വാഷിങ്ടന്‍: (www.kvartha.com) വഴിതെറ്റി പറന്നതെന്ന് ചൈന അവകാശപ്പെടുന്ന മൂന്നു സ്‌കൂള്‍ ബസുകളുടെ വലുപ്പമുള്ള ബലൂണ്‍ യുഎസ് പോര്‍വിമാനങ്ങള്‍ വെടിവെച്ചിട്ടു. ബലൂണ്‍ അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലെത്തിയപ്പോള്‍ കാരലൈന തീരത്താണ് വെടിവെച്ച് വീഴ്ത്തിയത്. കടലില്‍ വീണ ബലൂണിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് പരിശോധിക്കാനാണ് യുഎസ് പ്രതിരോധവകുപ്പിന്റെ തീരുമാനം.
60,000 അടി ഉയരത്തില്‍ പറക്കുന്ന ബലൂണ്‍ ജനവാസമേഖലയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കെ വെടിവെച്ചു താഴെയിട്ടാല്‍ അവശിഷ്ടങ്ങള്‍ പതിച്ച് അപകടമുണ്ടായേക്കുമെന്നതിനാല്‍ യുഎസ് പ്രതിരോധവകുപ്പ് ബലൂണ്‍ പറക്കാന്‍ അനുവദിക്കുകയായിരുന്നു.
വെടിവെച്ചു വീഴ്ത്താന്‍ യുഎസ് പ്രസിഡന്റ് ബൈഡന്‍ അനുമതി നല്‍കിയതിന് പിന്നാലെ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ 100 ചതുരശ്രകിലോമീറ്റര്‍ പരിധിയിലുള്ള വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസ് റദ്ദാക്കിയിരുന്നു.
അതേ സമയം, യുഎസ് വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ ബലൂണിനെപ്പറ്റി ബൈഡന് അറിവുണ്ടായിരുന്നെന്നും അക്കാര്യം അദ്ദേഹം ജനങ്ങളില്‍ നിന്ന് മറച്ചുവച്ചെന്നും ആരോപണമുയര്‍ന്നു. യുഎസ് സ്റ്റേറ്റ് സെക്രടറി ആന്റണി ബ്ലിങ്കന്‍ സുപ്രധാന ഔദ്യോഗിക സന്ദര്‍ശനത്തിനായി ബെയ്ജിങ്ങിലേക്ക് പുറപ്പെടാനിരിക്കെയാണ് അതിര്‍ത്തിയില്‍ ബലൂണ്‍ കണ്ടെത്തിയത്. ബലൂണ്‍ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ വെള്ളിയാഴ്ചത്തെ യാത്ര റദ്ദാക്കുകയായിരുന്നു.
ഇതിനിടെ, യുഎസില്‍ പറക്കുന്നതിന് സമാനമായ മറ്റൊരു ബലൂണ്‍ അയല്‍ ഭൂഖണ്ഡമായ തെക്കേ അമേരികയിലും കണ്ടെത്തി. കോസ്റ്ററികയിലും വെനസ്വേലയിലും ബലൂണ്‍ കണ്ടതായി റിപോര്‍ടുകളുണ്ട്. യുഎസിലേക്ക് പറന്നെത്തുന്ന തരത്തിലല്ല ഈ ബലൂണിന്റെ നിലവിലെ സഞ്ചാരപാതയെന്ന് 'സിഎന്‍എന്‍' റിപോര്‍ട് ചെയ്തു.
Keywords: News,World,international,America,China,President,Border,Top-Headlines,Latest-News,Trending,Shot, China balloon: US shoots down airship over Atlantic