നെ പലതവണ വി കുഞ്ഞികൃഷ്ണനെ ഫോണിലൂടെയും അല്ലാതെയും സംസാരിക്കുകയും ഉന്നയിച്ച വിഷയങ്ങളില്‍ പാര്‍ടി നടപടി സ്വീകരിക്കുമെന്ന് പറയുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഒന്നിന് ഏഴുമാസത്തെ ഇടവേളയ്ക്കു ശേഷം കുഞ്ഞികൃഷ്ണന്‍ പയ്യന്നൂര്‍ ഏരിയാ കമിറ്റി യോഗത്തില്‍ പങ്കെടുത്തത്.

എന്നാല്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ആരോപണവിധേയനായ ടിഐ മധുസൂദനന്‍ എംഎല്‍എ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതോടെ സമവായ ചര്‍ച്ചയും അലസിപിരിഞ്ഞു. ആരോപണവിധേയനായ എംഎല്‍എ പങ്കെടുക്കാതെ വിഷയം ചര്‍ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു വി കുഞ്ഞികൃഷ്ണന്‍ യോഗത്തില്‍ മേല്‍കമിറ്റി പ്രതിനിധികളായി പങ്കെടുത്ത ജില്ലാസെക്രടറി എംവി ജയരാജനെയും സംസ്ഥാനകമിറ്റിയംഗം പി ജയരാജനെയും അറിയിച്ചത്. ഇതോടെ അരമണിക്കൂര്‍ മാത്രം ചേര്‍ന്ന യോഗം അവസാനിപ്പിക്കുകയും അഞ്ചിന് എംഎല്‍എയുടെ സാന്നിധ്യത്തില്‍ വീണ്ടും യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

പാര്‍ടി എംഎല്‍എയ്ക്കെതിരെ ഇനിയും അച്ചടക്ക നടപടി സ്വീകരിക്കാന്‍ സിപിഎം നേതൃത്വത്തിന് താല്‍പര്യമില്ലെന്നാണ് സൂചന. എന്നാല്‍ പാര്‍ടി സംസ്ഥാന സെക്രടറി ഫെബ്രുവരി 20ന് തുടങ്ങുന്ന സംസ്ഥാന ജാഥയ്ക്കു മുന്‍പേ വിഷയം അവസാനിപ്പിക്കുകയും വേണം. ഇതാണ് കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുളള തിരക്കു പിടിച്ച നീക്കങ്ങളുടെ പിന്നിലെന്നാണ് സിപിഎം വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

Keywords:  Latest-News, Kerala, Kannur, Top-Headlines, Politics, Political-News, CPM, Crisis, Controversy, CPM facing communist moral crisis.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia