Police Officer | പച്ചക്കറി കടയില്‍നിന്ന് മാങ്ങ മോഷ്ടിച്ച കേസ്; പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടാന്‍ തീരുമാനം; കാരണം കാണിക്കല്‍ നോടിസ് കൈമാറി

 



കോട്ടയം: (www.kvartha.com) കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയില്‍ നിന്ന് മാങ്ങ മോഷ്ടിച്ച കേസില്‍ പ്രതിയായ പൊലീസുകാരനെ പിരിച്ചുവിടാന്‍ തീരുമാനം. ഇടുക്കി എആര്‍ കാംപിലെ സിപിഒ കൂട്ടിക്കല്‍ പുതുപ്പറമ്പില്‍ പി വി ശിഹാബിനെതിരെയാണ് നടപടി. ഇതിന് മുന്നോടിയായി കാരണം കാണിക്കല്‍ നോടിസ് ഇടുക്കി എസ്പി വി യു കുര്യാക്കോസ് പൊലീസുകാരന് കൈമാറി. 

വിഷയത്തില്‍ 15 ദിവസത്തിനുള്ളില്‍ പൊലീസുകാരന്‍ മറുപടി നല്‍കണം. മറുപടി കിട്ടിയശേഷം അന്തിമ നടപടിയുണ്ടാകും. മാങ്ങാ മോഷണത്തിന് പുറമേ ശിഹാബിനെതിരെ ക്രിമിനല്‍ കേസുകളും നിലവിലുണ്ടെന്നും ഇതുകൂടി കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടിയെന്നും മേലുദ്യോഗസ്ഥന്‍ പറഞ്ഞു. മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ പ്രതിയാണ് ശിഹാബെന്നും ഈ കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് ശിഹാബ് മാങ്ങ മോഷണം നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സെപ്റ്റംബര്‍ 30ന് പുലര്‍ചെയാണ് കോട്ടയത്തുനിന്ന് ജോലികഴിഞ്ഞ് മടങ്ങുന്ന വഴി പി വി ശിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് 600 രൂപ വരുന്ന 10 കിലോ മാങ്ങയാണ് ശിഹാബ്  മോഷ്ടിച്ചത്. പിന്നാലെ പൊലീസുകാരന്‍ കടയില്‍ നിന്നും മാങ്ങ മോഷ്ടിച്ച് ബാഗിലിട്ട് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. 

കടയുടമ ദൃശ്യമടക്കം നല്‍കിയ പരാതിയില്‍ പൊലീസുകാരനെതിരെ കേസെടുത്തു. പിന്നാലെ ശിഹാബ് ഒളിവില്‍ പോയതായും തുടര്‍ന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. മാങ്ങമോഷണ കേസ് പൊലീസ് സേനയ്ക്ക് തന്നെ അപമാനമായതോടെ കേസ് ഒത്തു തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി വിവരമുണ്ട്. തുടര്‍ന്ന് കടയുടമ പൊലീസുകാരനെതിരെയുള്ള പരാതി പിന്‍വലിക്കുകയും ചെയ്തു.

Police Officer | പച്ചക്കറി കടയില്‍നിന്ന് മാങ്ങ മോഷ്ടിച്ച കേസ്; പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടാന്‍ തീരുമാനം; കാരണം കാണിക്കല്‍ നോടിസ് കൈമാറി


മാങ്ങ മോഷണ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചതോടെ ഐ പി സി 379 പ്രകാരമുള്ള മോഷണ കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മറ്റ് എന്തെങ്കിലും കുറ്റങ്ങള്‍ ഉണ്ടെങ്കില്‍ പൊലീസിന് അന്വേഷിക്കാമെന്ന് കോടതി അറിയിച്ചു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസിന്റെ സല്‍പേരിനു കളങ്കമായി എന്ന് ആരോപിച്ച് ഇയാളെ പിരിച്ചുവിടാന്‍ എസ്പി ആഭ്യന്തര വകുപ്പിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. നോടിസിന് മറുപടി ലഭിച്ചാലുടന്‍ പിരിച്ചു വിടാനുള്ള നടപടി സ്വീകരിക്കുമെന്ന് ഇടുക്കി എസ്പി പറഞ്ഞു.

Keywords:  News,Kerala,State,Kottayam,Notice,Police,Police men,police-station,Case,theft,Punishment,Suspension,Top-Headlines,Latest-News, Civil police officer PV Shihab who stole mangoes from vegetable shop will be terminated from service
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia