ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യയിൽ 550 ദശലക്ഷത്തിലധികം വാട്സ്ആപ് ഉപയോക്താക്കൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ 95 ശതമാനവും വ്യാജ കോളുകളും സ്പാം കോളുകളും കൊണ്ട് ബുദ്ധിമുട്ടുന്നവരാണെന്ന് സർവേ റിപ്പോർട്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി സ്പാം കോളുകളും സ്പാം സന്ദേശമയയ്ക്കലും ഗണ്യമായി വർധിച്ചതായി ലോക്കൽ സർക്കിളിന്റെ സർവേയിൽ 76 ശതമാനം പേരും സമ്മതിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി ഒന്ന് മുതൽ 20 വരെയാണ് സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്ത വാട്ട്‌സ്ആപ്പ് ഉപയോക്താക്കളിൽ 95% പേരും ദിവസവും ഒരിക്കലെങ്കിലും സ്‌പാം കോളുകളും സന്ദേശങ്ങളും ലഭിച്ചതായി പറഞ്ഞു, അതേസമയം 41% പേർ പ്രതിദിനം നാലോ അതിലധികമോ സ്‌പാം കോളുകൾ ലഭിച്ചതായി വ്യക്തമാക്കി.
വാട്ട്‌സ്ആപ്പിന്റെ ബിസിനസ് അക്കൗണ്ടിൽ നിന്നാണ് ഇത്തരം കോളുകളും സന്ദേശങ്ങളും വരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സന്ദേശങ്ങൾ താൽക്കാലികമായി നിർത്താനുള്ള സംവിധാനങ്ങൾ വാട്ട്‌സ്ആപ്പിൽ ഉണ്ടെന്ന് റിപ്പോർട്ടിനോട് പ്രതികരിച്ച മെറ്റാ വക്താവ് പറഞ്ഞു. ഒരു ബിസിനസ് അക്കൗണ്ടിന് തുടർച്ചയായി നെഗറ്റീവ് ഫീഡ്‌ബാക്ക് ലഭിക്കുകയാണെങ്കിൽ, ആ അക്കൗണ്ടിലേക്കുള്ള ബിസിനസ് ആക്‌സസ് നീക്കം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവേയിൽ രാജ്യത്തെ 351 നഗരങ്ങളിൽ നിന്നായി 51,000 പ്രതികരണങ്ങൾ ലഭിച്ചു.
92% പേരും ഡിഎൻഡി (DND) ഓണാക്കിയതിന് ശേഷവും അനാവശ്യ കോളുകൾ മൂലം ബുദ്ധിമുട്ടുന്നതായി സർവേ പറയുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ലോക്കൽ സർക്കിൾ ടെലിമാർക്കറ്റിംഗിനെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു, അതിൽ 92 ശതമാനം മൊബൈൽ ഉപയോക്താക്കളും ടെലിമാർക്കറ്റിംഗ് കോളുകൾ മൂലം ദിവസവും ബുദ്ധിമുട്ടുന്നുണ്ടെന്ന് പറഞ്ഞിരുന്നു. റിപ്പോർട്ട് അനുസരിച്ച്, സർവേയിൽ പങ്കെടുത്ത 78 ശതമാനം പേരും സാമ്പത്തിക സേവനങ്ങളിൽ നിന്നും റിയൽ എസ്റ്റേറ്റ് ആളുകളിൽ നിന്നും തങ്ങൾക്ക് കോളുകൾ ലഭിക്കുന്നുണ്ടെന്ന് പറഞ്ഞു. 66 ശതമാനം പേർ ദിവസവും കുറഞ്ഞത് മൂന്ന് ടെലിമാർക്കറ്റിംഗ് കോളുകളെങ്കിലും ലഭിക്കുന്നുണ്ടെന്ന് അറിയിച്ചു.
Keywords: News,National,India,New Delhi,Survey,Report,Whatsapp,Technology,Top-Headlines,Social-Media, Around 95 Percent WhatsApp Users in India Receive Pesky Calls, SMS: Survey