മുംബൈ: (www.kvartha.com) മഹാരാഷ്ട്രയിലെ ശിവസേന കലാപത്തിനും മഹാ വികാസ് അഘാഡി (MVA) സർക്കാരിന്റെ പതനത്തിനും ശേഷം നടന്ന ആദ്യ ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപി - ഏകനാഥ് ഷിൻഡെ സഖ്യത്തിന് തിരിച്ചടി. അഞ്ച് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്നെണ്ണം പ്രതിപക്ഷമായ മഹാ വികാസ് അഘാഡി നേടി. ഒരിടത്ത് സ്വതന്ത്രൻ വിജയിച്ചപ്പോൾ ബിജെപിക്ക് വിജയിക്കാനായത് ഒരു സീറ്റിൽ മാത്രം.
ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട കോട്ടകളിലൊന്നിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടു. നാഗ്പൂരിലെ ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ മഹാ വികാസ് അഘാഡി സഖ്യത്തിന്റെ സ്ഥാനാർഥി വിജയിച്ചു. ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്നതും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയ പ്രമുഖ നേതാക്കളുടെ തട്ടകവുമായ മണ്ഡലത്തിലാണ് പരാജയം എന്നത് ബിജെപിക്ക് വലിയ തിരിച്ചടിയായി.
തെരഞ്ഞെടുപ്പിൽ എംവിഎയുടെ സുധാകർ അദ്ബലെ നാഗ്പൂർ അധ്യാപക സീറ്റിൽ വിജയിച്ചു. ബിജെപി പിന്തുണയുള്ള നാഗോ ഗനാറിനെയാണ് പരാജയപ്പെടുത്തിയത്. ബിജെപിയും ഏക്‌നാഥ് ഷിൻഡെയും ഉൾപെടുന്ന ശിവസേന വിഭാഗവും ഉദ്ധവ് താക്കറെയുടെ ശിവസേനയും കോൺഗ്രസും എൻസിപിയും ചേർന്ന എംവിഎയും തമ്മിലായിരുന്നു പ്രധാന മത്സരം.
വിജയികൾ: നാഗ്പൂർ അധ്യാപക സീറ്റ് - സുധാകർ അദ്ബലെ (എംവിഎ), ഔറംഗബാദ് അധ്യാപക സീറ്റ് - വിക്രം കാലെ (എംവിഎ), കൊങ്കൺ അധ്യാപക സീറ്റ് - ജ്ഞാനേശ്വർ ഹത്രെ (ബിജെപി), നാസിക് ബിരുദ സീറ്റ് - സത്യജിത് താംബെ (സ്വതന്ത്രൻ), അമരാവതി ബിരുദ സീറ്റ് - ധീരജ് ലിംഗഡെ (എംവിഎ).
Keywords: News,National,India,Mumbai,BJP,RSS,Top-Headlines,Latest-News,Trending,Election, Big Blow To BJP On Nitin Gadkari, Devendra Fadnavis's Home Turf