കൊച്ചി: (www.kvartha.com) ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഹൈകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ പൊലീസ് എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തത്.
സൈബിക്കെതിരെ പൊലീസ് അഴിമതി നിരോധന നിയമവും വഞ്ചനാക്കുറ്റവും ചുമത്തി. കേസില്‍ പരാതിക്കാരനായി രേഖപ്പെടുത്തിയിരിക്കുന്നത് കൊച്ചി കമിഷണറെയാണ്. ഡിജിപി നിര്‍ദേശിക്കുന്നത് അനുസരിച്ച് കേസന്വേഷണത്തിനു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
സൈബിക്കെതിരെ എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്യുന്നതില്‍ അപാകതയില്ലെന്ന നിയമോപദേശം കഴിഞ്ഞ ദിവസമാണ് പൊലീസിന് ഡയറക്ടര്‍ ജെനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയത്. അഡ്വകറ്റ് ജെനറലിന്റെ നിര്‍ദേശപ്രകാരമായിരുന്നു നിയമോപദേശം നല്‍കിയത്. തുടര്‍ന്നാണ് കേസെടുത്തത്.
അതേസമയം, ചില വ്യക്തികളാണ് ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് സൈബി ജോസ് കിടങ്ങൂര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നും അഭിഭാഷക അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതു മുതലാണ് തനിക്കെതിരെയുള്ള ആരോപണം തുടങ്ങിയതെന്നും സൈബി ജോസ് പറഞ്ഞു. കേസില്‍ പരാതിക്കാരോ എതിര്‍കക്ഷിയോ ഇല്ല. ഗൂഢാലോചനക്കാരുടെ മൊഴി മാത്രമാണ് ഉള്ളതെന്നും സത്യം ജയിക്കുമെന്നും സൈബി ജോസ് കിടങ്ങൂര്‍ പറഞ്ഞു.
Keywords: Case filed against Saiby Jose Kitangur and charged with cheating, Kochi, News, Allegation, Police, Judge, Trending, Kerala.