കാസര്‍കോട്: (www.kvartha.com) ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പരസ്പര പൂരകങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയത ഏതായാലും എതിര്‍ക്കുന്ന സമീപനമാണ് തങ്ങള്‍ സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമിയും ആര്‍ എസ് എസും തമ്മില്‍ എന്ത് കാര്യമാണ് അവര്‍ക്ക് തമ്മില്‍ സംസാരിക്കാനുള്ളതെന്നും ഭൂരിപക്ഷ -ന്യൂനപക്ഷ വ്യത്യാസമില്ലാതെ ഈ ചോദ്യം ഉയരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ നയിക്കുന്ന സിപിഎം ജനകീയ പ്രതിരോധ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എന്ത് കാര്യങ്ങളാണ് അവര്‍ക്ക് സംസാരിക്കാനുള്ളത് എന്നാണ് ജനം ചോദിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടമല്ല എന്ന് കണ്ടാല്‍ കൊന്നു തള്ളുന്നതിന് മടിയില്ലെന്ന് എത്രയോ സംഭവങ്ങളിലൂടെ സംഘപരിവാര്‍ തെളിയിച്ചിരിക്കുന്നു. രണ്ട് പേരെ ചുട്ടുകൊന്നത് ഈയടുത്താണ്. അവര്‍ മുസ്ലിങ്ങളായത് കൊണ്ട് മാത്രമാണ് ചുട്ടുകൊലപ്പെടുത്തിയത്. ജമാഅത്തെ ഇസ്ലാമി - ആര്‍ എസ് എസ് ചര്‍ച ആര്‍ക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയല്ല ജമാഅത്ത് ചര്‍ച എന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷം ഈ ചര്‍ചയെ അംഗീകരിക്കില്ല. അത് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. കോണ്‍ഗ്രസ്, വെല്‍ഫയര്‍ പാര്‍ടി , മുസ്ലിം ലീഗ് ത്രയമാണ് ഈ നീക്കത്തിന് പിന്നിലെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗ് ഈ ചര്‍ചയില്‍ വല്ല പങ്ക് വഹിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ദുരൂഹമാണ് കാര്യങ്ങള്‍. സര്‍കാരും പാര്‍ടിയും വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനകീയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കേന്ദ്രം വര്‍ഗീയത ആളിക്കത്തിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളത്തെ സഹായിക്കുന്ന നിലപാടല്ല കേന്ദ്രത്തിനുള്ളത്. കേന്ദ്രം കാണിക്കുന്ന അവഗണനയ്‌ക്കെതിരെ അര അക്ഷരം പ്രതിപക്ഷം സംസാരിക്കുന്നില്ല. കേരളത്തിലെ പ്രതിപക്ഷം അവകാശപ്പെടുന്നത് മതനിരപേക്ഷമെന്നാണ്. എന്തുകൊണ്ട് കേന്ദ സര്‍കാര്‍ നിലപാടുകളെക്കുറിച്ച് ഇവര്‍ പ്രതികരിക്കുന്നില്ല എന്നും മുഖ്യമന്ത്രി ചോദിച്ചു.
സംസ്ഥാന ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പിന്നോക്ക വിഭാഗത്തിന് 16 കോടി അനുവദിച്ചു. മുന്നോക്ക വിഭാഗത്തിന് 40 കോടി എന്ന തരത്തില്‍ പ്രചാരണമുണ്ടായി. എന്നാല്‍ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 2800 കോടിയിലേറെ വകയിരുത്തി. ഇത് കാണാതെയാണ് പ്രചാരണം. ആകെ പിന്നോക്ക ക്ഷേമത്തിന് 3920 കോടി ചിലവഴിച്ചു. ഇത് മറച്ചുവയ്ക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബി ജെ പി യുടെ വാദം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്രം പൂട്ടിയ പൊതുമേഖല സ്ഥാപനങ്ങള്‍ കേരളം ഏറ്റെടുത്ത് തുറന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മികവാര്‍ന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന പി എസ് സി ക്ക് എതിരെ ഹീനമായ പ്രചാരണം നടക്കുന്നു. കേരളത്തിന് പ്രതിപക്ഷം സര്‍വത്ര ദൂഷ്യം ചാര്‍ത്തുന്നു. കേരളം രാജ്യത്തേക്കാള്‍ സാമ്പത്തിക വളര്‍ച നേടി. പക്ഷെ കേരളം കടക്കെണിയില്‍ എന്ന് പറയുന്നു. കേരളം വ്യവസായ സൗഹൃദം അല്ല എന്ന കൊണ്ടു പിടിച്ച പ്രചാരണം നടക്കുന്നു. എന്നാല്‍ സംസ്ഥാനത്തെ വലിയ വ്യവസായികള്‍ക്ക് ഈ അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംരഭക വര്‍ഷത്തില്‍ ഒരു ലക്ഷം സംരഭം വരണം എന്ന പദ്ധതി നടപ്പാക്കി. 1.30 ലക്ഷം സംരംഭങ്ങളില്‍ ഈ പദ്ധതി എത്തി എന്നതാണ് വസ്തുത. പക്ഷെ ഇത് കള്ളക്കണക്കാണെന്ന പ്രചാരണം നടത്തുന്നു. വലതു പക്ഷ മാധ്യമങ്ങള്‍ തെറ്റായ പ്രചാരണം നടത്തുകയാണ്. കേരളത്തിലെ വ്യവസായ വളര്‍ച 17.3 ശതമാനമാണ്. ഇത് വലിയ വളര്‍ചയാണ്. പക്ഷേ തെറ്റായ പ്രചാരണം ഇതിനെതിരെ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് തെറ്റെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവാഹ മോചനം മുസ്ലിം നടത്തിയാല്‍ ജയിലില്‍ അടക്കണം എന്ന കേന്ദ്രനയം തെറ്റാണ്. മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുകയാണ് സര്‍കാര്‍. ഈ പൗരത്വ നിയമം നടപ്പാക്കില്ല എന്നതാണ് കേരളത്തിന്റെ നയം. ഇനി ഭാവിയിലും ഈ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകില്ല.
ഇന്നത്തെ കാലത്ത് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ് വര്‍ഗീയത. വര്‍ഗീയതയുടെ ആപത്ത് വളര്‍ന്നുവരുന്നുണ്ട്. അതിനെ സമൂഹമാകെ കാണേണ്ടതുണ്ട്. വര്‍ഗീയതയ്‌ക്കെതിരെ ഉറച്ച നിലപാടെടുത്ത് സിപിഎമും ഇടതുപക്ഷവും പോരാടുന്നു. സമൂഹമാകെ ഈ പോരാട്ടത്തിലേക്ക് ഉയരേണ്ടതായിട്ടുണ്ട്. ആ സന്ദേശം ജനങ്ങളിലെത്തിക്കാനാണ് ഈ ജാഥയുടെ ഉദ്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍കാര്‍ തുടരുന്ന നയങ്ങള്‍ വിവിധ തലങ്ങളില്‍ രാജ്യത്തിനും ജനത്തിനും സംസ്ഥാനത്തിനും ഫെഡറല്‍ തത്വങ്ങള്‍ക്കും മതനിരപേക്ഷതയ്ക്കും ഭരണഘടനയ്ക്കും പാര്‍ലമെന്ററി ജനാധിപത്യത്തിനും എതിരാണ്. ഇന്‍ഡ്യയെ മതരാഷ്ട്രമാക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
Keywords: Chief Minister Pinarayi Vijayan about communalism, Kasaragod, Rally, Chief Minister, Pinarayi-Vijayan, Inauguration, Kerala.