പട്‌ന: (www.kvartha.com) പ്രസവക്കിടക്കയില്‍ നിന്നും നേരെ പരീക്ഷാഹാളിലേക്ക്. 10-ാം ക്ലാസ് പരീക്ഷ എഴുതാനാണ് പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പെണ്‍കുട്ടി സ്‌കൂളിലെത്തിയത്.
ബിഹാറിലെ ബങ്ക ജില്ലയിലെ ഒരു സര്‍കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ രുക്മിണി കുമാരി ആണ് എല്ലാ പെണ്‍കുട്ടികള്‍ക്കും മാതൃകയായത്. സയന്‍സ് പരീക്ഷാ ദിവസമാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ പ്രസവിച്ചിരിക്കുകയാണെന്ന വിചാരമൊന്നുമില്ലാതെ മണിക്കൂറുകള്‍ക്ക് ശേഷം വിദ്യാര്‍ഥിനി പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ മുന്നോട്ടുവരികയായിരുന്നു.
കുഞ്ഞിന് ജന്മം നല്‍കി മൂന്ന് മണിക്കൂറിന് ശേഷമാണ് വിദ്യാര്‍ഥിനി പരീക്ഷയെഴുതാന്‍ ആംബുലന്‍സില്‍ സ്‌കൂളിലെത്തിയത്. ജന്മം നല്‍കിയ കുഞ്ഞിന് മികച്ച മാതൃക നല്‍കാനാണ് താന്‍ പരീക്ഷ എഴുതിയതെന്ന് 22 കാരിയായ രുക്മിണി കുമാരി പിന്നീട് പ്രതികരിച്ചു. പ്രസവശേഷം പരീക്ഷയെഴുതാതെ വിശ്രമിക്കാന്‍ ഡോക്ടര്‍മാരും, ബന്ധുക്കളും അടക്കം പറഞ്ഞെങ്കിലും രുക്മിണി കുമാരി ഇതിന് തയാറായില്ല.
പകരം പരീക്ഷ എഴുതാന്‍ നിര്‍ബന്ധം പിടിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ആംബുലന്‍സ് ഏര്‍പ്പാട് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചത്. സഹായത്തിനായി ആരോഗ്യ പ്രവര്‍ത്തകരെയും ഏര്‍പ്പാടാക്കിയിരുന്നു.
പരീക്ഷ നന്നായി എഴുതിയെന്നും, മികച്ച സ്‌കോര്‍ ലഭിക്കുമെന്നും രുക്മിണി കുമാരി മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച കണക്ക് പരീക്ഷ എഴുതിയപ്പോഴാണ് ഗര്‍ഭിണിയായ രുക്മിണിക്ക് അസ്വസ്ഥതകള്‍ തോന്നിയത്.
തുടര്‍ന്ന് പരീക്ഷയ്ക്ക് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് രുക്മിണി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രുക്മിണി എല്ലാവര്‍ക്കും പ്രചോദനമാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പവന്‍ കുമാര്‍ പറഞ്ഞു.
Keywords: Bihar woman appears for Class 10th exam in Ambulance hours after child birth, Patna, News, Bihar, Pregnant Woman, Examination, Ambulance, Child, School, National.