തലശേരി: (www.kvartha.com) ചൊക്ലി- മങ്ങാട് ബൈപാസ് പ്രവൃത്തിക്കിടെ വൈദ്യുതി തൂണുകള്‍ മറിഞ്ഞുവീണ് ഗുരുതരമായി പരുക്കേറ്റ് തൊഴിലാളി മരിച്ച സംഭവത്തില്‍ ചൊക്ലി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അസം സ്വദേശി ദിലീപ് റായ് (36) ആണ് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.
ഇക്കഴിഞ്ഞ 14ന് ചൊവ്വാഴ്ച പകല്‍ 12.30 ഓടെയാണ് തലശേരി - മാഹി ബൈപാസ് പ്രവൃത്തിയുടെ ഭാഗമായി മങ്ങാട് -ബൈപാസ് സര്‍വീസ് റോഡിനടുത്ത് വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കുന്നതിനിടെ അപകടമുണ്ടായത്. പ്രവൃത്തി നടക്കുമ്പോള്‍ തൂണുകള്‍ക്ക് മുകളിലുണ്ടായിരുന്ന മൂന്ന് പേരാണ് അപകടത്തില്‍പെട്ടത്. വീഴ്ചയില്‍ തൂണിന്റെ അടിയില്‍പെട്ടതിനാലാണ് ദിലീപിന് ഗുരുതരമായി പരുക്കേറ്റത്.
അസം സ്വദേശി രാജു (30), എടക്കാട് കടമ്പൂര്‍ സ്വദേശി രാജേഷ് (48) എന്നിവരാണ് പരുക്കേറ്റ മറ്റു രണ്ടുപേര്‍. തലയ്ക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റ ദിലീപിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പിന്നിട് കണ്ണൂരില്‍ ആസ്റ്റര്‍ മിംസിലും അവിടെ നിന്ന് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.
ബൈപാസ് പ്രവൃത്തി നടത്തുന്ന ഇ കെ കെ ഗ്രൂപ് കരാര്‍ കംപനി വൈദ്യുതി ലൈനിന്റെ പ്രവൃത്തി നടത്തുന്നതിനായി മറ്റൊരു കംപനിക്ക് സബ് കോണ്‍ട്രാക്ട് നല്‍കിയതായിരുന്നു. അപകടരമായ പ്രവൃത്തി നടക്കുന്നയിടത്ത് വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഇ കെ കെ കംപനിയോ, സബ് ഏറ്റെടുത്ത കംപനിയോ ഏര്‍പെടുത്തിയിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പെടുത്താതെയുണ്ടായ അപകടത്തിന് അസ്വഭാവിക മരണത്തിന് മാത്രം കേസെടുത്തുവെന്നും നാട്ടുകാരില്‍ ആക്ഷേപമുണ്ട്.
ഉത്തരവാദികള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണമെന്നാണ് പൊതുപ്രവര്‍ത്തകരും പ്രദേശവാസികളും ആവശ്യപ്പെടുന്നത്. അസം ധുബ്രി ജില്ലയിലെ ഗോലഗെഞ്ച് സ്വദേശിയാണ് മരിച്ച ദിലീപ് റായ്. പിതാവ് ബീരേന്ദ്രനാഥ് റായ്.
Keywords: News,Kerala,State,Thalassery,Accident,Road,Case,Local-News,Police,Allegation, Assam native died when an electricity pole fell down during the construction work of national highway